പ്രതിഷേധങ്ങള്‍ക്കിടയില്‍ കല്ലമ്പലത്ത് ദേശീയപാതാ സ്ഥലമെടുപ്പ് തുടങ്ങി
കല്ലമ്പലം: കടമ്പാട്ടുകോണം കഴക്കൂട്ടം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പില്‍ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് കല്ലമ്പലത്ത് രണ്ടിനും ഏഴിനും നിര്‍ത്തിവച്ച കല്ലിടല്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. നിലവിലെ പാതയുടെ നടുക്കു നിന്നും ഇരുവശത്തേക്കും തുല്യമായി സ്ഥലമെടുക്കുമെന്ന അറിയിപ്പില്‍ നിന്നും വ്യത്യസ്തമായി സ്ഥലമെടുക്കാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസവും വ്യാപാരികളും നാട്ടുകാരും കരിംകൊടിയും ബാനറുകളുമായി രംഗത്തെത്തി.എന്നാല്‍ കഴിഞ്ഞ ഏഴിന് സബ്കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തുകയും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രൂപരേഖയില്‍ മാറ്റംവരുത്താന്‍ സാധിക്കില്ലെന്നും സ്ഥലമെടുപ്പ് നടപടികള്‍ നീട്ടാന്‍ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പൊലീസ് സഹായത്തോടെയാണ് സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങിയത്. ജംക്ഷനില്‍ നിരവധി കടകളും വീടുകളും നഷ്ടപ്പെട്ട് നൂറുകണക്കിന് തൊഴിലാളികളും ഭൂഉടമകളും വ്യാപാരികളും കടക്കെണിയില്‍പ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് വ്യാപാരികള്‍ സ്ഥലമെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍.ഇപ്പോള്‍ കല്ലിടുന്ന ഭാഗങ്ങള്‍ അളന്നു തിരിച്ച് സ്‌കെച്ച് തയ്യാറാക്കി ഭൂമിയുടെ പ്രമാണം കരമൊടുക്കിയ രസീത് എന്നിവ പരിശോധിച്ച് സ്‌കെച്ച് ചിത്രമാക്കി സര്‍വ്വേ സൂപ്രണ്ടിന് സമര്‍പ്പിക്കും.ഓരോ ദിവസത്തേയും ചിത്രങ്ങള്‍ തയ്യാറാക്കി തൊട്ടടുത്ത ദിവസം സമര്‍പ്പിച്ച് അംഗീകാരം നേടും.നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്നും തഹസില്‍ദാര്‍ മനോജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."