ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കുത്തഴിഞ്ഞ പുസ്തകമാക്കി മാറ്റി: മന്ത്രിയെ കയറൂരി വിട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നും ലീഗ്
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ഇടതു സര്‍ക്കാര്‍ കുത്തഴിഞ്ഞ പുസ്തകമാക്കി മാറ്റിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥികളെ അധികം മാര്‍ക്കു നല്‍കി ജയിപ്പിക്കാന്‍ മന്ത്രി ജലീല്‍ തന്നെ നേരിട്ട് ഇടപെടുന്നതിനുള്ള തെളിവുകള്‍ നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എം.ജി സര്‍വകലാശാലയില്‍ നടന്ന കൂട്ട മാര്‍ക്ക് ദാനം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത അദാലത്തിലാണ് കൂട്ട മാര്‍ക്ക് ദാനം നടത്തിയത്.
തോറ്റ ഒരു വിദ്യാര്‍ഥി നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുത്താല്‍ ആരോപണം ഉണ്ടാകുമെന്ന് ഭയന്നാണ് പരീക്ഷ എഴുതിയ എല്ലാ കുട്ടികള്‍ക്കും കൂട്ടമായി മാര്‍ക്ക് ദാനം നല്‍കിയത്. യൂണിവേഴ്‌സിറ്റികളുടെ ഭരണപരമായ കാര്യങ്ങള്‍ക്കൊപ്പം അക്കാദമിക കാര്യങ്ങളിലും മന്ത്രി അനാവശ്യമായി ഇടപെടുകയാണ്. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി ജലീലിന്റെ അധികാര ദുര്‍വിനിയോഗം തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. എം.ജിയിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് മാര്‍ക്ക് ദാനം നടന്നത്.
എം.ജിയില്‍ ബി.ടെകിന് മോഡറേഷന്‍ ലഭിച്ച കുട്ടി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരി കൂടിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് മന്ത്രി ഇടപെടല്‍ നടത്തുന്നത്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്ക് ലഭിച്ച 25 മാര്‍ക്ക് 48 മാര്‍ക്കായി ഉയര്‍ത്താന്‍ മന്ത്രി ഇടപെട്ടതിന്റെ തെളിവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. താന്‍ ഇടപെട്ടില്ലെങ്കില്‍ ഒരു എന്‍ജിനീയറെ നഷ്ടമാകുമായിരുന്നു എന്ന മുടന്തന്‍ ന്യായമാണ് ഇതിന് മന്ത്രി പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം കുറയ്ക്കാനും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാതാകാനും മന്ത്രിയുടെ ഈ അനാവശ്യ ഇടപെടല്‍ കാരണമാകും. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കയറൂരി വിട്ടിരിക്കുന്നത് എന്നതു മാത്രമേ ഇനി വ്യക്തമാകാനുള്ളൂ. കെ.പി.എ മജീദ് ആരോപിച്ചു. ലഭിച്ച വകുപ്പുകളെല്ലാം സ്വന്തം ഇഷ്ടപ്രകാരം ഭരിച്ചു മുടിക്കുകയാണ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."