HOME
DETAILS

വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസം; ശ്രദ്ധിക്കാന്‍ ഇക്കാര്യങ്ങള്‍

  
backup
October 16 2019 | 10:10 AM

best-to-study-medicine-for-indian-students

 

കുറച്ചുനാൾ മുൻപ് ഒരു വിദേശ വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കാനായി  ഞാൻ എറണാകുളത്ത് പോയി. സെമിനാർ ഹാളിലേക്ക് നടക്കുന്ന വഴി കുറെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാരുടെ ബൂത്തുകൾ ഉണ്ടായിരുന്നു. ആ വഴിയേ നടന്ന എന്നെ അവർ പിടിച്ചു നിർത്തി. വിദേശങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസ അവസരങ്ങളെ പ്രമോട്ട് ചെയ്യുന്നവരായിരുന്നു അവരിൽ ഭൂരിഭാഗവും.

"സാർ മകനാണോ മകൾക്കാണോ അഡ്മിഷൻ വേണ്ടത് ?"

എന്താണ് അവരുടെ രീതി  എന്നറിയാൻ ഞാൻ ആദ്യത്തെ ആളോട് പറഞ്ഞു 

"മകൾക്ക് വേണ്ടിയാണ്"

"സാർ, എന്നാൽ ഫിലിപ്പീൻസ് ആണ് ബെസ്റ്റ്. പെൺകുട്ടികൾക്ക് നല്ല സ്വാതന്ത്ര്യവും സുരക്ഷയും ഉള്ള സ്ഥലമാണ്."

"പക്ഷെ ഈ വിദേശത്തൊക്കെ പഠിച്ചാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റുമോ?”

"ഇതെന്ത് ചോദ്യം സാർ, മനുഷ്യശരീരം എല്ലായിടത്തും ഒരുപോലെയല്ലേ? അവിടെ പഠിക്കുന്നതും ഇവിടെ പഠിക്കുന്നതും മെഡിസിൻ തന്നെയാണ്." 

പിന്നെയങ്ങോട്ട് ഫിലിപ്പീൻസിനെക്കുറിച്ചുള്ള വർണ്ണനയായിരുന്നു.

ബ്രോഷർ വാങ്ങി എൻറെ ഫോൺ നന്പറും കൊടുത്ത് ഞാൻ മുന്നോട്ടുനീങ്ങി. അഞ്ചു മീറ്ററിനകം അടുത്ത ആൾ എന്നെ പിടുത്തമിട്ടു.

"സാർ മകനാണോ മകൾക്കാണോ അഡ്മിഷൻ വേണ്ടത്?"

"മകന് വേണ്ടി"

"സാർ ജോർജിയ ആണ് ബെസ്റ്റ്, അവിടെ പഠിച്ചാൽ നേരെ അമേരിക്കക്ക് പോകാം."

"ജോർജിയയിൽ മെഡിസിൻ പഠിച്ചാൽ എങ്ങനെയാണ് അമേരിക്കക്ക് പോകാൻ പറ്റുന്നത്?"

"സാർ, ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള കോളേജായതിനാൽ ലോകത്തെവിടെ ചെന്നാലും അതിന് അംഗീകാരമുണ്ട്."

പത്തിലധികം കൺസൾട്ടൻസികളോട് ഞാൻ വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെപ്പറ്റി സംസാരിച്ചു. ഏറ്റവും എളുപ്പത്തിൽ നമ്മെ അവർ ഉദ്ദേശിക്കുന്ന രാജ്യത്തെത്തിക്കാനുള്ള വിവരങ്ങളാണ് (പലപ്പോഴും അർത്ഥസത്യങ്ങൾ) പ്രധാനമായും അവർ തന്നത്.

