പുനത്തില്‍ കുഞ്ഞബ്ദുല്ലയും ഒടുങ്ങാത്ത വിവാദവും
റാശിദ് മാണിക്കോത്ത്#
മലയാളത്തിലെ മികച്ച സാഹിത്യകാരനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ല മണ്‍മറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശമനമാകുന്നില്ല. ജീവിതാന്ത്യകാലത്ത് ഇസ്‌ലാമിക ചിന്തകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയ പുനത്തില്‍ കുഞ്ഞബ്ദുല്ലയോട് വര്‍ഗീയഫാസിസ്റ്റുകള്‍ക്ക് നീരസവും വൈരാഗ്യവും തികട്ടി വരുന്നത് കേരളം ഭീതിയോടെയാണ് വീക്ഷിക്കുന്നത്.
സാഹിത്യത്തെയും ആനുകാലികചിന്തകളെയും എഴുത്തുകളെയും എന്നും പുറംകാലുകൊണ്ടു തൊഴിച്ചിട്ടുള്ള വര്‍ഗീയ ഫാസിസ്റ്റ് പിന്തിരിപ്പന്‍ ചിന്താഗതിക്കാര്‍ പുനത്തിലിനോടു കാട്ടുന്നത് ആ സാഹിത്യകാരനോടുള്ള ആത്മാര്‍ഥ സ്‌നേഹം മൂലമാണെന്നു വിശ്വസിക്കുന്നത് മൂഢത്വമാണ്. പുനത്തിലിന്റെ ഖബറടക്ക വിഷയത്തില്‍ തികഞ്ഞ ഇസ്‌ലാമോഫോബിയ പുലര്‍ത്തുന്ന വര്‍ഗീയശക്തികളുടെ ഗൂഢനീക്കത്തിന് അടുത്ത കാലത്തൊന്നും അന്ത്യമുണ്ടാവുമെന്നു കരുതുക വയ്യ.
കുടുംബത്തെ പ്രതിക്കൂട്ടില്‍
നിര്‍ത്തുന്നവര്‍ ലക്ഷ്യമിടുന്നത്
എഴുത്തുകാരനും പുനത്തിലിന്റെ സുഹൃത്തുമായ വി.ആര്‍ സുധീഷിനെപ്പോലുള്ളവര്‍ പുനത്തിലിന്റെ മരണവും ശേഷക്രിയകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. കുഞ്ഞിക്കയെ സുഹൃത്തുക്കളില്‍ നിന്ന് അകറ്റിയ കുടുംബം അദ്ദേഹത്തെ മരണത്തിലേക്ക് നയിക്കുകയായിരുന്നെന്ന ആരോപണമാണു സുധീഷടക്കമുള്ളവര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ത്ത കുടുംബാംഗങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ്.
അവസാന നാളുകളില്‍ മതവിധിപ്രകാരം ജീവിക്കുന്ന സഹോദരനെയാണു താന്‍ കണ്ടതെന്നും മദ്യപാനത്തില്‍ നിന്നു തീര്‍ത്തും മുക്തനായ അദ്ദേഹം ഖുര്‍ആന്‍ പാരായണം നടത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നും പുനത്തിലിന്റെ സഹോദരന്‍ ഇസ്മായില്‍ 'സുപ്രഭാത'ത്തോട്് ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതു രണ്ടാംതവണയാണ് വി.ആര്‍ സുധീഷ് തങ്ങളുടെ കുടുംബത്തെ മനഃപൂര്‍വം അവഹേളിക്കുന്നതെന്ന് ഇസ്മായില്‍ പറയുന്നു. പുനത്തിലിന്റെ സുഹൃത്തുക്കള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. മദ്യവുമായെത്തിയ ചിലരെ തടയുക മാത്രമാണ് ചെയ്തത്.
