യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം: പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട (തൃശൂര്‍): പമ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. മറ്റത്തൂര്‍ വട്ടപ്പറമ്പന്‍ ബിനീതിനെ(30)യാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ. ഷൈന്‍ ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം. കോടാലി മൂന്നുമുറിയിലുള്ള പമ്പില്‍വച്ച് ഇന്ധനം നിറച്ച ശേഷം വണ്ടി മാറ്റിക്കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ മുപ്ലിയം മാണൂക്കാടന്വീട്ടില് ദിലീപ് (31)നെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.
സംഭവത്തില്‍ മോട്ടോര്‍ സൈക്കിള്‍ കത്തിനശിക്കുകയും ദിലീപിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പമ്പിലെ ജീവനക്കാരായ സുധ, സൂരജ് എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണ് ബിനീത്.
കൊലപാതകശ്രമത്തിന് ഏഴുവര്‍ഷവും പെട്രോള്‍ ഉപയോഗിച്ച് തീവച്ച കുറ്റത്തിന് ഏഴുവര്‍ഷവും നാശനഷ്ടം വരുത്തിയതിന് ഒരു വര്‍ഷവും ഉള്‍പ്പെടെയാണ് 15 വര്‍ഷം ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം അഞ്ചുമാസം കൂടി തടവ് അനുഭവിക്കണം. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ ജോബി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."