സത്യത്തിൽ ഓരോ രാജ്യങ്ങളും ആർക്കെല്ലാം അവിടെ മെഡിക്കൽ പ്രാക്ടീസ് ചെയ്യാം എന്ന കാര്യത്തിൽ കർശന നിബന്ധനകൾ വച്ചിട്ടുണ്ട്. ഇന്ത്യയിൽ പഠിച്ച ഒരു ഡോക്ടർക്ക് നേരിട്ട് ഗൾഫിലോ,  ജർമ്മനിയിലോ, അമേരിക്കയിലോ പോയി നേരിട്ട്  പ്രാക്ടീസ് ചെയ്യാൻ പറ്റില്ല, തിരിച്ചും. ഓരോ രാജ്യത്തും ഈ വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കും.  മനുഷ്യ ശരീരം ഒരുപോലെയാണോ, മരുന്നുകൾ ഒരു പോലെയാണോ, കോളേജ് ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റിലുള്ളതാണോ എന്നതൊന്നും പ്രസക്തമല്ല. ഈ അടിസ്ഥാന അറിവില്ലാതെ വിദേശത്ത് മെഡിസിൻ പഠിക്കാൻ പോകുന്നത് കുട്ടികളുടെ ഭാവി കുഴപ്പത്തിലാക്കും, കുടുംബത്തിന് വലിയ സാന്പത്തിക ബാധ്യതയുമുണ്ടാക്കും.   

എന്തുകൊണ്ട് മറ്റു രാജ്യങ്ങൾ?

സാധാരണയായി ആളുകൾ വിദേശത്തു പഠിക്കാൻ പോകുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഇന്ത്യയ്ക്കു പുറത്തു ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിച്ചാണ്. എന്നാൽ വിദേശത്തുപോയി മെഡിസിൻ പഠിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത് പ്രധാനമായും മറ്റു ചില കാരണങ്ങളാണ്.

1.  നിലവിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 539 കോളേജുകളിലായി ഏകദേശം എഴുപതിനായിരത്തിനു മുകളിൽ എം.ബി.ബി.എസ്. സീറ്റുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 270 തോളം ഗവൺമെന്റ് മെഡിക്കൽ കോളേജുകളും 260 തോളം പ്രൈവറ്റ് മെഡിക്കൽ കോളേജുകളും. എന്നാൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾക്ക് ആനുപാതികമല്ലാത്ത വിധത്തിൽ, പതിനഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ ഓരോ വർഷവും പ്രവേശനം നേടാൻ ശ്രമിക്കുന്നു. പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ലഭ്യമായ സീറ്റുകളുടെ എണ്ണവും  തമ്മിലുള്ള ഈ അന്തരമാണ് മെഡിസിൻ പഠനത്തിനായി വിദേശത്തുപോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

2. മെഡിക്കൽ പ്രവേശന പരീക്ഷ പാസാകാൻ പറ്റാത്തവരാണ് മറ്റൊരു കൂട്ടർ. 2018 ന് മുൻപ് വിദേശത്തു മെഡിസിൻ പഠിക്കണമെങ്കിൽ 'നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്‌സാമിനേഷൻ' (NEET) പാസ്സാകേണ്ടതില്ലായിരുന്നു. ഇപ്പോൾ പോലും വിദേശ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകാനുള്ള സാധ്യതയുണ്ടെങ്കിൽ, നമ്മുടെ പ്രവേശന പരീക്ഷ പാസ്സാകണമെന്ന നിബന്ധന വിദേശ രാജ്യങ്ങളിലെ മെഡിക്കൽ കൊളേജുകൾക്ക് ഇല്ല.

3. NEET പരീക്ഷ പാസ്സായാലും  സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് താങ്ങാൻ കഴിയാതെ വരികയും, ഈ പ്രൊഫഷനോട് താല്പര്യം നിലനിൽകുകയും ചെയ്യുന്ന സാഹചര്യമാണ്. ഇന്ത്യയിലെ ഒരു സ്വകാര്യ മെഡിക്കൽകോളേജിൽ എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കാൻ ഏകദേശം അറുപതു ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചിലവാകാം. ഇതേസമയം മുപ്പത് ലക്ഷം രൂപ ചിലവിൽ എം ബി ബി എസ് പാസ്സാകാൻ കഴിയുന്ന രാജ്യങ്ങളുണ്ട്.


