നഴ്‌സുമാരുടെ ആവശ്യം ന്യായമെന്ന് ആന്റോ ആന്റണി
കോട്ടയം: തുല്യജോലിക്ക് തുല്യവേതനം എന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് ആന്റോ ആന്റണി എം.പി . യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഴ്‌സുമാരുടെ പ്രശ്‌നമുണ്ടായപ്പോള്‍ സ്വകാര്യമേഖലയില്‍ മിനിമം വേതനം ഉറപ്പാക്കുകയും ശമ്പളം അക്കൗണ്ട് വഴിയാക്കി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, പല സ്വകാര്യാശുപത്രികളും ഈ ഉത്തരവില്‍ വെള്ളംചേര്‍ത്തിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആശുപത്രികളിലെ മറ്റേത് മേഖലയിലും തൊഴിലെടുക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ മാനേജ്‌മെന്റുകള്‍
വൈമുഖ്യം കാണിക്കുന്നില്ല. നഴ്‌സുമാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ മാത്രമാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ഒഴികെയുള്ള ഡോക്ടര്‍മാര്‍ ചെയ്യുന്ന എല്ലാ തൊഴിലും പഠിച്ചിറങ്ങിയവരാണ് നഴ്‌സുമാര്‍. അന്യസംസ്ഥാനങ്ങളിലെ നഴ്‌സിങ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തുകയാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാനേജ്‌മെന്റുകള്‍ തടഞ്ഞുവയ്ക്കുകയാണ്. അപ്രഖ്യാപിത ബോണ്ട് സമ്പ്രദായമാണ് പല സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നത്. വിദേശത്ത് നഴ്‌സിങ് ജോലിക്ക് റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍നഷ്ടമുണ്ടാക്കിയിരിക്കുകയാണ്. ഈ നിയമത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്രം തയ്യാറാവണം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ നിഷേധാത്മകസമീപനമാണ് സ്വീകരിക്കുന്നതെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."