ജോളിയെ രാത്രി വൈകിയും ചോദ്യംചെയ്തു; പൊന്നാമറ്റം വീട്ടില്‍ നിന്നും സയനൈഡ് കണ്ടെടുത്തു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയെ ഇന്നലെ രാത്രി വൈകിയും ചോദ്യംചെയ്തു. ഇന്നലെ പകല്‍നടന്ന ചോദ്യംചെയ്യലില്‍ ജോളിനടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാത്രി വീണ്ടും ചോദ്യംചെയ്തതത്. പിന്നാലെ പൊന്നമറ്റത്തെ വീട്ടില്‍തെളിവ് ശേഖരിക്കാന്‍ എത്തിയ വിദഗ്ധസംഘം പരിശോധനയും നടത്തി. തെളിവെടുപ്പില്‍ പൊന്നാമറ്റം വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെടുത്തു.
ഫൊറന്‍സിക് പരിശോധന നടന്ന് മിനിറ്റുകള്‍ക്കു ശേഷമാണ് വടകരയില്‍നിന്ന് ജോളിയെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസന്റെ നേതൃത്വത്തില്‍ പൊന്നാമറ്റം വീട്ടിലെത്തിച്ച് രാത്രി പത്തുമണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്. ഇത് അര്‍ധരാത്രി 12.15 വരെ നീണ്ടു. ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓര്‍മ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നല്‍കിയത്. പിന്നീട് രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി തന്നെ സയനെഡ് കണ്ടെടുത്തു നല്‍കുകയായിരുന്നു. സ്വയം ജീവനൊടുക്കാനാണ് സയനൈഡ് കരുതിയതെന്നായിരുന്നു വിദഗ്ധ സംഘത്തോട് ജോളി പറഞ്ഞത്. ആറു മരണങ്ങളുമായി ബന്ധപ്പെട്ടും വിദഗ്ധ സംഘം പ്രത്യേകം പ്രത്യേകം തെളിവുകള്‍ ശേഖരിക്കും.
ടോം തോമസിന്റെയും അന്നമ്മയുടെയും റോയി തോമസിന്റെയും മരണങ്ങള്‍ നടന്ന വീട്ടില്‍ നിന്ന് വൈകിട്ട് ആറുമണി മുതല്‍ തന്നെ വിദഗ്ധ സംഘം തെളിവുകള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. പിന്നീടാണ് ജോളിയെ നേരിട്ട് എത്തിച്ച്ത്. അയല്‍ വീടുകളില്‍ നിന്നു കൂടി സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ജോളിയെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ അച്ഛന്‍ സക്കറിയാസിനെയും ഒന്നിച്ചിരുത്തി തിങ്കളാഴ്ച പകല്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെയും ഫൊറന്‍സിക് വിദഗ്ധരുടെയും സംഘം 11 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്തിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി. കെ.ജി. സൈമണിന്റെ അധ്യക്ഷതയില്‍ വടകര എസ്.പി. ഓഫീസില്‍ നടന്ന അവലോകന യോഗത്തിനു ശേഷം വൈകിട്ട് 5.57നാണ് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പൊന്നാമറ്റത്ത് എത്തിയത്. ഫൊറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ ഡോ. ലതാദേവി, ജോയന്റ് ഡയറക്ടര്‍മാരായ പി. ഷാജി, എ. ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. പി. സച്ചിദാനന്ദന്‍, ടി. അജീഷ്, വി.ബി. സുനിത, ടെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Koodathai murder case Jolly Ponnamattom
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."