വിദേശപഠനം പരമ്പര- ഒന്നാം ഭാഗം ഇവിടെ വായിക്കുക- പഠിക്കാന്‍ വിദേശത്തേക്ക്? എന്തൊക്കെ അറിയണം?


ഏതൊക്കെ രാജ്യങ്ങൾ?

 നമ്മുടെ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ താഴെ പറയുന്നു.

·         ചൈന

·         റഷ്യ

·         ഉക്രൈൻ

·         ജോർജിയ

·         യു.എ.ഇ

·         താജികിസ്താൻ

·         ഖസാക്കിസ്ഥാൻ

·         കിർഗിസ്ഥാൻ

·         ഫിലിപ്പീൻസ്

·         ബംഗ്ലാദേശ്

·         നേപ്പാൾ

·         കരീബിയൻ രാജ്യങ്ങൾ

·         പോളണ്ട്

·         ബലാറുസ്

മെഡിക്കൽ വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര തലത്തിൽ ചിലവുകുറഞ്ഞതും ഏറ്റവും ഡിമാൻഡ് ഉള്ളതുമായ രാജ്യങ്ങളിലൊന്നാണ് ചൈന. നിലവിൽ ഇരുപത്തി മൂവായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനീസ് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ട്. ഇതിൽ ഇരുപതിനായിരത്തോളം എം.ബി.ബി.എസ്സ് വിദ്യാർത്ഥികളാണ്. ഇതിലെ സാധ്യതകൾ മുന്നിൽക്കണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം (MOE) രാജ്യത്തെ നാല്പത്തിയഞ്ചു കോളേജുകൾക്ക് എം.ബി.ബി.എസ് കോഴ്സുകൾ ഇംഗ്ലീഷിൽ പഠിപ്പിക്കുവാനുള്ള അംഗീകാരം നൽകി. ഈ യൂണിവേഴ്സിറ്റികൾക്കു മാത്രമേ ഇനി മുതൽ വിദേശവിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാൻ കഴിയൂ. റഷ്യ, ഉക്രൈൻ, തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്രതലത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ട്.

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE)

നേരത്തെ പറഞ്ഞതുപോലെ മെഡിസിൻ ഒരു പോർട്ടബിൾ ഡിഗ്രി അല്ലാത്തതിനാൽ, ഇന്ത്യയിലേക്ക് മടങ്ങിവന്നാൽ ചില നിബന്ധനകളനുസരിച്ചേ പ്രാക്ടീസ് ചെയ്യാനാവൂ. യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂ സീലാൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരൊഴികെ മറ്റെല്ലാ രാജ്യത്തു നിന്നുമുള്ള മെഡിക്കൽ ബിരുദധാരികൾ,  ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE) പാസ്സാകേണ്ടതുണ്ട് (https://cdn3.digialm.com//EForms/configuredHtml/1815/60431//Index.html). ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എഫ്.എം.ജി.ഇ ജയിച്ചാൽ മാത്രം പോരാ. അംഗീകാരമുള്ള ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ കോളേജിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പു കൂടി ചെയ്താലേ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കൂ.

കൂടുതൽ വിദ്യാർത്ഥികളെ ചേർക്കേണ്ടതിലേക്കായി ലാഭം മാത്രം ലക്ഷ്യമായുള്ള ചില ഏജൻസികൾ എഫ്.എം.ജി.ഇ പാസ്സാവുക എന്നത് ഒരു നിസ്സാര കാര്യമാണെന്നും പാസായാലുടൻ ഇന്ത്യയിൽ ജോലിചെയ്യാമെന്നും വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ചേക്കാം. യാഥാർഥ്യം ഇതല്ല!  

