മൂന്നില്‍ മൂന്ന്, പരമ്പര തൂത്തുവാരി ഇന്ത്യ
ചെന്നൈ: ടി20യിലെ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യന്‍ മണ്ണില്‍നിന്ന് നാണക്കേടോടെ മടക്കം. ആദ്യ രണ്ട് ടി 20 മത്സരവും സ്വന്തമാക്കി പരമ്പര ഉറപ്പിച്ച ഇന്ത്യയെ മൂന്നാം അങ്കത്തിലും പരാജയപ്പെടുത്താനാവാതെ കരീബിയന്‍ ടീമിന് സ്വന്തം നാട്ടിലേക്ക് വണ്ടി കയറാം. നേരത്തേ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവ് പറഞ്ഞ വിന്‍ഡീസിന് ടി20 പരമ്പരയും നേടാനായില്ല. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ ടി20 പരമ്പര 3-0ന് തൂത്തുവാരി. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട മത്സരത്തിലാണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പരമ്പരയിലെ ടീമിന്റെ കൂറ്റന്‍ സ്‌കോറായ മൂന്നിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 182 റണ്‍സെടുത്ത് വിജയം കണ്ടു.
തുടക്കത്തിലെ ചെറിയ ഞെട്ടലിന് ശേഷം ഒത്തുചേര്‍ന്ന റിഷഭ് പന്ത്-ശിഖര്‍ ധവാന്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയ തീരത്തടുപ്പിച്ചത്. ധവാന്‍ 62 പന്തില്‍ 92 റണ്‍സും പന്ത് 38 പന്തില്‍ 58 റണ്‍സും എടുത്തു. രോഹിത് ശര്‍മയും (4) കെ എല്‍ രാഹുലും (17) നിരാശപ്പെടുത്തി.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ടീമിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷായ് ഹോപും ഷിംറോന്‍ ഹിറ്റ്‌മെയറും ചേര്‍ന്ന് ആദ്യത്തെ പവര്‍പ്ലെയില്‍ 51 റണ്‍സാണ് കുറിച്ചത്. എന്നാല്‍ ഇവരെ പിരിക്കാന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍ തന്നെ വേണ്ടി വന്നു.
22 പന്തില്‍ 24 റണ്‍സെടുത്ത ഹോപിനെ ചഹല്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ബ്രാവോയോടൊപ്പം ഹിറ്റ്‌മെയര്‍ (26) കത്തിക്കയറാന്‍ ശ്രമിച്ചെങ്കിലും രണ്ടാം തവണയും വിന്‍ഡീസിന് ചാഹല്‍ വില്ലനായി. ഇത്തവണ ഹിറ്റ്‌മെയറിനെ ക്രുണാല്‍ പാണ്ഡ്യയുടെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീട് കളത്തിലിറങ്ങിയ രാംദിനും കാര്യമായ സംഭാവനകകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. 15 റണ്‍സെടുത്ത താരത്തിന്റെ കുറ്റി വാഷിങ്ടണ്‍ സുന്ദറും പിഴുതു.
എന്നാല്‍ തുടര്‍ന്ന് കൂട്ടുകെട്ട് സ്ഥാപിച്ച ബ്രാവോയും(43) നിക്കോളാസ് പൂരനും ചേര്‍ന്ന് അക്ഷമനായി തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് പോരാട്ടം 181 റണ്‍സെന്ന കൂറ്റന്‍ നിലയില്‍ അവസാനിച്ചു. 25 പന്തില്‍ നാലു വീതം ഫോറുകളും സിക്‌സറുകളും പറത്തിയ പൂരന്‍ പുറത്താവാതെ 53 റണ്‍സാണ് നേടിയത്. അതേസമയം, 37 പന്തിലാണ് ബ്രാവോ 43 കുറിച്ചത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശപ്പെട്ട തുടക്കമാണ് ലഭിച്ചതെങ്കിലും പന്തും ധവാനും ചേര്‍ന്ന് ആ നിരാശ കാറ്റില്‍ പറത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."