'അയിത്താചരണങ്ങള്‍ക്കെതിരേ സമരം നടത്തിയവരെ വിശ്വാസി സമൂഹം വിസ്മരിച്ചു'
പാലക്കാട്: ക്ഷേത്രപ്രവേശന വിളംബരം ഉള്‍പ്പെടെ അയിത്താചരണങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കാരണക്കാരായവരെ പിന്നീടുവന്ന വിശ്വാസി സമൂഹം വിസ്മരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്തുവെന്ന് ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വി.കെ വിമലന്‍. നവോഥാന മുന്നേറ്റങ്ങള്‍ക്കായി പ്രയത്‌നിച്ചത് വിശ്വാസികളുടെ നന്ദിപ്രകടനം ആഗ്രഹിച്ചല്ലാത്തതിനാല്‍ നിരാശയില്ലെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലനിന്നിരുന്ന അയിത്തം അവസാനിപ്പിച്ചത് ദലിത് സംഘടനകള്‍ നടത്തിയ പോരാട്ടത്തിന് ഒടുവിലായിരുന്നു. ബ്രാഹ്മണര്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന ഊട്ടുപുരയില്‍ ഹിന്ദുമതത്തിലെ എല്ലാവര്‍ക്കും കടക്കാന്‍ കഴിഞ്ഞുവെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന മറ്റു ജാതി വേര്‍ത്തിരിവുകള്‍ മാറ്റാന്‍ കഴിഞ്ഞില്ലെന്നും അന്നത്തെ സമരത്തില്‍ പങ്കെടുത്ത വിമലന്‍ പറയുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം ഊട്ടുപുരയിലിരുന്ന് ദലിത് നേതാക്കള്‍ സദ്യ കഴിച്ചാണ് സമരം അവസാനിപ്പിച്ചത്. 1983 ഫെബ്രുവരി ഒന്നിനാണ് കേരള ഹരിജന്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പത്മനാഭ ക്ഷേത്ര നടയില്‍നിന്നും ഗുരുവായൂരിലേക്ക് ഊട്ടുപുര കാല്‍നടയാത്ര ആരംഭിച്ചത്. 13 ദിവസം കൊണ്ടാണ് യാത്ര ഗുരുവായൂരില്‍ നടന്നെത്തിയത്. പദയാത്ര ഓരോ ദിവസവും പിന്നിടുമ്പോഴും സംഘര്‍ഷ സാധ്യത ഏറിവന്നുവെന്ന് വിമലന്‍ ഓര്‍ക്കുന്നു.
യാത്രയ്‌ക്കെതിരേ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ജാഥയില്‍ പങ്കെടുക്കുന്നവര്‍ പരിവര്‍ത്തിത ക്രൈസ്തവരാണെന്ന ആരോപണവും ഉന്നയിച്ചു. ഇതിനെതിരേ കെ.പി.എം.എസ് അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയിരുന്നു.
പിന്നീട് 1983 ഡിസംബര്‍ നാലിന് നമസ്‌കാര സദ്യയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഡിസംബര്‍ 31ന് കോടതിവിധിയും വന്നു. എന്നാല്‍ മറ്റു പലയിടത്തും ദലിതര്‍ അടക്കമുള്ളവരെ മാറ്റിനിര്‍ത്തുന്നുണ്ട്. ഒരു ചരിത്രസംഭവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനമുണ്ടെന്നും വിമലന്‍ പറയുന്നു. വൈക്കം തലയാഴം സ്വദേശിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."