കരാറുകാരനെ തട്ടിക്കൊണ്ടുപോയി മാലയും പണവും കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍
തൃപ്പൂണിത്തുറ: വികലാംഗനായ കരാറുകാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും മാലയും പണവും കൈവരുകയും ചെയ്ത കേസിലെ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ചാലക്കുടി വെറ്റിലപ്പാറ പല്ലിശ്ശേരി രാജേഷ് (37), മുപ്പത്തടം സ്വദേശികളായ കാരോത്തുകുന്ന് കൊമ്പത്തില്‍ വിനീഷ് (37), ആലുങ്കല്‍പ്പറമ്പ് കുന്നുമ്മേല്‍ പ്രമോദ് (34), മരട് നെട്ടൂര്‍ ആലുങ്കല്‍പ്പറമ്പ് ഷുക്കൂര്‍ ( 50 ) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഭിന്നശേഷിക്കാരനായ മരട് കൊല്ലംപറമ്പില്‍ രാജേഷ് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപതിന് രാത്രി പ്രതി രാജേഷ് അടക്കമുള്ള സംഘം പരാതിക്കാരനായ രാജേഷിനെ തന്ത്രപൂര്‍വ്വം വൈറ്റിലയില്‍ വിളിച്ചുവരുത്തി കാറില്‍ കയറ്റി പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയശേഷം പൊന്നുരുന്നി,ചളിക്കവട്ടം, വൈറ്റില, മേജര്‍റോഡ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു.
ഒരു രാത്രി മുഴുവന്‍ മേജര്‍റോഡിലുള്ള മഹിമ കണ്‍സ്ട്രക്ഷന്റെ ഓഫീസില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കഴുത്തില്‍ കിടന്നിരുന്ന മൂന്നര പവന്റെ സ്വര്‍ണമാലയും ഫോണും എ.ടി.എം.കാര്‍ഡും പേഴ്‌സില്‍ ഉണ്ടായിരുന്ന പതിനായിരം രൂപയും തട്ടിയെടുത്തു. എ.ടി.എം.കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങി പല എ.ടി.എമുകളില്‍ നിന്നായി 40,000 രൂപയും എടുത്തു.
തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നവഴി വൈറ്റില സിഗ്‌നല്‍ ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് രാജേഷ് രക്ഷപെടുകയായിരുന്നു. പ്രതികളെ ഭയന്ന് ഇതുവരെ ഒളിവില്‍ താമസിക്കുകയായിരുന്നു. നിര്‍മ്മാണ മേഖലയിലെ കിട മത്സരത്തിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോകലും മര്‍ദ്ദനവും പിടിച്ചുപറിയുമെന്നു പോലീസ് പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി എ.എസ് ഐ മാരായ സുരേഷ്,മധുസൂദനന്‍,ജോസി,മറ്റു പോലീസുകാരായ ബിനു,ഹരികുമാര്‍,ഡിനില്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."