പുറത്തുകടക്കാനാകുമോ സി.പി.എം 'ചട്ടക്കൂടില്‍' നിന്ന് ?
ടി.കെ ജോഷി#
കോഴിക്കോട്: നിലവിലുള്ള നേതൃത്വത്തെ അപ്പാടെ മാറ്റി സി.പി.എം 'ചട്ടക്കൂടില്‍' നിന്ന് പുറത്തുകടക്കാനാകുമോയെന്ന പരീക്ഷണമാണ് ഇന്ന് കോഴിക്കോട്ട് ആരംഭിക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം നടത്തുക.
37 വയസിന് മുകളില്‍ പ്രായമുള്ളവരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ട്രഷററും ഉള്‍പ്പെടെ 40ഓളം പേരാണ് പുറത്തുപോകേണ്ടിവരിക. സി.പി.എം സംസ്ഥാന കമ്മിറ്റിയിലടക്കം അംഗങ്ങളായിട്ടുള്ളവരാണ് ഇതില്‍ ഏറെപേരും. സംസ്ഥാന സെക്രട്ടറി എം. സ്വരാജും പ്രസിഡന്റ് എ.എന്‍ ഷംസീറും സി.പി.എം സംസ്ഥാന സമിതി അംഗങ്ങളാണ്. സംസ്ഥാന ഭാരവാഹികളായ നിരവധിപേര്‍ ജില്ലാ കമ്മിറ്റികളിലുമുണ്ട്.
സംഘടനാ നേതാക്കള്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നതോടെ തീരുമാനങ്ങള്‍ പാര്‍ട്ടി ഫ്രാക്ഷന് ചേര്‍ന്ന് തിരുമാനിക്കേണ്ടിവരുന്നുവെന്ന ആക്ഷേപം ഏറെനാളായി ഉയരുന്നുണ്ട്. പാലക്കാട്ടെ ജില്ലാ കമ്മിറ്റി അംഗമായ യുവതി സി.പി.എം നേതാവും എം.എല്‍.എയുമായ പി.കെ ശശിക്കെതിരേ ലൈംഗിക ആരോപണ പരാതി നല്‍കിയിട്ടും ഡി.വൈ.എഫ്.ഐക്ക് മൗനം പാലിക്കേണ്ടിവന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സി.പി.എമ്മിന്റെ വാലായി പ്രവര്‍ത്തിക്കേണ്ടവരല്ല ഡി.വൈ.എഫ്.ഐയെന്ന് ചൂണ്ടിക്കാട്ടുന്ന അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നാട്ടില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ആ ചട്ടക്കൂട് എത്രമാത്രം തകര്‍ക്കാനാകുമെന്നാണ് ഇനി അറിയേണ്ടത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചുപേര്‍ സമ്മേളന പ്രതിനിധികളായി എത്തുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഇവരില്‍ ആരെയെങ്കിലും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ന് ആംഭിക്കുന്ന സമ്മേളനം 14ന് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."