ജയിച്ചു
ഹാറൂന്‍ റഷീദ്#
കോഴിക്കോട്: തുടര്‍ച്ചയായ സമനിലകള്‍ക്ക് ശേഷം ഐ ലീഗില്‍ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഷില്ലോങ് ലജോങിനെ 3-1 എന്ന സ്‌കോറിനാണ് ഗോകുലം തകര്‍ത്തത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഗോകുലം ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ഗോകുലത്തിന്റെ ടച്ചോടെ തുടങ്ങിയ കളിയില്‍ തുടക്കം മുതല്‍ തന്നെ ഗോകുലം ലജോങ്ങിന്റെ ഗോള്‍മുഖം വിറപ്പിച്ചു. മലയാളി താരങ്ങളായ സുഹൈറിനെയും രാജേഷിനെയും ആദ്യ ഇലവനില്‍ ഇറക്കിയത് കാരണം മുന്‍നിരയിലേക്ക് കൃത്യമായി പന്തെത്തിത്തുടങ്ങി.
ആദ്യ പകുതിയില്‍ ഗോളെന്നുറച്ച നിരവധി അവസരങ്ങല്‍ ലഭിച്ചെങ്കിലും ഗോകുലം മുന്നേറ്റനിരക്ക് അവസരം മുതലാക്കാനായില്ല. 18-ാം മിനുട്ടില്‍ ലഭിച്ച സുന്ദരമായൊരു അവസരം ഗനി പുറത്തേക്കടിച്ചതോടെ ആദ്യ ഗോളവസരം പാഴായി. തൊട്ടടുത്ത മിനുട്ടില്‍ വീണ്ടും ഗനിക്ക് പന്ത് ലഭിച്ചെങ്കിലും അലക്ഷ്യമായ ഷോട്ടിലൂടെ പന്ത് പുറത്തേക്ക് പോയി.
33-ാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ലഭിച്ച പന്ത് രാജേഷ് മികച്ചൊരു ഷോട്ടിലൂടെ ലജോങിന്റെ പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ചലുവ പന്ത് തട്ടിയകറ്റി. 36-ാം മിനുട്ടില്‍ ലജോങ്ങിന് ഗോള്‍നേടുന്നതിനായി ലഭിച്ച സുവര്‍ണാവസരം സുന്ദരമായ സേവിലൂടെ ഗോകുലം ഗോള്‍കീപ്പര്‍ ഷിബിന്‍രാജ് തട്ടിയകറ്റിയതോടെ ഗോളില്‍ നിന്ന് ഗോകുലം രക്ഷപ്പെട്ടു. 39-ാം മിനുട്ടില്‍ അന്റോണിയോ ജര്‍മന് വീണ്ടും ഓപണ്‍ നെറ്റ് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ഗോകുലം തുടരെ ലജോങ്ങിന്റെ ഗോള്‍മുഖത്തെത്തിയതോടെ ലജോങ് താരങ്ങള്‍ പലപ്പോഴും പരുക്കന്‍ കളി പുറത്തെടുത്തു. ഗോകുലം താരത്തെ ഫൗള്‍ ചെയ്തതിന് ലജോങ് താരം നോവിന്‍ ഗുരുങ്ങിന് 42-ാം മിനുട്ടില്‍ മഞ്ഞക്കാര്‍ഡ് കാണേണ്ടിവന്നു. 43-ാം മിനുട്ടില്‍ കാസ്‌ട്രോ എടുത്ത ഫ്രീകിക്കില്‍ നിന്ന് പന്ത് ലഭിച്ച അഡോ ഗനിക്ക് നല്‍കി. ഓടിയെത്തി ഗനി അത്യുഗ്രന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിക്ക് ശേഷം ഊര്‍ജം വീണ്ടെടുത്ത ഇരുടീമുകളും അക്രമിച്ചുകളിച്ചു.
ഒരു ഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഗോകുലം കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. 56-ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍നിന്നായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കെടുത്ത സാമുവല്‍ ഷോര്‍ട് പന്ത് ജര്‍മന് കൈമാറി. ബോക്‌സിനുള്ളില്‍ നിന്ന് പന്ത് ലഭിച്ച ജര്‍മന്‍ തകര്‍പ്പര്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 2-0. 62-ാം മിനുട്ടില്‍ പ്രതിരോധത്തില്‍ നിന്ന് നിഗം സിങിനെ പിന്‍വലിച്ച് നബിന്‍ റബ്ഹയെ ലജോങ് കളത്തിലിറക്കി. രണ്ടാം ഗോളിന് ശേഷം ഗോകുലം ലജോങ് ഗോള്‍മുഖം അക്രമിച്ചുകൊണ്ടേയിരുന്നു. 65-ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് ഗനി നല്‍കിയ പാസ് ആദ്യ ടച്ചിലൂടെ തന്നെ മലയാളി താരം വലയിലെത്തിച്ചതോടെ മൂന്നാം ഗോളും പിറന്നു.
മൂന്നാം ഗോളും പിറന്നതോടെ ലജോങ് തീര്‍ത്തും പ്രതിരോധത്തിലായി. ലജോങ് നിരന്തരം നടത്തിയ ശ്രമത്തിനൊടുവില്‍ 78-ാം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നു. മധ്യനിരയില്‍ നിന്ന് ശക്താങിന് ലഭിച്ച പന്ത് ഫ്രാങ്കി ബോമിന് നല്‍കി. ബോമ് മികച്ചൊടു ഷോട്ടിലൂടെ ഗോകുലം ഗോള്‍കീപ്പറെ കീഴടക്കി പന്ത് വലയിലെത്തിച്ചു. ജയത്തോടെ അഞ്ചു പോയിന്റുമായി ഗോകുലം പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
നാല് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുള്ള ലജോങ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ നെരോക്ക എഫ്.സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റിയല്‍ കശ്മിരിനെ പരാജയപ്പെടുത്തി. ഛിഡി ഒഡിലിയുടെ ഇരട്ടഗോളിന്റെ പിന്‍ബലത്തിലായിരുന്നു നെരോക്കയുടെ ജയം. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി നെരോക്ക അഞ്ചാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള റിയല്‍ കശ്മിര്‍ പട്ടികയില്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."