മഅ്ദനി എന്ന ഇന്ത്യന്‍ പൗരന്‍
സിദ്ദീഖ് നദ്‌വി ചേരൂര്‍#
9497289151
മൗനം ചിലപ്പോള്‍ കടുത്ത അപരാധമാകും. മാപ്പര്‍ഹിക്കാത്ത ഉദാസീനതയാകും. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ, പ്രദേശ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതി ഉറപ്പു വരുത്തുകയെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രയോഗവല്‍ക്കരിക്കുന്നതിലും നമ്മുടെ നീതിന്യായ സംവിധാനം വലിയൊരളവ് വരെ വിജയിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിലപാടും നാം പ്രത്യേകം എടുത്തു പറയാറുണ്ട്. വൈകി വരുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ ഒരു ഇന്ത്യന്‍ പൗരന്‍, ഒരു കുറ്റാരോപണത്തിന്റെ പേരില്‍ പത്ത് വര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കിടക്കേണ്ടി വരിക. ഒടുവില്‍ ആരോപിച്ച കേസ് തെളിയിക്കപ്പെടാതെ നിരപരാധിയാണെന്ന് കണ്ടു കോടതി വെറുതെ വിടുക. തുടര്‍ന്നു സമാനമായ മറ്റൊരു കേസില്‍ ആരോപണ വിധേയയായി തന്റെ ഭാര്യയും ജയിലില്‍ കിടന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കേസിന്റെ ഇപ്പോഴത്തെ ഗതിയെന്താണെന്ന് അധികപേര്‍ക്കും അജ്ഞാതം. കടുത്ത ജാമ്യവ്യവസ്ഥകളില്‍ വരിഞ്ഞുമുറുക്കി ജന്‍മനാട്ടില്‍ തന്നെ ഇപ്പോഴും തളച്ചിട്ടിരിക്കയാണെന്നാണ് വിവരം.
അധികം വൈകാതെ അയാള്‍ വീണ്ടും മറ്റൊരു കേസില്‍ പ്രതിയെന്ന പേരില്‍ മറ്റൊരു സംസ്ഥാനത്ത് ജയിലിലടയ്ക്കപ്പെടുന്നു. വര്‍ഷം എട്ട് പിന്നിടുമ്പോഴും ആ കേസിന്റെ വിചാരണ ഒച്ചിന്റെ വേഗത്തില്‍ നീങ്ങുന്നു. അതിനിടയില്‍ നിരവധി തവണ സുപ്രിംകോടതിയടക്കം ഇടപെട്ടിട്ടും നാലു മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്ന് കോടതി തന്നെ ആവശ്യപ്പെട്ടിട്ടും ഒരു മാറ്റവും ഉണ്ടായില്ല. ആകെ കൂടി ഉണ്ടായത് ആ തടവില്‍നിന്ന് ഏതാനും വര്‍ഷം മുമ്പ് സുപ്രിംകോടതി ജാമ്യം നല്‍കി വെളിയിലിറക്കി. എന്നാല്‍ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന പ്രതീതിയില്‍ ജയിലിന് പുറത്ത് ജയിലിന് സമാനമായ ജീവിതം നയിക്കാനാണദ്ദേഹത്തിന്റെ നിയോഗം.
പേരു പരാമര്‍ശിക്കാതെ തന്നെ ഇന്ത്യയിലെ ഏത് കുട്ടിക്കും ആളെ മനസിലാക്കാന്‍ കഴിയും. കാരണം ഇത്തരമൊരു ക്രൂരവും കിരാതവുമായ ദുരനുഭവത്തിന് ഇന്ത്യയില്‍ മറ്റൊരു സമാനതയില്ല. അബ്ദുന്നാസിര്‍ മഅ്ദനിയോടോ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളോടോ ഈ ലേഖകന് പ്രത്യേക ആഭിമുഖ്യമൊന്നുമില്ല. മാത്രമല്ല, അദ്ദേഹം മുന്‍പ് ഉയര്‍ത്തിപ്പിടിച്ച തീവ്രനിലപാടുകളെ ശക്തിയായി അപലപിച്ചു കൊണ്ട് 2009ല്‍ തന്നെ ലേഖനം എഴുതുകയും കേരളത്തിലെ പ്രമുഖ പത്രം അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2012 ല്‍ പ്രസിദ്ധീകരിച്ച ലേഖന സമാഹാരത്തില്‍ (എന്തിന് പറയാതിരിക്കണം?) ആ ലേഖനം (കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്നവര്‍) ആര്‍ക്കും വായിക്കാവുന്നതാണ്.
