പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ റിമാന്‍ഡിലായ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മുഖ്യപ്രതി ജോളി, കൂട്ടുപ്രതികളായ എം.എസ് മാത്യു, പ്രജികുമാര്‍ എന്നിവരെ ആറു ദിവസത്തേക്കാണ് ഈ മാസം പത്തിന് താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നത്. പതിനൊന്നു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനായിരുന്നു പൊലിസ് ആവശ്യപ്പെട്ടതെങ്കിലും ആറുദിവസത്തേക്കാണ് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വിട്ടുകൊടുത്തിരുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് മുന്‍പ് പ്രതികളെ കോടതിയില്‍ ഹാജരാക്കണം. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
പൊന്നാമറ്റം ടോംതോമസിന്റെ മകന് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോളിയും ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവും സ്വര്ണപണിക്കാരന് പ്രജികുമാറും അറസ്റ്റിലായത്. 2002 മുതല്‍ ഈ കുടുംബത്തില്‍ നടന്ന ആറു കൊലപാതകങ്ങളിലും തനിക്കു പങ്കുണ്ടെന്ന് ജോളി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. അത്രയും വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ തെളിവുകള്‍ കണ്ടെത്തുക പൊലിസിന് വെല്ലുവിളിയാണ്.
തെളിവെടുപ്പിനിടയില്‍ റോയി തോമസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സയനൈഡിന്റെ ബാക്കിയെന്ന് സംശയിക്കുന്ന പൊടിയടങ്ങിയ ഡെപ്പി ആദ്യദിവസം വീട്ടില്‍ നിന്ന് ജോളി എടുത്തുനല്‍കിയിരുന്നു.
തിങ്കളാഴ്ച രാത്രി നടത്തിയ തെളിവെടുപ്പില്‍ അടുക്കളയില്‍ കുപ്പിയില്‍ സൂക്ഷിച്ച സയനൈഡ് കണ്ടെത്തിയിരുന്നു. കുപ്പി തുണികൊണ്ട് പൊതിഞ്ഞശേഷം പാത്രത്തിനടിയില്‍ സൂക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്. ജോളി തന്നെയാണ് അന്വേഷണസംഘത്തിന് ഇത് എടുത്തുകൊടുത്തത്.
കൂടത്തായിയില്‍ നടന്ന മറ്റ് അഞ്ചു കൊലപാതകത്തിലും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് താമരശേരി സ്റ്റേഷനിലും നാലെണ്ണം കോടഞ്ചേരി പൊലിസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലും ജോളിയാണ് ഒന്നാം പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."