മാതാവിനെ മകന് കുഴിച്ചുമൂടിയത് ജീവനോടെ
കൊല്ലം: മകന് അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്ത് വന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. ചെമ്മാന്‍മുക്ക് നീതിനഗര്‍ 68 പ്ലാമൂട്ടില്‍ കിഴക്കതില്‍ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി (84) യെ മകന് സുനില്‍(50) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇവ പുറത്തുവന്നത്.
സുനിലിന്റെ ക്രൂര മര്‍ദനത്തില്‍ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. നിലത്തിട്ടു ചവിട്ടിയപ്പോഴാണു വാരിയെല്ലുകള്‍ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. ഇത് തല പിടിച്ചു ഭിത്തിയിലിടിച്ചപ്പോഴുണ്ടായതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശ്വാസംമുട്ടിയാണ് സാവിത്രി മരിച്ചത്. ഒന്നുകില്‍ പ്രതി കഴുത്തു ഞെരിച്ചു കൊന്നതാകാം അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതി മകന് കുഴിയിലിട്ടു മൂടിയതുമാകാമെന്നാണ് പൊലിസ് പറയുന്നത്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഇന്നലെ വൈകിട്ടോടെ പ്രതിയെ പൊലിസ് സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതിനിടെ കൃത്യത്തിന് സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ അന്വേഷണ സംഘം തിരുനെല്‍വേലിയില്‍ നിന്ന് പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."