മുസ്‌ലിംവിരുദ്ധ വിഷം
പുനത്തില്‍ മരിച്ച ദിവസം ജനം ടി.വിയും ആര്‍.എസ്.എസ്സും വിദ്വേഷപ്രചാരണവുമായി രംഗത്തുവന്നത് സാംസ്‌കാരിക കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു. 'മരണശേഷം തന്റെ മൃതദേഹം ഹൈന്ദവാചാരപ്രകാരം ദഹിപ്പിക്കണമെന്ന' പുനത്തിലിന്റെ ആഗ്രഹം സാധ്യമാക്കണമെന്ന ജനം ടി.വിയിലെ നീണ്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച വര്‍ഗീയശക്തികള്‍ പുനത്തിലിന്റെ അവസാനകാല ജീവിതം എങ്ങനെയായിരുന്നുവെന്നത് സൗകര്യപൂര്‍വം വിസ്മരിച്ച് ഇസ്‌ലാമികാചാര വിരുദ്ധതയുടെ വിഷം തുപ്പുകയാണുണ്ടായത്.
ചിട്ടയായ ജീവിതരീതികളില്‍ നിന്ന് ഏറെ അകലം താണ്ടിയ പുനത്തില്‍ മദ്യാസക്തിക്കടിമയാവുകയും യുക്തിവാദവും മതരാഹിത്യ വാദവും ഹൈന്ദവദര്‍ശനവും മാറിമാറി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ ഇസ്‌ലാമികവിരുദ്ധ ആശയങ്ങളെ പിന്തുണച്ച പുനത്തില്‍ പക്ഷേ ജീവിതത്തിന്റെ അന്ത്യകാലത്ത് രോഗപീഡ അനുഭവിച്ച നാളുകളില്‍ തെറ്റു തിരിച്ചറിഞ്ഞു വിശ്വാസത്തോട് അടുക്കുകയും സൗഹൃദവലയങ്ങളില്‍ നിന്ന് അകലുകയും ചെയ്തിരുന്നുവെന്നതാണു വാസ്തവം. ഇതിന്റെ പശ്ചാത്തലത്തിലാണു സുഹൃത്തുക്കളില്‍ ചിലര്‍ കേരളത്തിന്റെ സാംസ്‌കാരിക പൊതുസ്വത്തായ പുനത്തിലിനെ കുടുംബം തടവിലാക്കി കൊലയ്ക്കു കൊടുക്കുകയായിരുന്നുവെന്ന ആരോപണവുമായി രംഗത്തുവന്നത്. ഇത്തരം ആരോപണങ്ങളുടെ മറുവശത്ത് ഫാസിസ്റ്റുകള്‍ നമ്മുടെ സാഹിത്യസാംസ്‌ക്കാരിക പൈതൃക പൂങ്കാവനത്തില്‍ വര്‍ഗീയതയുടെ തീപ്പൊരി നിക്ഷേപിച്ച് സര്‍വനാശത്തിന്റെ അഗ്നിഗോളങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങി.
സാഹിത്യലോകത്തെ
വാദവും മറുവാദവും
പുനത്തിലിന്റെ ഖബറടക്കവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ഗൂഢനീക്കം നടക്കുന്നത് അറിഞ്ഞോ അറിയാതെയോ പുനത്തിലിന്റെ സഹയാത്രികര്‍ വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സാഹിത്യരംഗത്തെ ഭൂരിപക്ഷവും പുനത്തിലിന്റെ ശേഷക്രിയകളുമായി ബന്ധപ്പെട്ടു മൗനം പാലിച്ചതാണ് അതിലെ ന്യൂനപക്ഷ വിഭാഗത്തെ ചൊടിപ്പിച്ചത്. പുനത്തിലിന്റെ ആഗ്രഹങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നടന്നവര്‍, അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നടത്തുന്നതില്‍ മൗനമവലംബിച്ചവര്‍, മൃതദേഹത്തോടു പോലും അനാദരവു കാട്ടുകയായിരുന്നുവെന്നാണു മുകളില്‍ പറഞ്ഞ ന്യൂനപക്ഷ സാഹിത്യ പുരോഗമന വാദികള്‍ പരിദേവനം നടത്തിയത്.
