ഹാദിയ വീട്ടുതടങ്കലില്‍: മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
കോട്ടയം: വിവാഹം അസാധുവാക്കി രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടയച്ച ഹാദിയ വീട്ടിനുള്ളില്‍ കടുത്ത മനുഷ്യാവകാശ ലംഘനം അനുഭവിക്കുകയാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. ആരോപണം ശരിയാണെങ്കില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഹാദിയ അനുഭവിക്കുന്നതെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു. ഹാദിയയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കോട്ടയം ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
ഹാദിയയെ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും രക്ഷകര്‍ത്താക്കള്‍ അനുവദിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. പൊലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് ഹാദിയയുടെ വീട്ടുതടങ്കല്‍. ടി.വി കാണാന്‍ അനുവാദമില്ല. നോമ്പ് എടുക്കാറുണ്ട്. ഖുര്‍ആന്‍ വായിക്കാനാണ് സമയം ചെലവാക്കുന്നത്. മുറിക്കകത്തുള്ള കുളിമുറിയില്‍ വസ്ത്രം അലക്കും. കഴുകിയ വസ്ത്രങ്ങള്‍ പുറത്ത് ഉണങ്ങാനിടാന്‍ അനുവാദമില്ല. ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം മാത്രമാണ് കഴിക്കുന്നത്. സ്ഥലത്തുള്ള വനിതാ പൊലിസുകാര്‍ക്ക് പോലും ഹാദിയക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ അനുവാദമില്ല. വനിതാ പൊലിസ് വീട്ടിലേക്കു കയറുമ്പോള്‍ ഫോണ്‍ വീട്ടുകാരെ ഏല്‍പ്പിക്കണം.
വൈക്കം ടി.വി പുരം സ്വദേശിനിയാണ് അഖില എന്ന ഹാദിയ. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തി എന്ന പേരിലാണ് വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് ഹാദിയ ടി.വി പുരത്തെ വസതിയില്‍ കഴിയുന്നത്.
ഹാദിയയുടെ വീടും പ്രദേശവും പൊലിസ് നിരീക്ഷണത്തിലാണ്. ഹാദിയയുടെ ജീവതത്തെക്കുറിച്ച് നാട്ടുകാരനായ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ശാസ്ത്ര സാഹിത്യപരിഷത്ത് അംഗങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, പൊലിസ് അനുവദിച്ചില്ല. പൊലിസിന്റെ ഇടപെടലുകള്‍ സ്ഥലത്തെ ക്രമസമാധാന നില പോലും തകരാറിലാക്കിയെന്നും പരാതിയില്‍ പറയുന്നു. എല്‍.നസീമയാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."