വിവാദ'നായകന്മാരായ' ന്യായാധിപന്മാര്‍ വേറെയും
രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിയെ വിവാദപരമായ പ്രസ്താവനകളുടെയും ആരോപണങ്ങളുടെയും നിലപാടുകളുടെയും പേരില്‍ ശിക്ഷിക്കുന്നതെങ്കിലും ജസ്റ്റിസ് സി.എസ്.കര്‍ണന്‍ മാത്രമല്ല ജുഡീഷ്യറിയുടെ ചരിത്രത്തില്‍ 'വിവാദനായക'നാകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉത്തരവുകളിലും നിലപാടുകളിലും പൊതുജനത്തെ അത്ഭുതപ്പെടുത്തിയ ഉന്നതനീതിപീഠങ്ങളിലെ ന്യായാധിപന്മാര്‍ ഏറെയാണ്.
2010ല്‍ കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി.വി.ഷൈലേന്ദ്രകുമാര്‍ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.ജി. ബാലകൃഷ്ണനെതിരേ നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതായിരുന്നു. 'വിഷപ്പല്ലില്ലാത്ത പാമ്പാണ് അദ്ദേഹം. ചീറ്റാനേ അറിയൂ, കടിക്കാന്‍ കഴിയില്ല.' എന്നായിരുന്നു പരാമര്‍ശം.
പല ഘട്ടങ്ങളിലും വിവാദപ്രസ്താവന നടത്തിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഒരിക്കല്‍ പറഞ്ഞത് നീതിപീഠത്തില്‍ ഇരുന്ന ഒരാളില്‍നിന്നു പ്രതീക്ഷിക്കാവുന്ന വാക്കുകളായിരുന്നില്ല. രാജ്യത്തെ അഴിമതിക്കാരെയെല്ലാം തെരുവുവിളക്കിന്റെ കാലില്‍ തൂക്കിക്കൊല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2012ല്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ഭക്തവത്സലന്‍ വിവാഹമോചന ഹരജിയുമായെത്തിയ സ്ത്രീയോട് പറഞ്ഞത് കല്യാണം കഴിഞ്ഞാല്‍ സ്ത്രീകള്‍ കുറേയൊക്കെ പീഡനങ്ങള്‍ സഹിക്കേണ്ടിവരുമെന്നായിരുന്നു.
2015 ല്‍ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി. ദേവേന്ദ്രന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് നിര്‍ദേശിച്ചത് പീഡിപ്പിച്ചവനുമായി ഒത്തുതീര്‍പ്പിലെത്താനായിരുന്നു. സുപ്രിംകോടതിയിലെ ജസ്റ്റിസ് ഗ്യാന്‍ സുധാമിശ്ര സ്വത്തുവിവരം വെളിപ്പെടുത്തിയതില്‍, അവിവാഹിതരായ തന്റെ പെണ്‍മക്കളെ ബാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയതും വിവാദവിഷയമായിരുന്നു.
ഏറ്റവുമൊടുവില്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന മഹേഷ്ചന്ദ്ര ശര്‍മ വിരമിക്കുന്നതിന്റെ തലേന്നു നടത്തിയ വിധിപ്രസ്താവത്തിലെ പരാമര്‍ശവും ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഞെട്ടിക്കുന്ന സംഭവമാണ്.
മയിലുകള്‍ ഇണചേരാറില്ലെന്നും ആണ്‍മയിലിന്റെ കണ്ണീര്‍നുകര്‍ന്നാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."