നമുക്കുമുണ്ട്, വര്‍ണവെറിയുടെ മനസ്സ്
പ്രബുദ്ധര്‍, ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍. മലയാളി സ്വയംപുകഴ്ത്തലിന്റെ വിശിഷ്ട പദങ്ങള്‍. എന്നാല്‍, ഈ വാക്കുകള്‍ അന്വര്‍ഥമാക്കുന്ന ചെയ്തികള്‍ക്കപ്പുറം അനര്‍ഥമാക്കുന്ന മാനസികവ്യവഹാരങ്ങളും മലയാളിക്കുണ്ട്. പുറമേ തോന്നില്ലെങ്കിലും മലയാളമനസ്സിന്റെ അകങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു വിത്തുപാകപ്പെട്ട വര്‍ണവെറിയുടെ കാടത്തം ഇപ്പോഴും നിലനില്‍ക്കുന്നു. പല കാലങ്ങളിലെ വിപ്ലവങ്ങള്‍ ഇവ തുടച്ചുമാറ്റിയെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്നുവെങ്കിലും ചിലപ്പോഴൊക്കെ മലയാളം ഈ കാടത്തം പുറംതള്ളാറുണ്ട്.
കളിക്കളത്തിലും അല്ലാതെയുമുള്ള പാശ്ചാത്യരുടെ വര്‍ണവെറി പൊടിപ്പും തൊങ്ങലും ചേര്‍ത്തു വിളമ്പുന്ന മലയാളമനസ്സിന്റെ വര്‍ണവെറി അതിനേക്കാള്‍ ഭയാനകമാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളോടു ചില രാഷ്ട്രങ്ങള്‍ വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതാമനോഭാവത്തിനെതിരേ മലയാളി ദയാദാക്ഷിണ്യമില്ലാതെയാണു സമൂഹവാര്‍ത്താമാധ്യമങ്ങളിലൂടെ പ്രകടനം നടത്തുന്നത്. എന്നാല്‍, സ്വന്തംദേശത്തെ കറുത്തവരായ ആദിവാസികളെ ചൂഷണംചെയ്യാനും ഇകഴ്ത്താനും കിട്ടിയ ഒരവസരവും പാഴാക്കാതിരിക്കാനും കേരളം ശ്രമിക്കാറുണ്ട്.
ഗോത്രവിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിക്കായി ഗോത്രബന്ധു ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനിടയിലാണു മലപ്പുറത്തെ ചുങ്കത്തറ സ്‌കൂളില്‍ കഴിഞ്ഞ ദിവസം ആദിവാസിവിദ്യാര്‍ഥികള്‍ വംശീയാധിക്ഷേപത്തിന് ഇരകളായത്. ഇവര്‍ക്കു സ്‌കൂളിലേക്കുള്ള പ്രവേശനം തടയുന്നതരത്തിലായിരുന്നു മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന പ്രധാനാധ്യാപകന്റെ ശബ്ദരേഖ. പൊതുവിദ്യാഭ്യാസ സംരക്ഷണം ഉറപ്പാക്കേണ്ട അധ്യാപകനില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായതു ഗൗരവതരമാണ്.
'ആദിവാസി കുട്ടികളൊഴികെ എല്ലാവരും വിജയിച്ചു. അവര്‍ സ്‌കൂളിലേക്കു വരികയുമില്ല, പരീക്ഷാഫലങ്ങളില്‍ സ്‌കൂളിനെ പിന്നോട്ടാക്കുകയും ചെയ്യും'. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നപ്പോള്‍ സ്‌കൂളിന്റെ നേട്ടം പത്രവാര്‍ത്തയാക്കാന്‍വേണ്ടി വിളിച്ച ഒരു പി.ടി.എ പ്രസിഡന്റിന്റെ വാക്കുകളാണിത്. സ്‌കൂളിന്റെ നേട്ടത്തിനു കോട്ടം വരുത്തിയ ആദിവാസിവിഭാഗത്തെ ആക്ഷേപിച്ചു നെടുവീര്‍പ്പിട്ടു പുളകംകൊള്ളുന്നവര്‍ മനുഷ്യനായി സമൂഹത്തിനിടയില്‍ ജീവിക്കാനുള്ള ഇവരുടെ അവകാശമാണു ചോദ്യംചെയ്യുന്നത്.
