കണ്ണും കരളും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരം കേള്‍ക്കണം: കെ. സുധാകരന്‍
കോഴിക്കോട്: വിശ്വാസികളുടെ മനസു കാണാനാകാത്ത മുഖ്യമന്ത്രിയാണു കേരളം ഭരിക്കുന്നതെന്നും അവരുടെ വികാരം ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ തയാറാകണമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. കെ.പി.സി.സി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രക്ക് മുതലക്കുളത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണും കരളും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കേരളത്തിലെ വിശ്വാസികളുടെ വൈകാരികമായ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. രാജ്യത്തെ പല കോടതിവിധികളും ബാധ്യതയായി മാറുകയാണ്. ജനഹിതത്തിന് അനുസരിച്ചല്ലാത്ത കോടതിവിധികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹിഡന്‍ അജന്‍ഡയുണ്ട്. തലയ്ക്കകത്ത് ബുദ്ധിയുള്ളവരാണെങ്കില്‍ ജനഹിതത്തിനനുസരിച്ചേ പ്രവര്‍ത്തിക്കൂ.
ഒരു സര്‍ക്കാര്‍ നല്‍കിയ അഫിഡിവിറ്റ് സത്യസന്ധമായിരിക്കുമെന്നേ ഏതൊരു കോടതിയും വിശ്വസിക്കൂ. എന്നാല്‍ ഈ അഫിഡവിറ്റ് അങ്ങനെയല്ല. അതു തിരുത്തിക്കുവാനുള്ള സമ്മര്‍ദ തന്ത്രവുമായാണ് തങ്ങള്‍ യാത്ര നടത്തുന്നത്. ഈ യാത്രയില്‍ വിശ്വാസികളുടെ സങ്കടങ്ങള്‍ തങ്ങള്‍ കേട്ടു. അതു ബന്ധപ്പെട്ടവരെ അറിയിക്കും. ശബരിമലയിലെ വിശ്വാസം മാത്രമല്ല എല്ലാവരുടെ വിശ്വാസവും സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിധിയെ സ്വാഗതം ചെയ്തവര്‍ മലക്കം മറിഞ്ഞ് സമരം നടത്തുന്നത് വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ്. ഈ പ്രശ്‌നം തീരരുതെന്നാണു ബി.ജെ.പിയും സി.പി.എമ്മും ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. എം.കെ രാഘവന്‍ എം,പി യോഗം ഉദ്ഘാടനം ചെയ്തു. കെ.സി അബു, കെ.എന്‍.എ ഖാദര്‍, കെ.പി അനില്‍ കുമാര്‍, എ.പി അബ്ദുല്ലക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."