സെറ്റ് പരീക്ഷ: ജനറല്‍ ചോദ്യപേപ്പര്‍ പരീക്ഷാര്‍ഥികള്‍ക്ക് വിനയായി
നിലമ്പൂര്‍: സെറ്റ് പരീക്ഷയില്‍ ജനറല്‍ പേപ്പറിലെ ചോദ്യങ്ങള്‍ പരീക്ഷാര്‍ഥികളെ വട്ടം കറക്കി. കഴിഞ്ഞ ദിവസം നടന്ന സെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറിലെ പരിഷ്‌കാരങ്ങളാണ് വിനയായത്. മാസങ്ങളോളം പരിശീലനത്തിനും മറ്റും പോയി പ്രതീക്ഷയോടെ എത്തിയവരെ കാത്തിരുന്നത് 120 ചോദ്യങ്ങളാണ്. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ ഒരു മിനിറ്റ് സമയമാണ് അനുവദിച്ചത്. എന്നാല്‍ സാധാരണ ഒരു ചോദ്യവും നാല് ഓപ്ഷനും ആണുണ്ടാവാറ്. ഇത്തവണ ജനറല്‍ ചോദ്യപേപ്പറില്‍ വന്ന 60ഓളം ചോദ്യങ്ങള്‍ക്ക് ഓരോന്നും വായിച്ച് ചോദ്യവും ഉപചോദ്യവും പിന്നീട് ഉത്തരവും കണ്ടുപിടിച്ചെഴുതാന്‍ ഒരുചോദ്യത്തിന് കുറഞ്ഞത് മൂന്ന് മിനിറ്റ് സമയമെടുത്തു. അതിനാല്‍ പരമാവധി 65 മുതല്‍ 70 ചോദ്യങ്ങള്‍ക്ക് മാത്രമെ പരീക്ഷ സമയമായ രണ്ടു മണിക്കൂറില്‍ ഉത്തരമെഴുതാനായുള്ളൂ. മുന്‍കാലങ്ങളില്‍ ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ടെങ്കിലും എണ്ണത്തില്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്രാവശ്യം 60 ചോദ്യങ്ങള്‍ വന്നത് പരീക്ഷാര്‍ഥികളെ കൂട്ടമായി തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നെന്ന് പരീക്ഷാര്‍ഥികള്‍ പറയുന്നു.
90 ശതമാനത്തിലധികംപേര്‍ക്കും സമയക്കുറവുമൂലം പരീക്ഷ തോല്‍ക്കുന്ന അവസ്ഥയാണ് ഉണ്ടായത്. അപാകതകള്‍ മനസിലാക്കി അര്‍ഹതപ്പെട്ട മോഡറേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് സെറ്റ് പരീക്ഷാര്‍ഥികള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."