ആദിവാസികളുടെ സംസ്‌കാരവും പൈതൃകവും പഠനവിഷയങ്ങള്‍ മാത്രമാകുമ്പോള്‍ ഇവരുടെ രാഷ്ട്രീയമില്ലായ്മ മുഖ്യാധാരാ രാഷ്ട്രീയങ്ങള്‍ കാലാകാലങ്ങളായി വോട്ടുബാങ്കായി ഉപയോഗപ്പെടുത്തുകയാണ്. ഒറ്റയ്ക്കു നിന്നാല്‍ ഒന്നും നേടില്ലെന്ന മിഥ്യാധാരണ ഇവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടങ്ങള്‍ എന്നും ശ്രമിക്കാറുണ്ടെന്നതു യാഥാര്‍ഥ്യമാണ്. ആദിവാസികള്‍ മുഖ്യാധാരാസമൂഹത്തിന്റെ പിന്തുണയില്ലാതെ ഒറ്റക്കിറങ്ങിയ സമരങ്ങളുടെ അന്ത്യം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. പൊതുസമൂഹത്തിന്റെ പിന്തുണനേടിയ സമരങ്ങളുടെ അവസ്ഥ വിഭിന്നമാണ്. മണ്ണിനുവേണ്ടിയുള്ള ആദിവാസികളുടെ നില്‍പ്പുസമരം സാംസ്‌കാരികകേരളം ഏറ്റെടുത്തപ്പോള്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ഇവരോടു ചര്‍ച്ചയെങ്കിലും നടത്തേണ്ടിവന്നു. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കാലങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കാത്തതോടെ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ വീണ്ടും നില്‍പ്പുസമരം പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യവും വിസ്മരിക്കാനാകാത്തതാണ്.
ആദിവാസി സമൂഹത്തിന്റെ സംസ്‌കാരവും പൈതൃകവും ഇല്ലാതാക്കുന്ന മദ്യമെന്ന വിഷത്തിനെതിരേ മാനന്തവാടിയിലെ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം അഞ്ഞൂറു ദിനങ്ങള്‍ പിന്നിട്ടിട്ടും തുടരുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മുഖ്യധാരാസംഘടനകള്‍ മദ്യശാലകള്‍ക്കെതിരേ നടത്തിയ സമരങ്ങള്‍ക്കു വിജയചരിത്രം മാത്രമാണുള്ളത്.
ആദിവാസികള്‍ക്കു നേതൃത്വമുണ്ടാകുന്നതും വിപ്ലവസമരങ്ങള്‍ക്കു മുന്നിട്ടിറങ്ങുന്നതും പലര്‍ക്കും രസിക്കാത്തതിന്റെ ഫലമാണു മുത്തങ്ങ സമരത്തില്‍ തോളോടുതോള്‍ ചേര്‍ന്നവരെ അധികാരത്തിന്റെ എച്ചില്‍ചോറു കാണിച്ചു ഭിന്നിപ്പിച്ചത്. ഒരുതരത്തില്‍ തന്റെ സമൂഹത്തിനു രാഷ്ട്രീയ-സാമൂഹ്യ നേതൃനിര അന്യമാണെന്ന തിരിച്ചറിവാകാം, സി.കെ ജാനുവിനെപ്പോലുള്ള ആദിവാസിനേതാവിനെ എന്‍.ഡി.എ പാളയത്തിലെത്തിച്ചത്.
രാഷ്ട്രീയ-സാമൂഹ്യമേഖലകളില്‍ ഗോത്രവിഭാഗങ്ങള്‍ ഇകഴ്ത്തപ്പെടുന്നതിനിടയില്‍ നേരിയതോതിലെങ്കിലും ആശ്വാസമായിരുന്നതു പൊതുവിദ്യാഭ്യാസമേഖലയാണ്. എന്നാല്‍, വിദ്യാര്‍ഥിയുടെ വിവിധോന്മുഖ പുരോഗതിക്കപ്പുറം സ്‌കൂളുകളുടെ നൂറുമേനി സ്വപ്നങ്ങള്‍ക്കു ഗോത്രവിഭാഗങ്ങള്‍ വിലങ്ങുതടിയായതോടെ പൊതുവിദ്യാഭ്യാസമേഖലയിലും ഇവര്‍ തഴയപ്പെടുകയാണ്.
ഈ ഇകഴ്ത്തലുകളും അവഗണനയും ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന മാവോവാദി സംഘങ്ങള്‍ക്കാണു നേട്ടമാകുന്നത്. എന്നാല്‍, ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഈ സാഹചര്യം ഭരണകൂടങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഗോത്രവിഭാഗങ്ങള്‍ ഏറെയുള്ള വയനാട്, പാലക്കാട് പോലുള്ള ജില്ലകളില്‍ മാവോവാദിസംഘങ്ങളുടെ ഇടക്കിടയ്ക്കുള്ള പ്രത്യക്ഷപ്പെടലുകള്‍ വേരുറപ്പിക്കാനുള്ള വിത്തിടലാണ്. ഇതിനാണു പല സാഹചര്യങ്ങളിലായി കേരളം വളമൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."