റോഡ് ചെളിക്കുളം: വാഴയും തെങ്ങിന്‍തൈയും നട്ടു പ്രതിഷേധം
ചെര്‍ക്കള: മഴ ശക്തമായതോടെ ചെളിക്കുളമായി മാറിയ റോഡില്‍ വാഴയും തെങ്ങിന്‍തൈയും നട്ടു പ്രതിഷേധം. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന ചെര്‍ക്കള-കല്ലഡുക്ക റോഡിലെ എടനീരില്‍ രൂപപ്പെട്ട കുഴികളിലാണു നാട്ടുകാര്‍ ഇന്നലെ വാഴയും തെങ്ങിന്‍ തൈയും നട്ടു പ്രതിഷേധിച്ചത്. ഈ റോഡിലെ ചൂരിമൂല, എടനീര്‍, ബീജന്തടുക്ക, കാടമനെ, പള്ളത്തടുക്ക, ഉക്കിനഡുക്ക ഭാഗങ്ങളില്‍ റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടി നില്‍ക്കുകയാണ്.
മഴയ്ക്കു മുമ്പ് നാട്ടുകാര്‍ മണ്ണിട്ടു കുഴി നികത്തിയ ഭാഗം ചെളിക്കുളമായി കാല്‍നട യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കര്‍ണാടക ഭാഗത്തേക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നിരവധി ബസുകളും ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് ഈ ദുരിതാവസ്ഥയില്‍ നില്‍ക്കുന്നത്.
2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഈ റോഡിന്റെ മെക്കാഡം ടാറിങിനായി 30 കോടി രൂപയാണു നീക്കി വച്ചത്. എന്നാല്‍ ഉക്കിനടുക്ക മുതല്‍ 10 കിലോമീറ്റര്‍ ദൂരം അട്ക്കസ്ഥല വരെ ഇന്‍വെസ്റ്റിഗേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുമരാമത്തിനു കത്തു നല്‍കിയെങ്കിലും ബാക്കിയുള്ള 19 കിലോമീറ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടി പോലും ഇതുവരെ നടന്നില്ല. റോഡിന്റെ ദുരിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളും സന്നദ്ധ സംഘടനകളും പ്രക്ഷോഭപരിപാടികള്‍ നടത്തിയിരുന്നു.
സെക്രട്ടറിയേറ്റിനു മുന്നില്‍ കരച്ചില്‍ സമരം ഉള്‍പ്പടെ നടത്തിയിട്ടു പോലും റോഡിന്റെ ദുരിതാവസ്ഥയ്ക്കു പരിഹാരമായില്ല. ദേശീയ പാതയാക്കി ഉയര്‍ത്തിയ ഈ റോഡിന്റെ പണി എന്ന് തീരുമെന്ന ആശങ്കയിലാണ് ജനം.
അതേസമയം അറ്റകുറ്റപ്പണിക്കായി ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറാവുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."