12 അത്യാധുനിക അറവുശാലകള്‍ തുടങ്ങാന്‍ 100 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അറവ് നിയന്ത്രണ ഉത്തരവ് നിലനില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ 12 അത്യാധുനിക അറവു ശാലകള്‍ തുടങ്ങുന്നു. കൂടാതെ നിലവിലുള്ള 20 അറവു ശാലകളെ ആധുനികവല്‍ക്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
തിരുവനന്തപുരം, പുനലൂര്‍, തിരുവല്ല, ആലുവ, ചാലക്കുടി, കുന്നംകുളം, പാലക്കാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് അത്യാധുനിക അറവുശാലകള്‍ വരുന്നത്. കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശവകുപ്പ് മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കിഫ്ബി ഡയരക്ടര്‍ ബോര്‍ഡ് യോഗം പദ്ധതി അംഗീകരിച്ച് 100 കോടി രൂപ അനുവദിച്ചു.
ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ അറവുശാലകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഈ ആഴ്ച തന്നെ സന്നദ്ധത അറിയിക്കണമെന്നും പദ്ധതി നടപ്പിലാക്കാന്‍ സ്ഥല സൗകര്യം ഒരുക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ശുചിത്വമിഷന്‍ വഴിയാണ് പദ്ധതി ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് പദ്ധതി നടത്തിപ്പിനായുള്ള ഏജന്‍സികളുടെ പട്ടിക തയാറാക്കാന്‍ ശുചിത്വ മിഷന്‍ നടപടികള്‍ ആരംഭിച്ചു. നിലവില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടു അറവു ശാലകളേ സംസ്ഥാനത്തുള്ളൂ. പൊതു ആവശ്യത്തിനായുള്ള വയനാട്ടിലെ ബ്രഹ്മഗിരിയിലെയും കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെയും.
പുതിയ അറവു ശാലകള്‍ തുറക്കുന്നതോടെ ഇറച്ചി മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ നിര്‍മാര്‍ജനം ചെയ്യാമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍. നിലവിലുള്ള പല അറവു ശാലകളും പ്രവര്‍ത്തന രഹിതമാണ്. ഇതും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ അറുത്ത് സീല്‍ വച്ചു കൊടുക്കുന്ന ഇറച്ചി മാത്രമേ ഇറച്ചിക്കടകള്‍ വഴി വില്‍ക്കാന്‍ അനുവദിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."