ബാബരി മസ്ജിദ്: സുപ്രിം കോടതി വിധി വരുംമുമ്പേ രാമക്ഷേത്ര നിര്‍മാണത്തിന്റെ തിയ്യതി പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്, ഡിസംബര്‍ ആറിന് ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് സാക്ഷി മഹാരാജ്
ലക്നൗ: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള കേസില്‍ സുപ്രിം കോടതി വിധി വരുംമുമ്പേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ തിയ്യതി പ്രഖ്യാപിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. വരുന്ന ഡിസംബര്‍ ആറിനു രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നാണ് ബി.ജെ.പി നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.
1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് പൊളിച്ചത്. കെട്ടിടം തകര്‍ത്ത ദിവസം തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങുകയെന്നത് യുക്തിപരമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്നങ്ങളിലൂടെയാണ് ഈ സ്വപ്നം ഫലവത്തായത്. ക്ഷേത്ര നിര്‍മാണത്തില്‍ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ മുന്നോട്ടുവരികയാണ് വേണ്ടതെന്നും ബാബര്‍ വിദേശീയ അക്രമിയാണെന്നും തങ്ങളുടെ പിതാമഹന് അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്നും മഹാരാജ് ആവശ്യപ്പെട്ടു.
അതേ സമയം രാമക്ഷേത്ര നിര്‍മാണം ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ സ്വപ്നമാണെന്നും രാജ്യം മുഴുവന്‍ അത് ആഘോഷിക്കേണ്ടതാണെന്നുമാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."