ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരവും കിട്ടാക്കനിയാവും
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ സുപ്രിംകോടതി ഉടമകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക പലര്‍ക്കും കിട്ടാക്കനിയായേക്കും. ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതാണ് പലര്‍ക്കും വിനയായിരിക്കുന്നത്.
വളരെ കുറഞ്ഞതുകയ്ക്ക് ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവരും വെട്ടിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ നികുതിയില്‍ നിന്നൊഴിവാകാന്‍ ഒരുലക്ഷത്തില്‍ താഴെവരെ രൂപയ്ക്ക് ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവരും ഉടമകള്‍ക്കിടയിലുണ്ട്. ഫ്‌ളാറ്റ് വിലയുടെ 13 ശതമാനമാണ് മുദ്രപത്ര വില. ഇതിനുപുറമെ രജിസ്‌ട്രേഷന്‍ ഫീസും വരും.
ഒരുകോടിയുടെ ഫ്‌ളാറ്റ് യഥാര്‍ഥവിലയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 15 ലക്ഷത്തിലധികം രൂപ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടതുണ്ട്. എന്നാല്‍ നികുതി വെട്ടിക്കാന്‍ കുറഞ്ഞ വിലയില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയെന്ന് കാണിച്ച് ഇവര്‍ സമ്പാദിച്ച രേഖകളാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപ തങ്ങള്‍ ഫ്‌ളാറ്റിനായി മുടക്കിയിട്ടുണ്ടെന്ന് ചില ഉടമകള്‍ ഇതിനോടകം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗസമിതിയുടെ ആദ്യയോഗത്തില്‍ തന്നെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചെങ്കില്‍ മാത്രമെ നഷ്ടപരിഹാരം നല്‍കുകയുള്ളൂ എന്ന് തീരുമാനമെടുത്തിരുന്നു. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നായി 241 ഉടമകളാണ് തങ്ങള്‍ ഫ്‌ളാറ്റ് ഒഴിഞ്ഞുപോയതായി മരട് നഗരസഭയ്ക്ക് വിവരം നല്‍കിയത്. ഫ്‌ളാറ്റ് ഒഴിഞ്ഞുപോകുന്നവര്‍ മുന്‍സിപ്പാലിറ്റിയിലെത്തി രേഖകള്‍ കൈമാറിയാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അര്‍ഹത നേടൂ എന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതില്‍ 135 ഫ്‌ളാറ്റുടമകള്‍ മാത്രമാണ് ഉടമസ്ഥാവകാശ രേഖകള്‍ സമര്‍പ്പിച്ചത്.
106 പേര്‍ വില്‍പന കരാര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ റവന്യൂവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമ്പാദിക്കാത്ത ഇത്തരക്കാരെ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യേണ്ട എന്ന നിലപാടിലാണ് സമിതി. ഇതുവരെ നഗരസഭയില്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് 28 ഫ്‌ളാറ്റുടമകള്‍ മാത്രമാണ്. ഇവരുടെ അപേക്ഷകള്‍ പരിശോധിച്ചപ്പോള്‍ 19 പേര്‍ മാത്രമാണ് രേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയത്. 19 പേരുടെ പട്ടിക നഗരസഭ സമിതിക്ക് കൈമാറിയെങ്കിലും ഉടമസ്ഥാവകാശ രേഖകളുടെ അഭാവത്തില്‍ അഞ്ച് പേരുടെ അപേക്ഷ മാറ്റിവയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ വെറും 14 പേരെ മാത്രമാണ് സമിതിക്ക് നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞത്. 50 ലക്ഷം മുതല്‍ ഒന്നരക്കോടിവരെ വിലവരുന്ന ഫ്‌ളാറ്റുകള്‍ക്ക് 25 ലക്ഷം രൂപ ആദ്യഗഡു നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ആധാരത്തില്‍ കാണിച്ചിരിക്കുന്ന തുക കുറവായതിനാല്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത് വെറും മൂന്നുപേരെ മാത്രമാണ്. അതേസമയം ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കുന്നത് എന്നതിനാല്‍ നിര്‍മാതാക്കളെ സഹായിക്കാനാണ് സമിതി തങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നതെന്ന് വില്‍പനക്കരാര്‍ മാത്രം കൈവശമുള്ള ഫ്‌ളാറ്റുടമകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."