കറുത്ത പൊന്ന് വിളയിക്കാന്‍ കുരുമുളക് ഗ്രാമം പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്
തളിപ്പറമ്പ്: ജില്ലയില്‍ കുരുമുളക് കൃഷി വ്യാപനത്തിനു മുന്നിട്ടിറങ്ങി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. കുരുമുളക് ഗ്രാമം എന്ന പേരില്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിയാരം, കുറുമാത്തൂര്‍, ചപ്പാരപ്പടവ്, പട്ടുവം, ആലക്കോട് പഞ്ചായത്തുകളാണ് ആദ്യഘട്ടം നടത്തിപ്പിനായി തെരഞ്ഞെടുത്തത്. പരിയാരം പഞ്ചായത്തിലെ തലോറ അനശ്വര ജെ.എല്‍.ജി ഗ്രൂപ്പ് കുരുമുളക് ചെടികള്‍ തൈയാറാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. എട്ട് അംഗങ്ങളടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പ് ഇതിന്റെ വിജയത്തിനായി രാപ്പകലില്ലാതെ പരിശ്രമിക്കുകയാണ്. പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് തലോറയിലെ വി.വി ദേവിയുടെ പുരയിടത്തില്‍ കുരുമുളക് നഴ്‌സറി ആരംഭിച്ചത്. പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നു തന്നെ ലഭിച്ച പന്നിയൂര്‍ ഒന്ന് ഇനത്തില്‍ പെട്ട കുരുമുളക് വള്ളി നാഗപതി രീതിയില്‍ പതിവച്ചാണ് തയാറാക്കുന്നത്. ഒരു മാസത്തെ പരിചരണത്തിന് ശേഷമാണ് ഒരു ചെടി വിതരണത്തിന് തയാറാകുന്നത്. ഈ ചെടികള്‍ രണ്ടു വര്‍ഷം കൊണ്ട് തന്നെ മികച്ച വിളവ് തരും. ബ്ലോക്ക് പഞ്ചയത്ത് സബ്‌സിഡി കഴിച്ച് 16 രൂപയാണ് തൈ ഒന്നിന് വിലയീടാക്കുന്നത്. അറുന്നൂറോളം തൈകള്‍ ഇതിനകം വില്‍പ്പന നടത്തിക്കഴിഞ്ഞു. ആയിരത്തോളം തൈകള്‍ വില്‍പ്പനക്ക് തയാറായിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചയത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. ജീജ പറഞ്ഞു. പദ്ധതി വിജയിക്കുന്ന മുറക്ക് മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."