വൈദ്യുത, മുള്ളുവേലികള്‍ നീക്കം ചെയ്യണമെന്നു സുപ്രിംകോടതി
കല്‍പ്പറ്റ: പ്രധാന ആനത്താരകളോടു ചേര്‍ന്നുള്ള റിസോര്‍ട്ടുകളും മറ്റും സ്ഥാപിച്ച വൈദ്യുത, മുള്ളുവേലികള്‍ നീക്കം ചെയ്യണമെന്ന സുപ്രിംകോടതി വിധി വന്യജീവി സംരക്ഷണത്തില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നു വിലയിരുത്തല്‍. സഞ്ചാരപഥങ്ങളിലും സമീപങ്ങളിലും കാട്ടാനകള്‍ ഷോക്കേറ്റ് ചരിയുന്നതും ഗുരുതരമായി പരുക്കേല്‍ക്കുന്നതും ഒരളവോളം ഒഴിവാക്കാന്‍ സുപ്രിംകോടതി വിധി സഹായകമാകുമെന്ന് വന്യജീവി സംരക്ഷണ രംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ സ്വകാര്യ കൈവശത്തിലുള്ളതും കൃഷി-വ്യവസായ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതുമായ ആനത്താരകള്‍ സര്‍ക്കാര്‍ വിലക്കുവാങ്ങി വനവല്‍ക്കരണം നടത്തുന്നത് ആനകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഉതകുമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. ആനത്താരകള്‍ക്കടുത്തുള്ള റിസോര്‍ട്ട് ഉടമകളും മറ്റും സ്ഥാപിച്ച വൈദ്യുത, മുള്ളുവേലികള്‍ നീക്കം ചെയ്യുന്നതിന് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബാധകമായ വിധിയാണ് സുപ്രിം കോടതിയുടേത്. വന്യജീവി സംരക്ഷണ രംഗത്തെ ചില സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, അബ്ദുല്‍ന്നാസര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്ത് കൂടുതല്‍ ആനത്താരകളുള്ള ഇടമാണ് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍. കാട്ടാനകളുടെ സഞ്ചാരപഥങ്ങള്‍ക്കു പ്രസിദ്ധമാണ് തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള ദേശീയോദ്യാനങ്ങളും സത്യമംഗലം ബി.ആര്‍.ടി വനവും കേരളത്തിലെ വയനാട് വന്യജീവി സങ്കേതവും ഉള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലം. നീലഗിരി ജൈവമണ്ഡലത്തില്‍ ആനത്താരകള്‍ കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ നിരവധിയാണ്. വയനാടിനോടു ചേര്‍ന്നുള്ള നീലഗിരി ജില്ലയില്‍ മാത്രം ആനത്താരകളില്‍ അനധികൃതമായി നിര്‍മിച്ച 37 റിസോര്‍ട്ടുകള്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നു സമീപകാലത്തു അടച്ചുപൂട്ടിയിരുന്നു.
വയനാട്ടിലും ഇതിനകം തിരിച്ചറിഞ്ഞ ആനത്താരകളിലും അടുത്തും റിസോര്‍ട്ട് ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. ശശിമല-പാതിരി-ചെറിയമല-ബ്രഹ്മഗിരി, പേരിയ-കൊട്ടിയൂര്‍, തിരുനെല്ലി-കുതിരക്കോട് എന്നിവ ജില്ലയിലെ പ്രധാന ആനത്താരകളാണ്. ഇതില്‍ തിരുനെല്ലി-കുതിരക്കോട് സഞ്ചാരപഥത്തില്‍ തിരുളുകുന്ന്, വലിയഹെജമാടി, പുലയന്‍കൊല്ലി, കോട്ടപ്പടി എന്നിവിടങ്ങളിലായി സ്വകാര്യ കൈവശത്തിലായിരുന്നതില്‍ ഏകദേശം 50 ഏക്കര്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംസ്ഥാന വനം-വന്യജീവി വകുപ്പിന് കൈമാറിയിട്ടുണ്ട്. കേരളത്തില്‍ ആനത്താരകളിലും സമീപങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിസോര്‍ട്ടുകളിലും സുപ്രിംകോടതി വിധി പ്രാവര്‍ത്തികമാക്കാന്‍ വനം-വന്യജീവി വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി വയനാട് ലാന്‍ഡ് സ്‌കേപ്പ് കോഡിനേറ്റര്‍ അരുള്‍ ബാദുഷ അഭിപ്രായപ്പെട്ടു. കൈയേറ്റം നടന്ന ആനത്താരകളില്‍ ചെറുകിട കര്‍ഷകരുടെയും ആദിവാസികളുടെയും കൈവശമുള്ളത് ഉള്‍പ്പെടെ ഭൂമി പൊന്നുംവിലക്ക് ഏറ്റെടുത്ത് വനവല്‍ക്കരണം നടത്തുന്നത് മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ ലഘൂകരണത്തിനു സഹായകമാകുമെന്നും അരുള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."