1980കളില്‍ മഅ്ദനിയുടെ പ്രസംഗങ്ങള്‍ ഉയര്‍ത്തിവിട്ട തീവ്ര വികാരങ്ങളും തുടര്‍ന്നു 1989 ല്‍ ഐ.എസ്.എസ് രൂപീകരണവുമൊക്കെ കേരളത്തിന്റെ മതാന്തരീക്ഷത്തില്‍ അപരിഹാര്യമായ വിള്ളലുകളും ചേരിതിരിവും സൃഷ്ടിച്ചുവെന്നത് അനിഷേധ്യ സത്യമാണ്. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളരാനും തളിര്‍ക്കാനും പറ്റിയ അന്തരീക്ഷ സൃഷ്ടിയാണ് അതിലൂടെയുണ്ടായ മെച്ചം. ഇതിന്റെ പരിണിത ഫലമായി 1992 ല്‍ സംഘ് പരിവാര്‍ ശക്തികള്‍ നടത്തിയ വധശ്രമത്തില്‍ മഅ്ദനി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും തന്റെ വലതുകാല്‍ നഷ്ടപ്പെടുന്നതില്‍ അത് കലാശിച്ചു. മഅ്ദനി മാപ്പു നല്‍കിയതിനെ തുടര്‍ന്നു ആ സ്‌ഫോടനത്തിലെ പ്രതികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സുരക്ഷിതമായി വെളിയില്‍ ജീവിക്കുന്നു.
തുടര്‍ന്നു ഐ.എസ്.എസ് എന്ന പേരില്‍ ആര്‍.എസ്.എസിന് സമാന്തരമായി രൂപീകരിച്ച സംഘടന പിരിച്ചു വിട്ടു, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യംവച്ചു പി.ഡി.പി (പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി) എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി.
എന്നാല്‍ മുന്‍പ് വിതച്ച മത വൈകാരികതയുടെ പ്രേതം അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. 1998 ല്‍ എല്‍.കെ അദ്വാനി പങ്കെടുത്ത ഒരു പരിപാടിക്കിടെ നടന്ന കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മഅ്ദനിക്കും പങ്കുണ്ടെന്ന ആരോപണമുണ്ടായി. തുടര്‍ന്നു അദ്ദേഹം അടക്കമുള്ളവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1999 ല്‍ മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുകയും കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. അധികം വൈകാതെ മറ്റൊരു കേസില്‍ പ്രതിയാക്കി സേലം ജയിലിലേക്ക് മാറ്റി. നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളപ്പെട്ടു. ഒന്‍പതു വര്‍ഷത്തെ വിചാരണ പൂര്‍ത്തിയാക്കുമ്പോള്‍ 2,500 പേരെ സാക്ഷികളായി വിസ്തരിച്ചു 16,683 പേജുള്ള കുറ്റപത്രം തമിഴില്‍ തയാറാക്കിയിരുന്നു.
