എം.ജി സര്‍വകലാശാലയില്‍ വീണ്ടും മാര്‍ക്ക് ദാനം: അദാലത്ത് നടത്താന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ചെന്നിത്തല
കോട്ടയം: എം.ജി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി വകയായും മാര്‍ക്ക് ദാനം നടന്നെന്ന് രേഖകള്‍ പുറത്ത്. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ മാര്‍ക്ക് ദാനം ചെയ്തത്. 2008, 2009 അധ്യയന വര്‍ഷത്തില്‍ ആവര്‍ത്തിച്ച് പരീക്ഷ തോറ്റവര്‍ക്കാണ് മാര്‍ക്ക് നല്‍കിയത്. നിലവിലുള്ള മോഡറേഷന് പുറമേയാണ് അഞ്ച് മാര്‍ക്ക് പിന്നെയും നല്‍കിയത്. നിയമ വിരുദ്ധ തീരുമാനത്തിന് വി.സി അംഗീകാരം നല്‍കിയതിന്റെ രേഖകള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നു. അദാലത്ത് നടത്താന്‍ മന്ത്രിക്ക് അധികാരമില്ല. സര്‍വകലാശാലയാണ് മാര്‍ക്ക് ദാനം നല്‍കാന്‍ അധികാരമുള്ളത്. വി.സിയാണ് തെറ്റുകാരനെങ്കില്‍ അദ്ദേഹത്തെ മാറ്റുമോയെന്നും മാര്‍ക്ക് നല്‍കാന്‍ സിഡിക്കേറ്റിനു അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.
എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന രേഖയും പുറത്തുവന്നു. അദാലത്തില്‍ തന്നെ മാര്‍ക്ക് നല്‍കിയെന്നതിന്റെ തെളിവാണ് പുറത്ത് വന്നത്. സിന്‍ഡിക്കേറ്റ് തീരുമാനിച്ചാണ് മാര്‍ക്ക് നല്‍കിയതെന്നായിരുന്നു വി.സിയുടെ വാദം.
അതേസമയം മാര്‍ക്ക്ദാന വിവാദം തെരഞ്ഞെടുപ്പ് ഗിമ്മിക്കുകള്‍ മാത്രമാണെന്ന് മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചു. പ്രതിപക്ഷ ആരോപണങ്ങളെ ഭയക്കുന്നില്ല. മോഡറേഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമുണ്ട്. മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഇതില്‍ ഇടപെട്ടിട്ടില്ലെന്നും കെ.ടി ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."