ഇന്ത്യയിൽ ഒരു വർഷം ഏകദേശം പന്ത്രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ അറ്റൻഡ് ചെയ്യുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കഴിഞ്ഞ കുറേ വർഷങ്ങളായി എഫ്.എം.ജി.ഇ എക്സാമിലെ ശരാശരി വിജയശതമാനം 20  ശതമാനത്തിൽ കൂടിയിട്ടില്ലെന്നതാണ് (http://www.newindianexpress.com/nation/2019/mar/19/pass-percentage-of-foreign-medical-students-abysmal-in-last-five-years-rti-1952882.html). 2018  വരെയുള്ള കണക്കുകളിൽ എഫ്.എം.ജി.ഇ എഴുതിയിരിക്കുന്ന വിദ്യാർത്ഥികളിൽ കൂടുതലും ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ബിരുദമെടുത്തവരാണ്. ഉക്രൈൻ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ധാരാളം അപേക്ഷകരുണ്ട്. പക്ഷെ, ഇവരിൽ ഏകദേശം 15 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതേ വർഷങ്ങളിൽ താരതമ്യേന കൂടുതൽ വിജയശതമാനം യു.എ.ഇ (ഏകദേശം 36  ശതമാനം), ബംഗ്ലാദേശ് (ഏകദേശം 27 ശതമാനം) എന്നീ രാജ്യങ്ങളിൽ പഠിച്ചവർക്കാണ്. പല രാജ്യങ്ങളിലെയും കുറഞ്ഞ വിജയശതമാനം, അവിടങ്ങളിലെ പഠന നിലാവാരത്തിലേക്കാവാം വിരൽ ചൂണ്ടുന്നത്.

എഫ് എം ജി ഇ പാസ്സായില്ലെങ്കിൽ എന്താണ് കുഴപ്പം?

മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ എന്നത് ബുദ്ധിമുട്ടാണെങ്കിലും അത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാണമെങ്കിൽ മാത്രമുള്ള പ്രശ്നമാണല്ലോ. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന്  FMGE പാസ്സാകുന്നത്  നിർബന്ധമല്ല. അതുകൊണ്ട് തന്നെ വിദേശ വിദ്യാഭ്യാസം വലിയ റിസ്ക് അല്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങിവരാതെ വിദേശത്തു ജോലിചെയ്യാനാണ് താല്പര്യമെങ്കിൽ ചില വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്.

നിങ്ങൾ പഠിച്ച രാജ്യത്തു തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ അവിടത്തെ ജോലി സാധ്യത, രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി എന്നിവ പരിഗണിക്കണം. ഇന്ത്യക്കാർ പ്രധാനമായും മെഡിക്കൽ വിദ്യാഭ്യാസത്തിന് പോകുന്ന രാജ്യങ്ങളിൽ ജോലികിട്ടാനുള്ള സാധ്യതയും കിട്ടിയാൽ ലഭ്യമാകുന്ന വരുമാനവും വളരെ കുറവാണ്. ബംഗ്ലാദേശിലോ ചൈനയിലോ ഉക്രൈനിലോ പഠിക്കുന്പോൾ അവിടെ പ്രാക്ടീസ് ചെയ്യാൻ അനുമതി കിട്ടിയാൽത്തന്നെ കിട്ടുന്ന വരുമാനം കൊണ്ട് നാട്ടിലെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ പറ്റുമോ എന്ന് അന്വേഷിക്കണം. 

ഇന്ത്യയിൽ FMGE പരീക്ഷ പാസ്സായില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ പോയി പ്രാക്ടീസ് ചെയ്യാമല്ലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇതും പ്രായോഗികമല്ല. ഫിലിപ്പീൻസിലെ ബിരുദവുമായി പോയാൽ അമേരിക്കയിലും, യുക്രെയ്നിലെ ബിരുദവുമായി ചെന്നാൽ ജർമ്മനിയിലും നേരിട്ട് പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. അവിടെയും പല വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രവേശന പരീക്ഷകൾ, തുടർ പഠനങ്ങൾ, തുടർ പരിശീലനം ഒക്കെ വേണ്ടിവരും. പലയിടത്തും വിഷയത്തിലെ അറിവിനോടൊപ്പം ഭാഷയിലും പ്രാവീണ്യം നേടണം. കുറച്ചു പണം ലാഭം നോക്കി വിദേശത്ത് പോയാൽ അനവധി വർഷവും ധാരാളം പണവും വേണ്ടിവരും മറ്റേതെങ്കിലും രാജ്യത്ത് മെഡിസിൻ പ്രാക്‌സ്റ്റീസ് ചെയ്യാൻ.

വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ലെങ്കിലും ഹോസ്പിറ്റൽ മാനേജ്‌മെന്റ്, പബ്ലിക് ഹെൽത്ത്, മെഡിക്കൽ റിസർച്ച് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാമല്ലോ എന്ന് ആശ്വസിക്കുന്നവരുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണെങ്കിലും ഹോസ്പിറ്റൽ മാനേജ്‌മെന്റ്, പബ്ലിക് ഹെൽത്ത്, മെഡിക്കൽ റിസർച്ച് തുടങ്ങിയവയാണ് താല്പര്യമെങ്കിൽ അതിന് വിദേശത്ത് പോയി മെഡിക്കൽ ഡിഗ്രി എടുക്കേണ്ട കാര്യമില്ല. അതിനുവേണ്ട മാർഗ്ഗങ്ങൾ നാട്ടിലുമുണ്ടല്ലോ. 

  ചരുക്കിപ്പറഞ്ഞാൽ വിദേശത്തെ എം ബി ബി എസ് പഠനം അല്പം റിസ്‌ക്കുള്ള പരിപാടിയാണ്. കുട്ടികളുടെ കരിയറിനെയും കുടുംബത്തിന്റെ സാന്പത്തിക സ്ഥിതിയെയും കുഴപ്പത്തിലാക്കാൻ ഈ തീരുമാനം വഴിവെക്കും. അതുകൊണ്ട് നാട്ടിൽ അഡ്മിഷൻ കിട്ടാതെ വരുന്പോൾ ഒരു റിസ്കുമില്ലാതെ ഏറെ സാന്പത്തികലാഭമുള്ള ഒരു കുറുക്കുവഴിയായി വിദേശ മെഡിക്കൽ പഠനത്തെ കാണരുത്. 

 സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടോ, കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയോ, കൺസൾട്ടന്റുമാർ പറയുന്നത് കേട്ടോ നിങ്ങൾ വിദേശത്ത് പോകാൻ തീരുമാനിക്കുന്നുവെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. വിദേശത്ത് എം.ബി.ബി.സ് പഠനത്തിനു പോകുന്പോൾ തീർച്ചയായും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) യുടെ നിർദ്ദേശങ്ങൾ വായിച്ചു മനസിലാക്കുക. വിദേശത്തേയ്ക്ക് വിദ്യാർത്ഥികളെ അയക്കുന്ന ഒരു ഏജൻസിക്കും എം.സി.ഐ യാതൊരുവിധ അംഗീകാരവും നൽകുന്നില്ല.  എന്നാൽ എം.സി.ഐ യുടെ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കുട്ടികളെയും മാതാപിതാക്കളെയും പലരും സമീപിക്കാം. കൂടാതെ, എം.സി.ഐ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന യൂണിവേഴ്സിറ്റികൾ/കോളേജുകൾ ഏതൊക്കെയെന്നു വായിച്ചു മനസിലാക്കുക. https://www.mciindia.org/CMS/information-desk/for-students-to-study-in-abroad

2.  എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാർ പറയുന്ന കാര്യങ്ങൾ അപ്പടി വിശ്വസിക്കരുത്. അവർ പറയുന്ന കാര്യങ്ങൾക്ക് ഇന്റർനെറ്റിൽ അന്വേഷിച്ചോ അറിവുള്ളവരോട് ചോദിച്ചോ കൃത്യത വരുത്തുക. ഏതെങ്കിലും രാജ്യത്തേക്ക് ഒരു കൺസൾട്ടൻസി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ ആ കൺസൾട്ടൻസി വഴി ആ രാജ്യത്ത് മുൻപ് എത്തി പരിശീലനം നടത്തിയവരുടെ വിവരങ്ങൾ ചോദിക്കുക. അവരെ വിളിച്ചു കാര്യങ്ങൾ മനസ്സിലാക്കുക.

