പങ്കാളിത്ത പെന്‍ഷന്‍ വ്യാപിപ്പിക്കാന്‍ നീക്കം
മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു അധ്യക്ഷനായ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ കഴിഞ്ഞദിവസം ചുമതലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (പി.എഫ്.ആര്‍.ഡി.എ) ചേര്‍ന്ന് വര്‍ക്ക്‌ഷോപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കെയാണ് പങ്കാളിത്ത പെന്‍ഷന്‍ (പി.എഫ്) നടപ്പാക്കിയത്. ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പിന് ഇത് കാരണമായിരുന്നു.
നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് പ്രകടനപത്രികയിലും പിന്നീട് നിയമസഭയിലും ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു അധ്യക്ഷനായും മുന്‍ നികുതി സെക്രട്ടറി പി. മാരപാണ്ഡ്യന്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ഗിഫ്റ്റ്) ഡയരക്ടര്‍ ഡോ. ഡി.നാരായണ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയെ നിയമിച്ചുകൊണ്ട് നവംബര്‍ ഏഴിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് വര്‍ക്ക്‌ഷോപ്പ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ ജീവനക്കാര്‍ ഇതുവരെ ഒടുക്കിയ വിഹിതം ഏതുവിധത്തില്‍ കൈകാര്യം ചെയ്യും, സര്‍ക്കാര്‍ ഇതുവരെ ഒടുക്കിയ വിഹിതം തിരികെ ലഭ്യമാകുമോ, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യത്തിലെ നിയമവ്യവസ്ഥ തുടങ്ങിയവ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."