വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിന് വോട്ടുചെയ്യാന്‍ നിര്‍ദേശിച്ച് എന്‍.എസ്.എസ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന് വോട്ടുചെയ്യാന്‍ എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്കി.
വട്ടിയൂര്‍ക്കാവില്‍ ശരിദൂരമെന്നാല്‍ യു.ഡി.എഫിനൊപ്പം എന്നാണെന്ന് താലൂക്ക് യൂനിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാര്‍ വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ച ശരിദൂര നിലപാട് എന്താണ് എന്ന് തിരുവനന്തപുരം താലൂക്ക് യൂനിയന്‍ എല്ലാ കരയോഗങ്ങളെയും അറിയിച്ചുകൊണ്ടിരിക്കുകയാണ്.
കേശവദാസപുരം കരയോഗം മീറ്റിങ്ങിനെത്തിയപ്പോഴാണ് താലൂക്ക് യൂനിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ യു.ഡി.എഫിന് അനുകൂലമായി ഇത്തവണ സമുദായാംഗങ്ങള്‍ വോട്ട് ചെയ്യണമെന്ന് പരസ്യമായി പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിലും എന്‍.എസ്.എസ് നിലപാട് യു.ഡി.എഫിന് അനുകൂലമായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ അതെല്ലാം മാറ്റിവച്ചാണ് ഇപ്പോള്‍ പരസ്യപ്രഖ്യാപനം വന്നിരിക്കുന്നത്. താലൂക്ക് യൂനിയന്‍ പ്രസിഡന്റാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെങ്കിലും എന്‍.എസ്.എസ് നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തിനുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ താലൂക്ക് യൂനിയന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തെ തള്ളാനോ കൊള്ളാനോ എന്‍.എസ്.എസ് നേതൃത്വം തയാറായിട്ടില്ല.
മണ്ഡലത്തിലെ 42 ശതമാനത്തിലേറെ വോട്ടര്‍മാര്‍ നായര്‍ സമുദായത്തില്‍പെട്ടവരാണ് എന്നതിനാല്‍ സമുദായ സമവാക്യങ്ങള്‍ ഏറെ സ്വാധീനിക്കപ്പെടുന്ന വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് നിലപാട് യു.ഡി.എഫിന് ഗുണം ചെയ്യും. അതേസമയം നായര്‍ സമുദായത്തില്‍പെട്ടവരെല്ലാം എന്‍.എസ്.എസ് പറയുന്നതുപോലെ വോട്ടു ചെയ്യില്ലെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."