ഉദ്യോഗസ്ഥരെ ബലിയാടാക്കി സാക്ഷരതാമിഷന്‍ ഡയരക്ടര്‍ തടിതപ്പി
ഫൈസല്‍ കോങ്ങാട്#
പാലക്കാട്: പ്രളയകാലത്ത് വാഹനം മോടികൂട്ടാന്‍ ക്വട്ടേഷന്‍ പരസ്യം നല്‍കിയ സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ കുടുങ്ങുമെന്നായപ്പോള്‍ തടിതപ്പി. അനുമതിയില്ലാതെ പരസ്യം നല്‍കിയെന്നാരോപിച്ച് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കുറ്റം ചുമത്തിയാണ് ഡയരക്ടര്‍ വിവാദത്തില്‍ നിന്ന് തലയൂരിയത്.
18,000 രൂപ നഷ്ടം വരുത്തിയെന്നു കാട്ടി അക്കൗണ്ട്‌സ് ഓഫിസര്‍ക്കും ഫിനാന്‍സ് ഓഫിസര്‍ക്കുമാണ് നോട്ടിസ് നല്‍കിയത്. സാക്ഷരതാമിഷന്റെ ഒരു ഫയലും ഡയരക്ടര്‍ കാണാതെ നീങ്ങാറില്ല. അങ്ങനെയുള്ള ഓഫിസില്‍ ഉദ്യോഗസ്ഥര്‍ സ്വയം നിശ്ചയിച്ച് പത്രപ്പരസ്യം നല്‍കിയെന്ന് ആരോപിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. നഷ്ടമുണ്ടായ തുക ഇവരില്‍ നിന്നീടാക്കാനാണ് തീരുമാനം.
ഫിനാന്‍സ് ഓഫിസര്‍ ഡോ. ഗോപീകൃഷ്ണന്‍, അക്കൗണ്ട്‌സ് ഓഫിസര്‍ ഉമാദേവി എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ഡയരക്ടറുടെ നോട്ടിസ് ലഭിച്ചത്. ഉമാദേവിയുടെ ഡെപ്യൂട്ടേഷന്‍ 23ന് അവസാനിക്കാനിരിക്കെയാണ് നടപടി. ഇതേ തുടര്‍ന്ന് ഉമാദേവി ദീര്‍ഘകാല അവധിയെടുത്തു.
4 അലോയ് വീല്‍, ഫ്‌ളോറിങ് മാറ്റ്, 70% സുതാര്യമായ സണ്‍ ഫിലിം, ആന്റിഗ്ലെയര്‍ ഫിലിം, വിഡിയോ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് കാമറ, ഫൂട്ട്‌സ്റ്റെപ്, വിന്‍ഡോ ഗാര്‍ണിഷ്, ഡോര്‍ ഹാന്‍ഡില്‍ ക്രോം, ട്രാക്കര്‍, മാര്‍ബിള്‍ ബീഡ്‌സ് സീറ്റ്, ഡോര്‍ ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍ ക്രോം, ബംപര്‍ റിഫ്‌ളെക്ടര്‍, വുഡ് ഫിനിഷ് സ്റ്റിക്കര്‍, മൊബൈല്‍ ചാര്‍ജര്‍, നാവിഗേഷന്‍ സൗകര്യമുള്ള ആര്‍ഡ്രോയ്ഡ് കാര്‍ സ്റ്റീരിയോ, സീറ്റ് കവര്‍ തുടങ്ങിയവയ്ക്കായാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.
വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി ക്വട്ടേഷന്‍ ക്ഷണിക്കാമെന്ന് ഡയരക്ടറോട് അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്ന് നോട്ടിസ് ലഭിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പരസ്യം നല്‍കിയതെന്നു വരുത്തിത്തീര്‍ക്കാന്‍ മനഃപൂര്‍വം കുറ്റം ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്തുകയാണെന്നും ഇദ്ദേഹം പറയുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് വരുത്താനാണ് ജീവനക്കാരില്‍നിന്ന് തുക ഈടാക്കാന്‍ നോട്ടിസ് നല്‍കിയതെന്നും ആക്ഷേപമുണ്ട്.
അതേസമയം, നോട്ടിസ് നല്‍കിയത് ഓഫിസിന്റെ നടപടിക്രമം ആണെന്നാണ് ഡയരക്ടര്‍ പി.എസ് ശ്രീകലയുടെ വിശദീകരണം. പരസ്യം നല്‍കിയതിന് യാതൊരു ഉത്തരവാദിത്തവും തനിക്കില്ല. കോണ്‍ഗ്രസ് സര്‍വിസ് സംഘടനാ ഭാരവാഹികളാണ് ഈ രണ്ട് ഉദ്യോഗസ്ഥരും. അതിനാലാണ് തനിക്കെതിരേ മനഃപൂര്‍വം ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നും ശ്രീകല സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."