കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം: ശശീന്ദ്രന്‍ എം.എല്‍.എക്കെതിരേ വയനാട് വികസനസമിതി
കല്‍പ്പറ്റ: വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമിപ്രശ്‌നത്തില്‍ നിയമസഭാ പെറ്റീഷന്‍കമ്മിറ്റി അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് വയനാട് വികസനസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി അംഗമായിട്ടും കല്‍പ്പറ്റ എം.എല്‍.എയായ സി.കെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെടാന്‍ തയാറായിട്ടില്ല. സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ അഭിഭാഷകനും, ഹരിതസേന ചെയര്‍മാനുമായ അഡ്വ. വി.ടി പ്രദീപ്കുമാര്‍ പെറ്റീഷന്‍സ് കമ്മിറ്റി മുമ്പാകെ നല്‍കിയ പരാതി ഈ മാസം 14ന് സമിതിയുടെ പരിഗണനക്ക് വന്നിട്ടുണ്ട്. രണ്ടുവര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ കാലാവധി പൂര്‍ത്തിയാവാറായിട്ടും അദ്ദേഹം ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യമെടുക്കാന്‍ തയ്യാറായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെയും കൂടി വിളിച്ചുവരുത്തി കല്‍പ്പറ്റയില്‍ വെച്ച് തെളിവെടുപ്പ് നടത്തി ജോര്‍ജ്ജിന്റെ ഭൂമി തിരികെ നല്‍കാനുള്ള നടപടിയുണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ വിഷയവുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നു.
അതിനെ സാധൂകരിക്കുന്നതാണ് പെറ്റീഷന്‍സ് കമ്മിറ്റിയുടെ ഇടപെടലുകളുണ്ടാവാന്‍ അദ്ദേഹം ഇടപെടാത്തത്. നിയമസഭാ സെക്രട്ടറിക്ക് ജെയിംസ് നേരിട്ട് പരാതി നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇത് വിജയിക്കില്ലെന്ന് കണ്ടതോടെ കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയെ കൊണ്ട് ഇപ്പോള്‍ നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും എം.എല്‍.എ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും, ജില്ലയിലെത്തിയ മുഖ്യമന്ത്രിയോട് ജെയിംസിനെയും കൂട്ടി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയാറായില്ലെന്നും വയനാട് വികസനസമിതി ജനറല്‍ സെക്രട്ടറി പി.പി ഷൈജല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാകമ്മിറ്റിയംഗം അനസ് തെന്നാനിയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."