എന്നാല്‍, താന്‍ ഹിന്ദുവാണെന്നും മക്കള്‍ ക്രിസ്ത്യാനികളായിരിക്കണമെന്നും പുനത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതെങ്ങിനെ അന്ത്യാഭിലാഷമാവും. രോഗശയ്യയിലായിരുന്ന ജീവിതത്തിന്റെ അന്ത്യഘട്ടങ്ങളില്‍ തികഞ്ഞ ഇസ്‌ലാം വിശ്വാസിയായി മാറാന്‍ സ്വയം നിലപാടെടുത്ത പുനത്തില്‍ മരണാനന്തരം ഇസ്‌ലാമികാചാര പ്രകാരം അടക്കം ചെയ്യാനെ ആഗ്രഹിച്ചിട്ടുണ്ടാവുകയുള്ളൂ. സുഹൃത്തുക്കളില്‍ ചിലര്‍ അദ്ദേഹത്തെ വിശ്രമകാലത്തു സന്ദര്‍ശിച്ചപ്പോള്‍ പഴയ വിശ്വാസങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും അമ്പേ മാറിയ പുനത്തിലിനെയാണു കാണാനായതെന്നും കൂട്ടി വായിക്കണം.
എം.മുകുന്ദനെ
വിശ്വസിക്കാതെ സുധീഷ്
പുനത്തിലിനെ അവസാനകാലത്ത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളില്‍ നിന്നെ് അകറ്റിയെന്നും അദ്ദേഹം രണ്ടര വര്‍ഷക്കാലം ഏകാകിയായി കഴിയേണ്ടി വന്നുവെന്നും രോഗശയ്യയിലുള്ള പുനത്തിലിനെ കാണാന്‍ എം.ടി വാസുദേവന്‍ നായരെപ്പോലും അനുവദിച്ചില്ലെന്നും വി.ആര്‍ സുധീഷ് ആരോപിക്കുകയുണ്ടായി. പുനത്തില്‍ ജീവിച്ചിരിക്കെ ഇങ്ങനെ ഒരു ആരോപണമുയര്‍ന്നപ്പോള്‍ ഇതിനെതിരേ എം. മുകുന്ദന്‍ ശക്തമായി രംഗത്തു വന്നിരുന്നു.
എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പുനത്തിലിനു വാര്‍ധക്യസഹജമായ അസുഖങ്ങളും വീല്‍ചെയറില്‍ നിന്നു വീണതു മൂലമുണ്ടായ നേരിയ ഓര്‍മക്കുറവും മാത്രമേ ഉള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ചിലരുടെ ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്നും മുകുന്ദന്‍ തുറന്നടിച്ചിരുന്നു. സഹോദരന്‍ ഇസ്മായില്‍, മകന്‍ ആസാദ് അബ്ദുല്ല, മകള്‍ നാസിമ, ഭര്‍ത്താവ് അബ്ദുല്‍ ജലീല്‍, സഹായി ബാബു ആന്റണി എന്നിവരുടെ പരിചരണത്തില്‍ പുനത്തില്‍ സന്തോഷവാനാണെന്നും മുകുന്ദന്‍ പറഞ്ഞു.
പുനത്തിലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ തുടര്‍ന്നു സത്യാവസ്ഥയറിയാന്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ മകളോടൊപ്പം കഴിഞ്ഞിരുന്ന പുനത്തിലിനെ നേരില്‍ കണ്ട മുകുന്ദന്‍ പഴയകാല ഓര്‍മകള്‍ പങ്കുവച്ച് ആഹ്ലാദിച്ച നവോന്മേഷത്തിലാണ് ആക്ഷേപങ്ങളുടെ മുനയൊടിച്ചു പ്രസ്താവനയിറക്കിയത്. താന്‍ ഏറെ സ്‌നേഹിച്ചിരുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ല സുഹൃത്തുക്കളുമായി അവസാനകാലത്ത് അകന്നുകഴിഞ്ഞതിലുള്ള മനോവ്യഥമൂലമാണു സുധീഷ് ഇത്തരമൊരു ആക്ഷേപമുന്നയിക്കുന്നതെന്നു പറയുമായിരിക്കാം. എങ്കിലും മുന്‍നിലപാടുകളെ തള്ളിപ്പറഞ്ഞു ശരിയെന്നു തോന്നുന്ന നിലപാടുകളെ പില്‍ക്കാലത്തു പിന്തുടരാനുള്ള വ്യക്തിയുടെ അവകാശത്തെ വകവച്ചു കൊടുക്കണമെന്ന ന്യായമെങ്കിലും സുധീഷ് അംഗീകരിക്കേണ്ടതായിരുന്നു.
