പൊലിസ് ഓഫിസറുടെ മാതൃകയ്ക്ക് ഒരു ബിഗ് സല്യൂട്ട്
ആലക്കോട്: ആദിവാസി കോളനികളിലെ യുവതീ യുവാക്കളെ സര്‍ക്കാര്‍ ജോലിക്ക് പ്രാപ്തരാക്കാന്‍ പൊലിസ് ഓഫിസര്‍ നടത്തുന്ന ഒറ്റയാള്‍ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. ആലക്കോട് സി.ഐ ഇ.പി സുരേശനാണ് പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
മലയോര മേഖലയിലെ പല ആദിവാസി കോളനികളിലും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ ഉണ്ടെങ്കിലും അവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇന്നും വിദൂരമാണ്. പഠനം കഴിഞ്ഞ് ഇറങ്ങിയവര്‍ സര്‍ക്കാര്‍ ജോലിക്ക് ആവശ്യമായ ശ്രമങ്ങള്‍ നടത്തുന്നുമില്ല.
ചിട്ടയായ പഠനമുണ്ടെങ്കില്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ കഴിയുമെന്ന കണ്ടെത്തലാണ് സുരേശനെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ഇതിനായി ഓരോ കോളനികളിലുമുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ കണക്കുകള്‍ പ്രമോട്ടര്‍ മുഖാന്തിരം സ്വരൂപിച്ചു. തുടര്‍ന്ന് സര്‍ക്കിള്‍ ഓഫിസില്‍ വച്ച് ഇവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ തയാറായതോടെ തൊഴിലന്വേഷകര്‍ക്കും ആവേശമായി. ആദിവാസി ഊരുകളിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രധാന മാര്‍ഗം ഓരോ കുടുംബത്തിലെയും ഒരംഗത്തിനെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുകയാണെന്നാണ് സുരേശന്റെ അഭിപ്രായം.
ആദ്യദിനത്തില്‍ തന്നെ നിരവധി പേരാണ് ആലക്കോട് സ്റ്റേഷനില്‍ ക്ലാസിന് എത്തിയത്. കൂടുതല്‍ പേര്‍ മുന്നോട്ടുവന്നതോടെ ഓരോ കോളനികളിലും കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഈ പൊലിസ് ഓഫിസര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."