എന്നാല്‍ 2007 ഓഗസ്റ്റ് ഒന്നിന് കേസില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു. അതിനിടയില്‍ 2009 ഡിസംബറില്‍ അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅ്ദനിയും അറസ്റ്റ് ചെയ്യപ്പെട്ടു. 2005 ല്‍ നടന്ന കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയാണ് അറസ്റ്റ്. ഒന്‍പതു വര്‍ഷത്തെ ജയില്‍ വാസം സമ്മാനിച്ച രോഗങ്ങള്‍ കാരണമായി ചികിത്സയില്‍ കഴിയുകയായിരുന്ന ഭര്‍ത്താവിനെ പരിചരിക്കുന്നതിനിടയിലാണ് ഭാര്യ തടവിലാകുന്നത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ സൂഫിയ അന്ന് കോടതി നിര്‍ദേശിച്ച കടുത്ത ജാമ്യവ്യവസ്ഥയുടെ തടവറയിലാണ് ഇപ്പോഴും കഴിയുന്നത്. ബംഗളൂരുവില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ പോലും കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പോകാന്‍ കഴിഞ്ഞത്.
അധികം വൈകിയില്ല. 2010 ഓഗസ്റ്റ് 17 നു മഅ്ദനി വീണ്ടും കര്‍ണാടക പൊലിസിന്റെ കസ്റ്റഡിയിലായി. 2008 ജൂലൈയില്‍ നടന്ന ബംഗളൂരു സ്‌ഫോടന കേസില്‍ മുപ്പത്തൊന്നാം പ്രതിയായാണ് അറസ്റ്റ്. സ്‌ഫോടനത്തിന് വേണ്ടി മഅ്ദനി കുടകില്‍ ചെന്നു ചിലരുമായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഇനി ബംഗളൂരു സ്‌ഫോടന കേസിലെ മഅ്ദനിയുടെ പങ്കാണെങ്കില്‍ അപസര്‍പക കഥകളെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് കര്‍ണാടക പൊലിസ് കെട്ടിച്ചമച്ചത്. വെറും രണ്ട് സാക്ഷികളുടെ മൊഴികളുടെ പിന്‍ബലത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ആ രണ്ട് പേരും കുറ്റം നിഷേധിച്ചുവെങ്കിലും പൊലിസ് അത് കാര്യമാക്കിയില്ലെന്ന് മാത്രമല്ല, പ്രസ്തുത സാക്ഷികളെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ച തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ കെ.കെ ഷാഹിനയും അവരെ അനുഗമിച്ച രണ്ട് മൂന്ന് പേരും കര്‍ണാടക പൊലിസിന്റെ നോട്ടപ്പുള്ളികളുമായി. സാക്ഷികളെ സ്വാധീനിച്ചു മൊഴി മാറ്റിപ്പറയിച്ചുവെന്ന കുറ്റത്തിന് ഷാഹിനയ്‌ക്കെതിരേ കേസെടുത്തു. യു.എ.പി.എ അടക്കം ചുമത്തി ജയിലിലടയ്ക്കാന്‍ ശ്രമമുണ്ടായി. ഇപ്പോഴും ആ കേസുമായി അവര്‍ കെട്ടിമറിയുകയാണെന്നാണ് വിവരം.
2015 സെപ്റ്റംബര്‍ 15ന് പ്രധാന പ്രതി റഫീഖ് കൂറുമാറി. തന്നെ സ്‌ഫോടന കേസില്‍ പ്രതിയാക്കി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് വ്യക്തമാക്കി. രണ്ടാം പ്രതിയും തനിക്ക് മഅ്ദനിയെ അറിയില്ലെന്ന് തുറന്നു പറഞ്ഞു. പക്ഷെ, ഒരു ഫലവും ഉണ്ടായില്ല. ഇവിടെയും കോയമ്പത്തൂര്‍ കേസിന്റെ അനുഭവം ആവര്‍ത്തിക്കാനാണ് എല്ലാ സാധ്യതയും. അത് ഭയപ്പെടുന്നത് കൊണ്ടാകണം കര്‍ണാടക പൊലിസ് ഈ കേസിന്റെ വിചാരണയില്‍ ഇങ്ങനെ അലംഭാവം പുലര്‍ത്തുന്നതെന്ന് പൊതുവെ സംശയിക്കപ്പെടുന്നു.