അതിനു പകരം അറിഞ്ഞോ അറിയാതെയോ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ നികൃഷ്ടനിലപാടുകള്‍ക്ക് പിന്‍ബലമേകുന്ന രീതിയില്‍ കേരളം കണ്ട മികച്ച സാഹിത്യകാരന്റെ ജീവിതത്തെ മരണത്തിനുശേഷവും എറിഞ്ഞുകൊടുക്കുന്ന അന്യായമാണ് അദ്ദേഹം കാട്ടിയത്. അതു പുനത്തിലിനോടുള്ള വഞ്ചനയാണ്.
ശ്രദ്ധേയമായ അഭിമുഖം
തനതു ശൈലിയിലുള്ള എഴുത്തുകള്‍ കൊണ്ടു മലയാളസാഹിത്യത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ സാഹിത്യകാരനാണു പുനത്തില്‍ കുഞ്ഞബ്ദുല്ലയെന്ന് അഭിപ്രായപ്പെട്ട താഹ മാടായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2015 ഫെബ്രുവരി 1 ലക്കം) എഴുതിയ അഭിമുഖം ശ്രദ്ധേയമാണ്. ജീവിതത്തില്‍ എടുത്ത ശക്തമായ നിലപാട് മാറ്റം സാഹിത്യ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വേളയിലാണ് പുനത്തിലുമായി താഹ മാടായി അഭിമുഖ സംഭാഷണം നടത്തിയത്.
ചിട്ടയില്ലാത്ത ജീവിതവും മദ്യപാനവും പ്രായത്തിന്റെ അവശതയുമെല്ലാം കുഞ്ഞബ്ദുല്ലയെ രോഗിയാക്കി. മക്കളടങ്ങുന്ന കുടുംബത്തിന്റെ സ്‌നേഹ കരുതലില്‍ അദ്ദേഹം മദ്യപാനം നിര്‍ത്തി. ഇപ്പോള്‍ ചികിത്സയിലുള്ള അദ്ദേഹം എഴുത്തിന്റെ സജീവതയിലേക്ക് തിരിച്ചുവരാനുള്ള മാനസിക തയാറെടുപ്പിലാണ്. തന്റെ പഴയകാല ജീവിതവും പുതിയ കാഴ്ചപ്പാടുകളുമെല്ലാം ഹ്രസ്വമായി പങ്കുവച്ചതായി താഹ മാടായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ സംസാരം നിര്‍ത്തുന്ന കുഞ്ഞബ്ദുല്ലയെ കാണുമ്പോള്‍ അഭിമുഖക്കാരന്‍ ആ മാറ്റത്തില്‍ അത്ഭുതം കൂറുന്നു. പ്രായം ഏറുകയും രോഗിയാവുകയുമൊക്കെ ചെയ്യുമ്പോഴാണു മതത്തെയും ആത്മീയതയെയുമെല്ലാം മനുഷ്യന്‍ കൂടുതല്‍ ചിന്തിക്കുകയെന്നാണു പുനത്തിലിന്റെ മറുപടി.
'യാ അയ്യുഹന്നാസും
(ഓ.. മനുഷ്യരേ...) പുനത്തിലും
'യാ അയ്യുഹന്നാസ്' എന്ന പേരില്‍ എഴുതാനാഗ്രഹിക്കുന്ന നോവലിനു വേണ്ടിയാണ് തന്റെ ബാക്കി ജീവിതമെന്നു പറഞ്ഞ കുഞ്ഞബ്ദുല്ല തന്റെ ജീവിതത്തിലെ പിഴച്ച നിലപാടുകളെയും പാടേ മാറ്റിമറിച്ച പുതിയ ജീവിതരീതികളെയും കുറിച്ചും അഭിമുഖത്തില്‍ സങ്കോചമേതുമില്ലാതെ പറയുന്നുണ്ട്.
പഴയ സൗഹൃദത്തില്‍ നിന്നെല്ലാമകന്ന് ഏകാന്തമായി ജീവിക്കുന്നതിനെക്കുറിച്ചുള്ള താഹയുടെ ചോദ്യമിങ്ങനെയാണ്:
'ഒരിക്കല്‍ സ്‌നേഹിച്ചവരെ വെറുക്കുകയാണോ.'
ഇതിനദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമാണ്, 'അവരെന്നെയാണോ സ്‌നേഹിച്ചത് അതല്ല, ഞാന്‍ പകര്‍ന്ന മദ്യത്തെയോ. എനിക്കു തോന്നുന്നത് അവരില്‍ പലരും എന്നേക്കാള്‍ സ്‌നേഹിച്ചിരുന്നതു മദ്യത്തെയായിരുന്നു...'
'ഈ ഏകാന്തതയില്‍ താങ്കള്‍ തൃപ്തനാണോ' എന്ന ചോദ്യത്തിന്, 'ഒറ്റയ്ക്കു കിടക്കുമ്പോള്‍ നാം സ്വയം വിചാരണ നടത്തും. കുറേ കാര്യങ്ങള്‍ കുറെക്കൂടി നന്നായി ചെയ്യാമായിരുന്നുവെന്നു തോന്നും' എന്നായിരുന്നു മറുപടി.
'രോഗം വരുമ്പോള്‍ ദൈവത്തെ കൂടുതലായി ഓര്‍ക്കുമോ' എന്ന ചോദ്യവും അതിനുള്ള ഉത്തരവും വളരെ പ്രസക്തമാണ്.
'രോഗത്തിന്റെ ഒരവസ്ഥ, ഏതൊരു മനുഷ്യനും അയാളുടെ ജാതിയെയും മതത്തെയും കൂടുതല്‍ ഓര്‍ക്കുന്ന സന്ദര്‍ഭമാണ്. ഇപ്പോള്‍ ഞാന്‍ ഇസ്‌ലാമിനെക്കുറിച്ചാണു ചിന്തിക്കുന്നത്. അതിന്റെ ഇക്വാലിറ്റി, സകാത്ത്, സ്വദഖ പോലുള്ള കാര്യങ്ങള്‍. യാ അയ്യുഹന്നാസ് എന്ന നോവലിനെക്കുറിച്ചു ചിന്തിക്കുന്നതു കൊണ്ടാണ് ഇതൊക്കെ എന്റെ മനസില്‍ വരുന്നത്.'
പുനത്തിലിന്റെ ഈ ഒരൊറ്റ മറുപടി മതി അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ കൈക്കൊണ്ട നിലപാടു മാറ്റത്തിന്റെയും ഇസ്‌ലാംമത വിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്കിന്റെയും യാഥാര്‍ഥ്യം മനസിലാക്കാന്‍.
ഫാസിസ്റ്റുകള്‍ക്ക് പുനത്തില്‍ ഒന്ന്; ലക്ഷ്യം മറ്റൊന്ന്
ഈയൊരു വ്യതിചലനം തന്നെയാണു വര്‍ഗീയഫാസിസ്റ്റുകളെ കുഞ്ഞബ്ദുല്ലയുടെ ഖബറടക്കത്തില്‍ ബന്ധുക്കളും വിശ്വാസി സമൂഹവും എടുത്ത നിലപാടുകള്‍ക്കെതിരേ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം. വര്‍ഷങ്ങള്‍ക്കു മുമ്പേ സുഹൃത്തുക്കളോട് ഉണര്‍ത്തിയകാര്യം ഏറ്റുപിടിച്ചു ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ മതവിശ്വാസത്തിന്റെ നേര്‍പാതയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ച വ്യക്തിയെ മരണശേഷം തങ്ങളുടെ നയങ്ങളെ സാംശീകരിച്ച ആളായിരുന്നുവെന്നു തെറ്റിദ്ധരിപ്പിച്ച് അതിലൂടെ ഇസ്‌ലാമികചൈതന്യത്തിനു നേരെ വാളോങ്ങാമെന്ന ഫാസിസ്റ്റ് ശക്തികളുടെ കുടിലതന്ത്രമാണ് ഇനിയും അടങ്ങാത്ത വിവാദങ്ങളുടെ കാതല്‍.
