സോന്‍ഭദ്ര കൂട്ടക്കൊലക്കേസിലെ സാക്ഷി ഇനി ഡി.സി.സി പ്രസിഡന്റ്; യു.പിയില്‍ സംഘടന ശക്തിപ്പെടുത്താന്‍ രണ്ടുംകല്‍പിച്ച് പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ അടിമുടി മാറ്റംവരുത്തുന്ന നടപടിയുമായി മുന്നോട്ടു പോകുന്ന പ്രിയങ്കാ ഗാന്ധി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെയും ഉടച്ചുവാര്‍ക്കുന്നു. സോന്‍ഭദ്രയില്‍ ഭൂസമരവുമായി ബന്ധപ്പെട്ട് 11 പേര്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ രാംരാജിനെയാണ് സോന്‍ഭദ്ര ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.
ഗോണ്ട് സമുദായത്തില്‍പ്പെട്ട രാംരാജ് ഉമ്പ വില്ലേജില്‍ ഭൂമിക്കായി സമുദായം നടത്തുന്ന പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയാണ്. സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ നിയമപോരാട്ടം നടത്തുന്നതിന് നേതൃത്വം നല്‍കുന്നതും രാംരാജാണ്. സാന്ത് കിനാറാം കോളജിലെ ബിരുദ ധാരിയായ 32കാരനായ രാംരാജിന്റെ കുടുംബം കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെങ്കിലും വ്യക്തിപരമായി പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്നില്ല.
എന്നാല്‍ സോന്‍ഭദ്രയിലുണ്ടായ വെടിവെപ്പിന് ശേഷം പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കോണ്‍ഗ്രസുമായി അടുക്കുന്നത്. ഇപ്പോള്‍ പ്രിയങ്കാ ഗാന്ധിയെ ദീദിയെന്നാണ് രാംരാജ് വിളിക്കുന്നത്. തന്നെ ജില്ലാ ഭാരവാഹിയാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നാണ് നടപടി സംബന്ധിച്ച രാംരാജിന്റെ പ്രതികരണം.
നേരത്തെ യു.പിയിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി അജയ് കുമാര്‍ ലല്ലുവിനെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ 51 ഡി.സി.സികളിലെയും ഭാരവാഹികളെയും മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."