മഅ്ദനിയെ അറസ്റ്റ് ചെയ്തു ജയിലിടച്ചപ്പോള്‍ കര്‍ണാടക ഭരിച്ചിരുന്നത് ബി.ജെ.പി സര്‍ക്കാരായിരുന്നു. അതിന് ശേഷം അധികം വൈകാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മഅ്ദനിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല, കൂടുതല്‍ തീക്ഷ്ണവും ശത്രുതാപരവുമാവുകയായിരുന്നു. വിചാരണയുടെ ഓരോ ഘട്ടങ്ങളിലും കടുത്ത എതിര്‍വാദമുഖങ്ങള്‍ നിരത്തി ജാമ്യം പോലും നിഷേധിക്കാനും അടിയന്തരഘട്ടങ്ങളില്‍ പോലും കേരള സന്ദര്‍ശനങ്ങള്‍ക്ക് തടസം നില്‍ക്കാനും ശ്രമിക്കുകയായിരുന്നു അവര്‍. വിചാരണകള്‍ മനഃപൂര്‍വം നീട്ടിക്കൊണ്ടു പോകുന്നതില്‍ നീരസപ്പെട്ടു ഒന്നിലധികം തവണ സുപ്രിംകോടതി കടുത്ത ഭാഷയില്‍ ഇടപെടുകയും അവസാനം കര്‍ശന നിയന്ത്രണങ്ങളോടെ പ്രധാനമായും ചികിത്സക്ക് വേണ്ടിയുള്ള ജാമ്യം നല്‍കി ജയിലില്‍നിന്ന് പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും കര്‍ണാടക പ്രോസിക്യൂഷന്റെ കലിയടങ്ങിയില്ല. മനുഷ്യത്വപരമായ പരിഗണന പോലും നല്‍കാതെ പരമാവധി അദ്ദേഹത്തെ പീഡിപ്പിക്കുക എന്നത് ഒരു നയമായി സ്വീകരിച്ച പോലെയാണ് പ്രോസിക്യൂഷന്‍ നീക്കങ്ങള്‍ വീക്ഷിക്കുന്നവര്‍ക്ക് തോന്നുക. വളരെ അടിയന്തരഘട്ടങ്ങില്‍ സ്വന്തം വീട്ടില്‍ വരുന്നതിന് വേണ്ടി കോടതികളെ സമീപിക്കുമ്പോഴെല്ലാം തടസവാദങ്ങള്‍ ഉയര്‍ത്തി മുടക്കുകയും ഒടുവില്‍ സുപ്രിംകോടതിയിലൂടെ മാത്രം അനുമതി ലഭിക്കുകയും ചെയ്യുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്. 2017ല്‍ സ്വന്തം മാതാവിന്റെ രോഗവും മകന്റെ വിവാഹവും കണക്കിലെടുത്ത് നാട്ടിലെത്താന്‍ ദിവസങ്ങളുടെ അനുമതി ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് സുരക്ഷാ കവചമൊരുക്കാനെന്ന പേരില്‍ രണ്ട് എസ്.പിമാരടക്കം 19 അംഗ സുരക്ഷാ സന്നാഹം വേണമെന്ന് പറഞ്ഞു വന്‍ തുകയുടെ ബില്ല് നല്‍കി പേടിപ്പിക്കുകയായിരുന്നു ബംഗളൂരു സിറ്റി പൊലിസ് കമ്മിഷണര്‍. 14,79,875 രൂപ കെട്ടിവയ്ക്കാനായിരുന്നു നിര്‍ദേശം. പത്ത് വര്‍ഷത്തോളം ജയില്‍ ജീവിതം നയിച്ചു നിരപരാധിയെന്ന് തെളിഞ്ഞു പുറത്തു വന്ന, കഴിഞ്ഞ 8 വര്‍ഷത്തിലധികമായി ഇനിയും തെളിയിക്കപ്പെടാത്ത കുറ്റങ്ങളുടെ തടവറയില്‍ കഴിയുന്ന, സ്വന്തമായി വരുമാനമാര്‍ഗമൊന്നും ഇല്ലാത്ത ഒരാള്‍ക്ക് സുരക്ഷയൊരുക്കാനെന്ന പേരില്‍ ലക്ഷങ്ങളുടെ കണക്ക് പറയുന്നവര്‍ വിശദീകരിക്കേണ്ട ചില വസ്തുതകളുണ്ട്. ഈ സുരക്ഷ ആരുടെ ആവശ്യമായിരുന്നു? മഅ്ദനിയുടേയോ അതോ ഭരണകൂടത്തിന്റേയോ? രാജ്യത്തെ പൗരന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നിട്ടും 90കളില്‍ ഒന്നിലധികം തവണ മഅ്ദനിക്കെതിരേ ബോംബേറുണ്ടായപ്പോള്‍, ഒരു ബോംബേറില്‍ തന്റെ വലതുകാല്‍ നഷ്ടപ്പെട്ടപ്പോള്‍, ആ സംരക്ഷണവും നഷ്ടപരിഹാരവും എവിടെയായിരുന്നു? ചാരക്കേസ് ചാരമായി മാറിയപ്പോള്‍, അതിന് ഇരയായ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് നല്‍കിയത് നല്ല കാര്യം.
