ഗള്‍ഫില്‍നിന്നെത്തിയ ആളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന ഏഴംഗസംഘം അറസ്റ്റില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടര കിലോ സ്വര്‍ണവുമായി എത്തിയ യാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത ഏഴംഗ സംഘത്തെ കൊണ്ടോട്ടി പൊലിസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുസ്തഫ(36), നല്ലളം കൊളത്തറ എരഞ്ഞിക്കല്‍ റംഷിഹാദ്(36), കല്ലായിയിലെ കെ.പി ഷൗക്കത്തലി(35), പയ്യാനക്കല്‍ സ്വദേശി എ.ടി ഫാസിര്‍(33), മലയമ്മ തടത്തുമ്മല്‍ ഇര്‍ഷാദ്(31), തിരുവമ്പാടി കോട്ടയില്‍ മുഹമ്മദ് ബഷീര്‍(41), ചക്കും കടവ് പള്ളിപ്പറമ്പില്‍ നൗഷാദ്(47)എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പൊലിസ് പറയുന്നത് ഇങ്ങിനെ: തിരുവമ്പാടി സ്വദേശിയായ യാത്രക്കാരന്‍ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിലെ മുണ്ടക്കുളത്ത് വച്ച് കാറിലും ബൈക്കിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരന്‍ കൊണ്ടോട്ടി പൊലിസില്‍ പരാതി നല്‍കി. പണം അപഹരിച്ചുവെന്നായിരുന്നു പരാതിയെങ്കിലും അന്വേഷണത്തിലാണ് സ്വര്‍ണക്കടത്താണെന്ന് ബോധ്യമായത്.
സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അരയില്‍ കെട്ടിവച്ച് എത്തിയ യാത്രക്കാരന്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാണ് പുറത്ത് കടന്നിരുന്നത്. ഇത് മണത്തറിഞ്ഞ് പ്രതികളിലൊരാളായ ബഷീര്‍ ഇയാളെ സ്വീകരിക്കാന്‍ ബന്ധുക്കളോടൊപ്പം കാര്‍ ഡ്രൈവറായി എത്തിയിരുന്നു. തുടര്‍ന്ന് യാത്രക്കാരന്‍ സഞ്ചരിച്ച കാറിനെ മറ്റെരു കാറിലും ബൈക്കിലും പിന്തുടര്‍ന്ന സംഘം മുണ്ടക്കുളത്ത്‌വച്ച് ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു. ആക്രമണത്തില്‍ ബഷീറിനും പരുക്കേറ്റിരുന്നു. ബഷീര്‍ സംഘത്തില്‍പ്പെട്ടയാളാണെന്ന് യാത്രക്കാരനടക്കം പിന്നീടാണ് ബോധ്യമായത്.
കൊണ്ടോട്ടി സി.ഐ ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിന് തുമ്പുണ്ടാക്കിയത്. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസിന് കൈമാറും. പ്രതികളില്‍ നിന്ന് സ്വര്‍ണം കണ്ടെടുക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."