ബിഹാര്‍ എന്‍.ഡി.എയില്‍ പ്രതിസന്ധി; കുശ്വാഹ ശരത് യാദവുമായി ചര്‍ച്ച നടത്തി
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എയിലെ സീറ്റ് വിഭജനത്തെ തുടര്‍ന്നുണ്ടായ വിവാദം സ്ഫോടനാത്മകമായ സാഹചര്യത്തിലേക്കു നീങ്ങുന്നു.
സംസ്ഥാനത്തെ 40 ലോക്സഭാ സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തില്‍ മുന്നണിക്കു കടുത്ത വെല്ലുവിളിയാണ് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ ഉയര്‍ത്തുന്നത്.
ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറുമായുള്ള തര്‍ക്കവും സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണ്. അര്‍ഹമായ സീറ്റ് ആര്.എല്‍.എസ്.പിക്കു ലഭിച്ചിട്ടില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നേരത്തേതന്നെ ഉന്നയിച്ച അദ്ദേഹം, ഇന്നലെ ലോക് താന്ത്രിക് ദള്‍ അധ്യക്ഷന്‍ ശരത് യാദവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
ഇരുവരും നടത്തിയ ചര്‍ച്ച വലിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. തന്റെ പാര്‍ട്ടിയിലെ എം.എല്‍.എമാരെ തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശ്രമിക്കുന്നതെന്നും തന്നെയും തന്റെ പാര്‍ട്ടിയേയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം ഘടകകക്ഷിയെന്ന നിലയില്‍ ഇത്തരമൊരു ശ്രമം നടത്തുന്നതു ശരിയല്ലെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. പാര്‍ട്ടി എം.എല്‍.എമാരെ ജെ.ഡി.യുവിലേക്കു കൊണ്ടുവന്നു മന്ത്രിമാരാക്കാമെന്നു വാഗ്ദാനം ചെയ്തു നീതിഷ് ആര്.എല്‍.എസ്.പിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടയില്‍ രാംവിലാസ് പസ്വാന്റെ പാര്‍ട്ടിയായ എല്‍.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ചിരാഗ് പാസ്വാനും സീറ്റ് വിഭജനത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."