പ്രതികള്‍ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍; അന്വേഷണം കോയമ്പത്തൂരിലേക്ക്
ജാമ്യാപേക്ഷ 19ന് പരിഗണിക്കും
സ്വന്തം ലേഖകന്‍
താമരശേരി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ജോളി ഉള്‍പ്പെടെ മൂന്നുപ്രതികളെയും താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസം കൂടി പോലിസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.ഹരിദാസന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കൊല്ലപ്പെട്ട റോയിയുടെ ഭാര്യ പൊന്നാമറ്റം വീട്ടില്‍ ജോളി എന്ന ജോളിയമ്മ ജോസഫ് (47), ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ സജി എന്ന എം.എസ്. മാത്യു(44), സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ (48) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്.
ജോളി അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ 19ന് പരിഗണിക്കും. മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി വെള്ളിയാഴ്ച വരെയാണ് അനുവദിച്ചത്. പ്രജികുമാര്‍ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണെന്ന് പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ തെളിവെടുപ്പിനായി മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റഡി നീട്ടരുതെന്ന് പ്രതികളുടെ അഭിഭാഷകര്‍ ശക്തമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയായിരുന്നു. 18ന് വൈകീട്ട് നാലിന് പ്രതികളെ മൂന്നു പേരേയും കോടതിയില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കൊലപാതക പരമ്പരക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി ഭാഗങ്ങള്‍ വീട്ടിലല്ലാതെ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്നതും കുറ്റകൃത്യങ്ങളില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. അറസ്റ്റിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ ജോളി കട്ടപ്പനയില്‍ സഹോദരനൊപ്പം മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകനെ സമീപിക്കാന്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൊലപാതകങ്ങളില്‍ ജോളിയുടെ ബന്ധുക്കള്‍ക്ക് വല്ല അറിവും ഉണ്ടോ എന്നു കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
പ്രതി പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാന്‍ പത്ത് മിനുറ്റ് അനുവദിക്കണമെന്ന അപേക്ഷ കോടതി സ്വീകരിച്ചു. രാവും പകലും ചോദ്യം ചെയ്യല്‍ നടന്നെന്ന് ജോളിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പടുത്തിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനമുണ്ടായോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു മറുപടി. രണ്ടു ദിവസം കൂടി കസ്റ്റഡിയില്‍ പോവുന്നതിനെയും പ്രതികള്‍ എതിര്‍ത്തില്ല. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 10നാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."