അലക്കു സമരം ഫലം കണ്ടു; പൊട്ടിയ പൈപ്പ് മാറ്റി ചോര്‍ച്ച പരിഹരിച്ചു
കാക്കനാട്: അത്താണി പള്ളത്തുപടിക്ക് സമീപം ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം പാഴായിട്ടും അധികൃതര്‍ അറ്റകുറ്റപണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചു നടുറോഡില്‍ അരങ്ങേറിയ തുണി അലക്കു സമരം വിജയം കണ്ടു. മൂന്നാഴ്ച്ചയോളം അധികൃതര്‍ അവഗണിച്ചിരുന്ന പൊട്ടിയ പൈപ്പ് മാറ്റി ചോര്‍ച്ച പരിഹരിച്ചു.
പല തവണ പരാതിപ്പെട്ടിട്ടും നടപടി കൈകൊള്ളാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവിടെ കഴിഞ്ഞ ദിവസം അലക്കു സമരം അരങ്ങേറിയത്. ഈ സമരം പത്ര വാര്‍ത്തയായതിനെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി അധികൃതര്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിട്ടിക്ക് അനുമതി നല്‍കുകയായിരുന്നു. മനക്കക്കടവ്, വികാസവാണി, കുഴിക്കാല, വായനശാല, ഇടച്ചിറ മേഖലകളിലേക്ക് കുടിവെള്ള മെത്തിക്കുന്നതാണ് പൈപ്പ് ലൈന്‍.
കാക്കനാട്ടെ വിവിധ പ്രദേശത്തുള്ളവര്‍ കുടിവെള്ളം കിട്ടാതെ ജല അതോറിട്ടി ഓഫീസില്‍ സമരവുമായി എത്തുന്നത് പതിവ് സംഭവമായിട്ടും പൈപ്പ് ലൈനിലെ ചോര്‍ച്ച മാറ്റാന്‍ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ല.
റോഡ് വെട്ടിപ്പൊളിക്കാന്‍ പൊതുമരാമത്ത് അനുമതി നല്‍കാത്തതിനാലാണ് അറ്റകുറ്റപണി നടത്താന്‍ സാധിക്കാത്തതെന്നും ജല അതോറിട്ടി അധികൃതരും അതെ സമയം റോഡ് പൊളിക്കുന്നതിന് ജല അതോറിട്ടിക്ക് അനുമതി നല്‍കരുതെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസില്‍ നിന്നും നിര്‍ദേശമുണ്ടെന്നും പറഞ്ഞ് പി.ഡബ്ല്യു.ഡി ഓഫിസ് അധികൃതരും വാശിപിടിക്കുമ്പോള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കേണ്ട ലക്ഷക്കണക്കിനു ലിറ്റര്‍ കുടിവെള്ളം പാഴാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."