പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശ്ശൂര്‍: കഴിഞ്ഞ ദിവസം കയ്പമംഗലത്തുനിന്നും കാണാതായ പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കയ്പമംഗലം വഴിയമ്പലത്തെ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പ് ഉടമ മനോഹരന്റെ(68) കൊലപാതകമാണ് ശ്വാസംമുട്ടിച്ചെന്നാണ് വ്യക്തമായിരിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മനോഹരന്‍ സഞ്ചരിച്ച കാര്‍ നേരത്തേ അങ്ങാടിപ്പുറത്ത് നിന്ന് കണ്ടെത്തിയിരുന്നു. പമ്പിലെ കലക്ഷന്‍ തുക തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മനോഹരനെ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കാര്‍, ആഭരണങ്ങള്‍, പഴ്‌സ്, പമ്പിലെ കലക്ഷന്‍ സൂക്ഷിച്ചിരുന്ന ബാഗ് എന്നിവ നഷ്ടപ്പെട്ടിരുന്നു.
തിങ്കളാഴ്ച രാത്രി പമ്പില്‍ നിന്നും വീട്ടിലേക്ക് തിരിച്ച മനോഹരനെ പിന്നീട് കാണാതാവുകയായിരുന്നു. നേരം വൈകിയിട്ടും കാണാതായതോടെ മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ അച്ഛന്‍ ഉറങ്ങുകയാണെന്നാണ് എടുത്തയാള്‍ പറഞ്ഞത്. അപൂര്‍വമായി പമ്പില്‍ ഉറങ്ങുന്ന ശീലമുണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ സംശയിച്ചില്ല. പിറ്റേദിവസവും കാണാതായതിനാലാണ് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."