സാങ്കേതിക സര്‍വകലാശാല: പരീക്ഷാ മൂല്യനിര്‍ണയം കുറ്റമറ്റതാക്കാന്‍ നടപടി
തിരുവനന്തപുരം: പരീക്ഷാ മൂല്യനിര്‍ണയം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടികളുമായി കേരളാ സാങ്കേതിക സര്‍വകലാശാല. അധ്യാപകരുടെ അനാസ്ഥ പരീക്ഷാ ഫല പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്.
സര്‍വകലാശാല ആസ്ഥാനത്തും തൃശൂര്‍ തേജസ് കോളജിലുമായി നടന്ന പ്രിന്‍സിപ്പല്‍മാരുടെ മേഖലായോഗങ്ങളില്‍ ഇതുസംബന്ധിച്ച ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷാമൂല്യനിര്‍ണയം കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ചോദ്യപേപ്പര്‍ തയാറാക്കുന്നതിന് വിദഗ്ധരായ അധ്യാപകരുടെ സേവനം സമയബന്ധിതമായി ലഭിക്കുന്നില്ല. മൂല്യനിര്‍ണയത്തില്‍ ചില ചീഫ് എക്‌സാമിനര്‍മാരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ട്. ഇത് ഫല പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും യോഗങ്ങള്‍ വിലയിരുത്തി.
25 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കെങ്കിലും പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിക്കേണ്ടിവരുന്നുണ്ട്. ഈ അപേക്ഷകരിലെ മുപ്പത് ശതമാനത്തോളവും പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിക്കുന്നുവെന്നതും ഗൗരവമായി കാണേണ്ടതുണ്ട്.
മൂല്യനിര്‍ണയത്തിനായി തയാറാക്കുന്ന മാര്‍ഗരേഖകളിലെ (സ്‌കീം ഓഫ് വാലുവേഷന്‍) അപൂര്‍ണതകളുംഅപര്യാപ്തതകളും പിഴവുകളുമാണ് തെറ്റായ മൂല്യനിര്‍ണയത്തിനും ഫലപ്രഖ്യാപനത്തിനും പ്രധാനമായും കാരണമാകുന്നത്.
അതിനാല്‍ മൂല്യനിര്‍ണയ മാര്‍ഗരേഖകള്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് നേരത്തെലഭ്യമാക്കുവാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുന്നതിനും തീരുമാനമായി.
മൂല്യനിര്‍ണയം ആരംഭിക്കുന്നതിന് മുമ്പുതന്നെ ചീഫ് എക്‌സാമിനര്‍മാരും പരീക്ഷാ ചെയര്‍മാന്മാരും ഇവ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതാണ്.
എല്ലാ ചോദ്യപേപ്പറുകളുടെയും അന്തിമ മൂല്യനിര്‍ണയമാര്‍ഗരേഖകള്‍ മൂല്യനിര്‍ണയ ക്യാംപുകള്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് അവരുടെ വ്യക്തിഗത പോര്‍ട്ടറില്‍ ലഭ്യമാക്കുവാനും തീരുമാനിച്ചു.
മൂല്യനിര്‍ണയ ക്യാംപുകളിലെ പങ്കാളിത്തം ഉറപ്പുവരുത്തുവാനായി ഗസ്റ്റ് അധ്യാപകരെ ചുരുങ്ങിയത് രണ്ടുവര്‍ഷ കാലയളവുകളിലേക്കുള്ള ടേം നിയമനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. മൂല്യനിര്‍ണയം വേഗത്തിലാക്കാന്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍കിങ് സംവിധാനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും യോഗങ്ങളില്‍ അഭിപ്രായമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."