ശബരിമല: സുരക്ഷാസംവിധാനത്തില്‍ അടിമുടി മാറ്റം
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്തെ സുരക്ഷാ സംവിധാനത്തില്‍ അടിമുടി മാറ്റംവരുത്താന്‍ ഇന്നലെ ചേര്‍ന്ന പൊലിസിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.
ഇന്ന് സുപ്രിംകോടതിയുടെ തീരുമാനം വന്നതിനു ശേഷമാണ് ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുക.
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും നിയോഗിച്ച പൊലിസ് വിന്യാസം കൊണ്ട് യുവതീപ്രവേശനം സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് പൊലിസ്.
മണ്ഡലകാലത്ത് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ആയുധധാരികളായ പ്രത്യേകസംഘവും സന്നിധാനത്ത് എത്തിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് കോടതി തീരുമാനത്തിനുശേഷം മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി സംസ്ഥാന പൊലിസ് മേധാവി സംസാരിക്കും.
മൂന്ന് വിഭാഗമായി സായുധരായ 18,000 പൊലിസുകാരെ നിയോഗിക്കാനാണ് തീരുമാനം. ഐ.ജിമാരുടെയും ഐ.പി.എസുകാരായ എസ്.പിമാരുടെയും നേതൃത്വത്തില്‍ നിലയ്ക്കല്‍, പമ്പ, എരുമേലി, സന്നിധാനം എന്നിവിടങ്ങളില്‍ 6,000 പൊലിസുകാരെ വിന്യസിക്കും. മകരവിളക്ക് സമയത്ത് ഇത് 8,000 ആക്കും.
കൂടാതെ 2,000 പൊലിസുകാരെ ഏതുസമയത്തും ഉപയോഗിക്കാന്‍ സജ്ജമായി നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. 1,000 വനിതാ പൊലിസുകാരെ സന്നിധാനം ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിയോഗിക്കേണ്ടി വരുമെന്നും പൊലിസ് ഉന്നതതല യോഗം വിലയിരുത്തി.
സന്നിധാനത്ത് നിയോഗിക്കാന്‍ അന്‍പത് വയസ് കഴിഞ്ഞ വനിതാ പൊലിസുകാരെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരാനും ആലോചനയുണ്ട്. ചിത്തിര ആട്ട പൂജയുടെ സമയത്ത് സന്നിധാനത്തിന്റെ നിയന്ത്രണം പകുതിയിലേറെ നഷ്ടപ്പെട്ടെന്നും ഉന്നതതല യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."