തനിക്ക് ഹൈന്ദവാചാര പ്രകാരം ജീവിക്കണമെന്നും അന്ത്യകര്‍മങ്ങള്‍ ഇതു പ്രകാരം ചെയ്യണമെന്നും ചിതാഭസ്മം പുഴയിലൊഴുക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച പുനത്തിലിനോട് ചില എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പുറംതിരിഞ്ഞു അവര്‍ മതമൗലികവാദത്തിന് വളംവയ്ക്കുകയാണെന്നാണ് വര്‍ഗീയഫാസിസ്റ്റുകളുടെ വാദം. എന്നാല്‍ സൈമണ്‍ മാസ്റ്ററുടെയും നജ്മല്‍ ബാബുവിന്റെയും സംസ്‌കാരം സംബന്ധിച്ച് ഇത്തരം ന്യായവാദങ്ങളൊന്നും വര്‍ഗീയഫാസിസ്റ്റുകള്‍ ഉന്നയിച്ചിരുന്നില്ല. സൈമണ്‍ മാസ്റ്ററും നജ്മല്‍ ബാബുവും അവസാനം വരെ കൈക്കൊണ്ട വിശ്വാസത്തിലും നിലപാടുകളിലും ഉറച്ചു നിന്നിരുന്നു.
സൈമണ്‍ മാസ്റ്റര്‍, നജ്മല്‍ ബാബു വിഷയത്തില്‍ മൗനം പൂണ്ടവര്‍
ഹിന്ദുത്വ രാഷ്ട്രീയ പ്രമാണിമാരുടെ തീവ്രമായ ഇസ്‌ലാംവിരുദ്ധത തുറന്നു കാട്ടിയ സംഭവമായിരുന്നു നജ്മല്‍ ബാബുവിന്റെ മരണശേഷം മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായത്. തന്റെ മൃതദേഹം ഇസ്‌ലാമികാചാര പ്രകാരം ചേരമാന്‍ പള്ളി ഖബര്‍ സ്ഥാനില്‍ അടക്കണമെന്ന് രേഖാമൂലം ആഗ്രഹം പ്രകടിപ്പിച്ച നജ്മല്‍ ബാബുവിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായി പൊലിസിന്റെ സഹായത്തോടെ ബന്ധുക്കള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചപ്പോള്‍ തങ്ങള്‍ 'മതമൗലിക വാദികളെല്ലന്ന് ' പെരുമ്പറ കൊട്ടി നടക്കുന്നവരും വര്‍ഗീയ ഫാസിസ്റ്റുകളും മൗനം ഭജിക്കുകയായിരുന്നു.
മുഹമ്മദ് എന്ന പേരു സ്വീകരിച്ച് ഇസ്‌ലാം മതം വിശ്വസിച്ച സൈമണ്‍ മാസ്റ്റര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി ഇസ്‌ലാമികാചാര പ്രകാരം ഖബറടക്കുന്നതിനു പകരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനു കൈമാറുകയാണുണ്ടായത്. അപ്പോഴും കറകളഞ്ഞ ഇസ്‌ലാമിക വിരുദ്ധതയുടെ പുകപടലങ്ങളാണ് കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങിയത്.
കോടതി ഉത്തരവ് ലംഘിച്ച ഇരട്ടത്താപ്പ്
സൈമണ്‍ മാസ്റ്ററുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാം മതത്തിലേക്ക് കടന്നു വന്ന അബൂ ത്വാലിബ് എന്ന വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നുമാസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതു സംബന്ധിച്ച് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലാണ് സൈമണ്‍ മാസ്റ്റര്‍ക്കുശേഷം നജ്മല്‍ ബാബുവിനും സമാനമായ അനുഭവമുണ്ടായത് എന്ന് കാട്ടി മുസ്‌ലിംലീഗ് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയുണ്ടായി.
കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നജ്മല്‍ ബാബുവിന്റെ സുഹൃത്തുക്കളുടെയും എതിര്‍പ്പ് വകവയ്ക്കാതെ പൊലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍, നജ്മല്‍ ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചതെന്നത് ഭരണഘടനയിലെ മൗലികാവകാശമായ ആര്‍ട്ടിക്കിള്‍ 21 ന്റെയും 25 ന്റെയും ലംഘനവും കോടതിയലക്ഷ്യവുമാണ്.
അതുകൊണ്ട് തന്നെ മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇസ്‌ലാമിക വിരുദ്ധതയുടെ ദുര്‍ഭൂതം അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന ഈ ആനുകാലിക പരിതസ്ഥിതിയില്‍ നമ്മുടെ ആകുലതകള്‍ക്കും സന്ദേഹങ്ങള്‍ക്കും വിലയില്ലാതെ പോവാനായിരിക്കും വിധിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."