പൊലിസ് എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ സജീവമാക്കുന്നു
ബാസിത് ഹസന്‍#
തൊടുപുഴ: ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കളുമായി തീവ്രവാദികള്‍ ശബരിമലയിലെത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലിസ് എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ സജീവമാക്കാന്‍ തീരുമാനം.
സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് പൊലിസ് എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ രൂപീകരിച്ചത്.
സംശയാസ്പദ സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനടക്കമുള്ള അധികാരം സ്‌പെഷല്‍ സെല്ലിനുണ്ട്. കേന്ദ്രം രൂപീകരിച്ച ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍.എസ്.എ) ശുപാര്‍ശകള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് സ്‌പെഷല്‍ സെല്‍ (എക്‌സ്‌പ്ലോസീവ്‌സ്) എന്ന പേരില്‍ പ്രത്യേക സെല്‍ രൂപീകരിച്ചത്. സംസ്ഥാന പൊലിസ് മുന്‍ മേധാവി ജേക്കബ് പുന്നൂസാണ് ഇതിന് മുന്‍കൈയെടുത്തത്. എന്നാല്‍ അധികം വൈകാതെ സ്‌പെഷല്‍ സെല്‍ നിര്‍ജീവമാകുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ സെല്‍ സജീവമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഹെഡ് ക്വാര്‍ട്ടേഴ്‌സ് പൊലിസ് സൂപ്രണ്ടിനാണ് എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്ലിന്റെ ചുമതല. ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു അസി. കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനുമുണ്ടാകും. ആവശ്യമുള്ള മറ്റു ജീവനക്കാരെ ആഭ്യന്തര വകുപ്പില്‍നിന്ന് നിയമിക്കും. തിരുവനന്തപുരത്തെ പൊലിസ് ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക.
എക്‌സ്‌പ്ലോസീവ്‌സ് ആക്ട് പ്രകാരം ലൈസന്‍സുള്ള വ്യക്തികള്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ള സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ സ്ഥിതിവിവരം പൊലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് സൂക്ഷിക്കും. ലൈസന്‍സിയുടെ പേരും വിലാസവും, ലൈസന്‍സ് നല്‍കിയ തിയതി, അനുവദിച്ച അതോറിറ്റി എന്നിങ്ങനെയുള്ള 11 സ്ഥിതി വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കും. 2010 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ചുള്ള നിയമലംഘന കേസുകളുടെ സ്ഥിതിവിവരങ്ങള്‍ വിശദമായി തയാറാക്കും.
സ്‌ഫോടക വസ്തുക്കളുടെ പരിശോധനാ വിവരങ്ങള്‍, കേസ് സംബന്ധിച്ച വിശദാംശങ്ങള്‍, ഇത്തരം കേസിലുള്‍പ്പെട്ട പ്രതികളുടെ അറസ്റ്റ് തുടങ്ങിയ വിവരങ്ങള്‍ ജില്ലാ പൊലിസ് മേധാവികള്‍ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുന്‍പായി എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്ലിന് റിപ്പോര്‍ട്ട് ചെയ്യും. ജില്ലകളില്‍നിന്ന് ലഭിക്കുന്ന ഇത്തരം വിവരങ്ങള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പൊലിസ് സൂപ്രണ്ട് പ്രത്യേകം ഫോര്‍മാറ്റില്‍ സൂക്ഷിക്കും. എക്‌സ്‌പ്ലോസീവ്‌സ് ആക്ട് പ്രകാരം അനുവദിക്കുന്ന പുതിയ ലൈസന്‍സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ അറിഞ്ഞിരിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."