ഐ.എന്‍.എല്ലില്‍ ഭിന്നത തുടരുന്നു
കോഴിക്കോട്: ഐ.എന്‍.എല്‍ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത തുടരുന്നു. താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കയാണെന്ന് ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍. അച്ചടക്ക നടപടി നേരിടുന്നവരെ പാര്‍ട്ടി വേദികളില്‍ പങ്കെടുപ്പിക്കുന്നത് തുടരുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അച്ചടക്കലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഐ.എന്‍.എല്‍ ജില്ലാ കണ്‍വന്‍ഷനും പി.എം അബൂബക്കര്‍, എസ്.എ പുതിയവളപ്പില്‍ അനുസ്മരണ പരിപാടിയില്‍ നിന്നും ദേശീയ സെക്രട്ടറി വിട്ടു നിന്നിരുന്നു. യോഗം നടക്കുന്ന ടൗണ്‍ഹാളിനടുത്തെത്തിയ അഹമ്മദ് ദേവര്‍കോവില്‍ അച്ചടക്കലംഘനത്തിന് നടപടിക്ക് വിധേയനായ കെ.പി ഇസ്മായില്‍ യോഗത്തില്‍ പങ്കെടുക്കുന്നതറിഞ്ഞ് വിട്ടു നില്‍ക്കുകയായിരുന്നു.
മുന്‍ സംസ്ഥാന സെക്രട്ടറിയായ ഇസ്മായിലിനെ പൊതുപരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തിട്ടില്ല. ഇത്തരം ഒരു പരിപാടിയില്‍ അഖിലേന്ത്യാ നേതൃത്വത്തിലുള്ള താന്‍ പങ്കെടുക്കുന്നത് ശരിയല്ലാത്തതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ഐ.എന്‍. എല്ലിന്റെ പ്രമുഖ നേതാക്കളായ കാസിം ഇരിക്കൂര്‍, ഹംസഹാജി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഐ.എന്‍.എല്‍ ഇടതു മുന്നണിയിലേക്ക് പ്രവേശിക്കാനിരിക്കെ, പാര്‍ട്ടിയില്‍ ഛിദ്രതയുണ്ടാക്കാന്‍ ചിലര്‍ കരുതിക്കൂട്ടി ശ്രമിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. എ.പി അബ്ദുല്‍വഹാബ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നണിപ്രവേശനകാര്യം എല്‍.ഡി.എഫാണ് പറയേണ്ടതെന്നാണ് അഹമ്മദ് ദേവര്‍കോവില്‍ സൂചിപ്പിച്ചത്.
മുന്നണി പ്രവേശനം അനന്തമായി നീണ്ടു പോകുന്നത് ഐ.എന്‍.എല്‍ നേതാക്കളിലും അണികളിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചില സ്ഥാനമാനങ്ങള്‍ വച്ചു നീട്ടി സംഘടനയെ തങ്ങളുടെ വരുതിക്ക് നിര്‍ത്തുന്ന സി.പി.എം സമീപനത്തിനെതിരേ ഐ.എന്‍.എല്‍ ദേശീയ നേതൃത്വം ഉറച്ച നിലപാടുകളെടുക്കുമ്പോള്‍ സംസ്ഥാന നേതാക്കള്‍ ഇതില്‍ നിന്നും ഭിന്നമായ നിലപാടിലാണുള്ളത്. അതിനിടെ ഇക്കഴിഞ്ഞ രണ്ടിന് ബേപ്പൂരിലും വെള്ളിയാഴ്ച ടൗണ്‍ഹാളിലും സംഘടിപ്പിച്ച പരിപാടിയിലേക്ക് കെ.പി ഇസ്മായിലിനെ നേരത്തെതന്നെ ക്ഷണിച്ചിരുന്നുവെന്നും അതിനുശേഷമാണ് അച്ചടക്കനടപടി വന്നതെന്നും ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി എം. ഷര്‍മദ്ഖാന്‍ പറഞ്ഞു. ഒക്ടോബര്‍ 31നാണ് പാര്‍ട്ടി ദേശീയതലത്തില്‍ അച്ചടക്കനടപടി വന്നത്. ഇതേത്തുടര്‍ന്ന് ദേശീയ വൈസ് പ്രസിഡന്റുമായി ചര്‍ച്ചചെയ്താണ് ഇസ്മായിലിനെ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."