3.  പഠനത്തിന്റെ ചിലവുകൾ പറയുന്പോൾ ഫീസ് കൂടാതെ വരുന്ന ചെലവുകളുടെ കാര്യവും പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കണം. യാത്ര, താമസം, ഭക്ഷണം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങൾ ഇതൊക്കെ ഭാരിച്ച ചിലവാകാം.

4.  വിദേശ യൂണിവേഴ്സിറ്റികൾ എല്ലാംതന്നെ മികച്ചവയാണെന്നു കരുതരുത്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ് നിലവാരം അറിഞ്ഞിരിക്കണം. ഇതിനായി ഒരു അന്താരാഷ്ട്ര റാങ്കിങ് ഏജൻസിയുടെ പഠനങ്ങൾ പരിശോധിക്കാവുന്നതാണ്. ടൈം ഹയർ എഡ്യൂക്കേഷൻ റാങ്കിങ്, ഷാങ്ഹായ് റാങ്കിങ് എന്നിവ ഉദാഹരണങ്ങളാണ്. പാഠ്യവിഷയങ്ങൾ, പഠനമികവ്, അധ്യാപനം, തുടങ്ങി പല കാര്യങ്ങളിലുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രകടനം വേർതിരിച്ചറിയാനാവും. പോകുന്ന കോളേജ് തീരുമാനിക്കുന്നതിന് മുൻപ് ആ സ്ഥാപനത്തെ ഗൂഗിൾ ചെയ്ത് അവിടുത്തെ പ്രത്യേക പ്രശ്നങ്ങൾ മനസ്സിലാക്കണം. 

5.  ലോകാരോഗ്യ സംഘടന ഇപ്പോൾ മെഡിക്കൽ കോളേജുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല.  World Federation for Medical Education (WFME) and the Foundation for Advancement of International Medical Education and Research (FAIMER) എന്നീ സംഘടനകൾ സംയുക്തമായി World Directory of Medical Schools  പ്രസിദ്ധീകരിക്കുന്നുണ്ട്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം ഈ ലിസ്റ്റിലുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം. (കൂടുതൽ അറിയുവാൻ https://www.wdoms.org/ സന്ദർശിക്കൂ). 

6.  ഏത് രാജ്യത്താണോ പഠിക്കാൻ പോകുന്നത് ആ രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റേതൊക്കെ  രാജ്യങ്ങളിലാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് എന്നന്വേഷിക്കുക. സാന്പത്തികമായി ഉന്നതിയും തൊഴിൽ സാധ്യതയുമുള്ള മറ്റേതെങ്കിലും രാജ്യത്ത് അവിടുത്തെ ബിരുദങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരു നല്ല ഓപ്‌ഷനാണ്. 

 മെഡിക്കൽ പരിശീലനത്തിന്റെ കാര്യത്തിൽ ആളുകൾ എത്രമാത്രം കുറുക്കുവഴികൾ തേടുന്നു എന്നതിനെ പറ്റി  അടുത്ത കാലത്ത് വളരെ അതിശയകരമായ ഒരു കാര്യം വായിച്ചു. അഞ്ചു വർഷം വിദേശത്ത് പഠിച്ചു എന്ന് പറഞ്ഞ ചില കുട്ടികളുടെ പാസ്സ്പോർട്ടിൽ അക്കാലത്ത് രാജ്യത്തിന് പുറത്തായിരുന്നതിന്റെ രേഖകൾ ഇല്ലായിരുന്നു. അതായത് ചില  ‘വിദേശ’ മെഡിക്കൽ കോളേജുകളിലെ പരിശീലനം നടക്കുന്നത് ഇന്ത്യയിലെ ചില കേന്ദ്രങ്ങളിൽ ആണത്രേ.  .  ഇത്തരം വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നെങ്കിലും ഇക്കാര്യം പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും. 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago