കോട്ടൂരില്‍നിന്ന് കുളവാഴയെക്കുറിച്ചുള്ള പഠനം സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്
റഹീം വെട്ടിക്കാടന്‍#
കോട്ടക്കല്‍: കേരളത്തിലെ അധിനിവേശ സസ്യങ്ങളില്‍ പ്രധാനിയാണ് കുളവാഴ. ലോകത്തിലെ ഏറ്റവും അധികം വളര്‍ച്ചാനിരക്കുള്ള സസ്യമാണിത്. കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴയുടെ വ്യാപനംമൂലം സാരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണ് എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂര്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ അശ്വതി, ഹെന്ന സുമി, ശ്രീജേഷ് എന്നിവരും ബയോളജി അധ്യാപകനായ ശരത്തും ചേര്‍ന്ന് പഠനം നടത്തിയത്. മാറാക്കര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു ഈ പഠനം.
കുളവാഴ വളരുന്ന ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും കൂടുതല്‍ ജലനഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതിനു പുറമേ കൊതുകിന്റെ പെരുപ്പ നിരക്ക് കൂട്ടാനും ഇത് കാരണമാകുന്നു. ഇവയുടെ പൂര്‍ണമായ നിയന്ത്രണം ഇന്നത്തെ സാഹചര്യത്തില്‍ ഫലപ്രദമല്ല. ആയതിനാല്‍ ഉപയോഗത്തിലൂടെ നിയന്ത്രണം എന്ന ആശയം പ്രാവര്‍ത്തികമാക്കി കുളവാഴ ഉപയോഗിച്ചുള്ള സാനിറ്ററി നാപ്കിന്‍ നിര്‍മാണമാണ് ഇവര്‍ ചെയ്തത്. ഉണക്കിയെടുത്ത കുളവാഴ നാരും പരുത്തിയും ചേര്‍ത്താണ് സാനിറ്ററി നാപ്കിന്‍ നിര്‍മിച്ചത്.
ഈ പരിസ്ഥിതി സൗഹൃദ നാപ്കിനുകള്‍ കമ്പോസ്റ്റ് ആക്കിമാറ്റുവാനും സാധിക്കുന്ന തരത്തിലായിരുന്നു ഇവരുടെ കണ്ടു പിടുത്തം. നൂതന കണ്ടെത്തലിലൂടെ കുളവാഴയുടെ പൂര്‍ണമായ നിയന്ത്രണത്തോടൊപ്പം പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി നാപ്കിനുകളുടെ നിര്‍മാര്‍ജനവും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍നിന്നുള്ള മുക്തിയും നേടാനാകും.
സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഈ പഠനം മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ടീച്ചേഴ്‌സ് പ്രോജക്ട് എന്നിവയിലും ഒന്നാംസ്ഥാനം നേടി. ഇവരുടെ കണ്ടെത്തല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനില്‍കുമാറിനും പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."