കാള്‍ സെന്റര്‍ തുടങ്ങാനെന്ന പേരില്‍ പണംവാങ്ങി കബളിച്ച പ്രതി പിടിയില്‍
എടക്കര: സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കാള്‍ സെന്റര്‍ തുടങ്ങാന്‍ പണം വാങ്ങി കബളിച്ച കേസില്‍ പ്രതി പിടിയില്‍. വടകര സ്വദേശി മുസ്‌ലിയാരവിട ഷെബീര്‍( 29 )ആണ് പൊലിസ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് പ്രതി ഇതുസംബന്ധിച്ചു പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടു വിളിച്ച എടക്കര പാലേമാട് കട നടത്തുന്ന നിസാമുദ്ദീനാണ് പ്രതിയുടെ വലയത്തില്‍പ്പെട്ടത്.
പുതിയതായി തുടങ്ങുന്ന സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ 4ജി സിസ്റ്റത്തിന് വേണ്ടി ഉപഭോക്താക്കളുടെ നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു.
ഒരു നമ്പറിന് അഞ്ച് രൂപ നിരക്കില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ പേരില്‍ 55,000 രൂപ കൈക്കലാക്കുകയും ചെയ്തു. ലക്ഷങ്ങള്‍ മുടക്കി കാള്‍ സെന്റര്‍ തുറന്ന് അഞ്ചോളം ജീവനക്കാരെ നിയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ഷബീറിന്റെ കമ്പനിയിലേക്ക് കൊടുത്തുവരികയായിരിന്നു നിസാമുദ്ദീന്‍. ഇതിനിടയില്‍ ഷബീറിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. എറണാകുളത്തെ കമ്പനിയില്‍ നേരിട്ടെത്തി അന്വേഷിച്ചെങ്കിലും ഷബീര്‍ മുങ്ങിയിരുന്നു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍, എ.എസ്.ഐ അസൈനാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."