'പോളിയോ ഇല്ലാതാക്കിയതുപോലെ ഇന്ത്യയ്ക്ക് വായുമലിനീകരണവും ഇല്ലാതാക്കാം'
യുനൈറ്റഡ് നാഷന്‍സ്: പോളിയോ ഉള്‍പ്പെടെയുള്ള ആരോഗ്യ വിപത്തുകള്‍ ഇല്ലാതാക്കിയതിനു സമാനമായി ഇന്ത്യയ്ക്കു വായു മലിനീകരണവും ഇല്ലാതാക്കാമെന്നു യു.എന്‍ പരിസ്ഥിതി വിഭാഗം തലവന്‍ എറിക് സെല്‍ഹോം. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലെ വായു മലിനീകരണം വന്‍തോതില്‍ ഉയരുന്നതു സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ ഏറ്റവും അപകടമേറിയ വായുമലിനീകരണത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി സര്‍ക്കാരും ശാസ്ത്രജ്ഞന്‍മാരും പൊതുസമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കണം.
വായു മലിനീകരണം ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയാണ്. ഇതിനെതിരേ രാജ്യങ്ങള്‍ നടപടിയെടുക്കാത്തതില്‍ യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ വായുമലിനീകരണം ഈയിടെ രൂക്ഷമായിരുന്നു. ദീപാവലി ദിനത്തില്‍ മലിനീകരണത്തിന്റെ അളവ് വന്‍തോതില്‍ ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നു വലിയ വാഹനങ്ങളുടെ നിയന്ത്രണം, മലിനീകരണമുണ്ടാക്കുന്ന നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ നിയന്ത്രണ നടപടികള്‍ക്കു ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."