സനലിനെ ഡിവൈ.എസ്.പി മനഃപൂര്‍വ്വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം:നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിനെ ഡി.വൈ.എസ്.പി ഹരികുമാര്‍ മനഃപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സനലിന് ചെകിട്ടത്തടിച്ച് വാഹനത്തിന്റെ മുന്നിലേക്ക് ഡി.വൈ.എസ്.പി എടുത്തെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവിലെ സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
മനഃപൂര്‍വം കൊലപാതകം നടത്തിയതിന് രണ്ട് ദൃക്സാക്ഷി മൊഴികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് പുറമേ മൂന്നു വകുപ്പുകള്‍ കൂടി ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും പൊലിസിനെ തെറ്റിദ്ധരിപ്പിച്ചതിനും കൂടുതല്‍ പേര് പ്രതിയായ സാഹചര്യത്തിലാണ് മൂന്നു വകുപ്പുകള്‍ കൂടി ചുമത്തിയത്. തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് അധികമായി ചേര്‍ത്തിട്ടുള്ളത്.
ഇതിനിടെ ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കേരളത്തില്‍ തിരിച്ചെത്തിയതായി സൂചനയുണ്ട്. വൈകാതെ അദ്ദേഹം കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ പ്രതിയെ പിടികൂടുന്നതില്‍ പൊലിസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് സനലിന്റെ ഭാര്യ ഇന്ന് രാവിലെ എട്ടു മണിമുതല്‍ ഉപവാസ സമരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."