കപ്പില്‍ നോട്ടമിട്ട് ഗോവയും
രണ്ടുതവണ ചുണ്ടിനും ഭാഗ്യത്തിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനൊരുങ്ങി എഫ്.സി ഗോവ. അവസാന സീസണില്‍ ബംഗളൂരു എഫ്.സിയോട് പരാജയപ്പെട്ടായിരുന്നു ഗോവക്ക് കിരീടം നഷ്ടമായത്. 2015 ല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയോട് പരാജയപ്പെട്ടും അവര്‍ക്ക് കിരീടം നഷ്ടമായി. കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച ടീമായിരുന്നു ഗോവയിലുണ്ടായിരുന്നത്. ഗോവയില്‍ ടീമിന് ലഭിക്കുന്ന ശക്തമായ പിന്തുണയും ഗോവയുടെ വളര്‍ച്ചക്ക് പിന്നിലുണ്ട്. ഏറ്റവും മികച്ച താരങ്ങളുണ്ടെന്നതാണ് ഗോവയുടെ പ്രത്യേകത. കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററായ ഫെറാന്‍ കൊറോമിന്‍സ് തന്നെയാണ് ഇത്തവണയും ഗോവയുടെ നെടുംതൂണ്‍. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചുകൂട്ടിയെങ്കിലും ഫൈനലില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കൊറോമിന്‍സിന് കഴിഞ്ഞില്ല. ടോപ് സ്‌കോറര്‍ക്കുള്ള ബഹുമതി എനിക്ക് വേണ്ടി, എനിക്ക് ഐ.എസ്.എല്‍ കിരീടം മതി. ഇതായിരുന്നു മത്സരത്തിന് മുന്‍പ് കൊറോമിന്‍സ് പറഞ്ഞത്. ഈ വാക്കില്‍നിന്ന് മനസിലാക്കാം കൊറോമിന്‍സും സംഘവും എത്രമാത്രം കിരീടം മോഹിച്ചിരുന്നുവെന്ന്. യുവ പരിശീലകന്‍ ലോബേറയുടെ തന്ത്രങ്ങള്‍ കൂടി ചേര്‍ന്നാല്‍ പുതിയ സീസണില്‍ ഗോവക്ക് കുതിക്കാനാകും. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ കോംപിനേഷനും കോഓഡിനേഷനും ഉള്ള ടീമാണ് ഗോവ. മത്സരത്തിന്റെ ഫലം എന്തായിരുന്നാലും കളിയുടെ കാര്യത്തില്‍ 100 മാര്‍ക്കും ഗോവക്ക് നല്‍കാനാകും. ഫൈനല്‍ തേഡില്‍ ശക്തിയുണ്ടെങ്കിലും ബാക്ക് നിരയില്‍ ചെറിയ തലവേദന ഗോവക്കുണ്ട്. എയ്ബന്‍ ഡോളിങ്, അമെയ് റാന്‍വാദെ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, കാര്‍ലോസ് പെന എന്നിവരാണ് ഗോവന്‍ പ്രതിരോധം കാക്കുന്നത്. ഇത്തവണ പ്രതിരോധ നിര കരുത്ത് തെളിയിച്ചാല്‍ ഗോവക്ക് ഗോള്‍ വഴങ്ങുന്നത് ഒഴിവാക്കാനാകും. അവസാന സീസണില്‍ 28 ഗോളുകളാണ് ഗോവ വഴങ്ങിയത്. തൊട്ടുമുന്‍പുള്ള സീസണില്‍ ഇത് 48 ഗോളായിരുന്നു. അതിനാല്‍ പ്രതിരോധത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയാണ് ഗോവ ഇറങ്ങുന്നത്.
മധ്യനിരയിലും മുന്നേറ്റനിരയിലും കളിക്കുന്ന വിദേശ താരങ്ങളും ഗോവക്ക് മുതല്‍കൂട്ടാണ്. ഹ്യൂഗോ ബോമസ്, എഡു ബഡിയ എന്നിവരാണ് കൊറോമിന്‍സിന് പിന്തുണയുമായി മധ്യനിരയില്‍ കളിക്കുന്നത്. ഗോള്‍ കീപ്പര്‍ കട്ടിമണി ടീം വിട്ടതിന് ശേഷം നവീന്‍ കുമാര്‍, മുഹമ്മദ് നവാസ് എന്നിവരാണ് ഗോള്‍ വലക്ക് മുന്നിലെത്തിയിട്ടുള്ളത്.
സ്പാനിഷ് ബന്ധം കരുത്ത്
പരിശീലകന്‍ ലോബേറയും സ്‌പെയിന്‍ കളിക്കാരും ഗോവക്ക് കരുത്താണ്. യൂറോപ്യന്‍ രീതിയിലുള്ള വേഗ ഫുട്‌ബോളായിരുന്നു ഗോവ പുറത്തെടുത്തിരുന്നത്. 1997 മുതല്‍ പരിശീലന രംഗത്തുള്ള ലോബേറ 2016 വരെയും സ്‌പെയിനിലായിരുന്നു പരിശീലിപ്പിച്ചിരുന്നത്. ബാഴ്‌സലോണ യൂത്ത് ടീമിനെയും ബാഴ്‌സയുടെ തന്നെ സി ടീമിനെയും ലോബേറയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. 2012-14 ല്‍ ലാല്‍ പാല്‍മാസിനെയും ലോബേറ പരിശീലിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."