എന്നാല്‍ മഅ്ദനിയും ഒരു ഇന്ത്യന്‍ പൗരനല്ലേ? കുറ്റം തെളിയുന്നത് വരെ നിയമത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും നിരപരാധികളല്ലേ? പിന്നെ എന്തിനാണ് ചിലരോട് മാത്രം ഇങ്ങനെ ഇരട്ടത്താപ്പും ഏകപക്ഷീയ നീക്കങ്ങളും ?
ഏറ്റവും ഒടുവില്‍ അത്യാസന്ന നിലയിലായ മാതാവിനെ കാണാന്‍ അനുമതി നല്‍കിയപ്പോഴും സുരക്ഷാ ചെലവുകള്‍ വഹിച്ചും വായ മൂടിക്കെട്ടിയുമാണ് അദ്ദേഹത്തിന് സ്വന്തം നാട്ടില്‍ വരാന്‍ കഴിഞ്ഞത്. അതുകൊണ്ട് സ്വന്തം മാതാവിനെ അവസാനനോക്ക് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇനി നാളെ മഅ്ദനി അടക്കമുള്ള വിചാരണത്തടവുകാര്‍ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നാല്‍ അവരുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ക്ക് ആര് കണക്ക് പറയും? അവരുടെ മാതാപിതാക്കള്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കും നേരിട്ട നഷ്ടങ്ങളെയും ദുരിതങ്ങളും ആര് നികത്തിക്കൊടുക്കും? ചാരക്കേസില്‍ നമ്പി നാരായണന് പകരം ഒരു മുസ്‌ലിമായിരുന്നു ഇരയെങ്കില്‍ നഷ്ട പരിഹാരം ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ അയാള്‍ക്ക് ഭാഗ്യമുണ്ടാകുമായിരുന്നോ? മറിയം റശീദയും ഫൗസിയാ ഹസനും ആ നടുക്കം വിട്ടുമാറാതെ ഇന്നും അപ്പുറത്ത് ജീവിക്കുന്നുണ്ടെന്ന്കൂടി ഓര്‍ക്കണം.
ചുരുക്കത്തില്‍ മഅ്ദനിയും സക്കരിയ്യയും വിചാരണത്തടവുകാരായി കുറ്റം തെളിയാതെ ഇന്ത്യയുടെ വിവിധ ജയിലുകളില്‍ മുന്‍കൂര്‍ ശിക്ഷ ഏറ്റുവാങ്ങി തടവറകളില്‍ നരകയാതന അനുഭവിക്കുന്ന നൂറുകണക്കിന് ഹതഭാഗ്യരും നമ്മുടെ ഭരണസംവിധാനത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ രാജ്യത്തിന്റെ നല്ല ഭാവിയില്‍ താല്‍പര്യമുള്ളവര്‍ക്ക് അവഗണിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."