പത്തനംതിട്ടയില്‍ വിമാനത്താവളം: താന്‍ അനുകൂലമെന്ന് ആന്റോ ആന്റണി
കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏത് പ്രദേശത്തും വിമാനത്താവളം നിര്‍മിക്കുന്നതിനെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് ആന്റോ ആന്റണി എംപി.
പാരിസ്ഥിതിക അനുമതി ഉള്‍പ്പടെയുള്ളവ ലഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം സര്‍ക്കാരിന് തീരുമാനിക്കാം. ഏത് സ്ഥലത്ത് വേണമെന്ന് പറയുന്നില്ല. നേരത്തെ ആറന്‍മുളയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി അനാവശ്യവിവാദങ്ങളുണ്ടാക്കി ഇല്ലാതാക്കിയതാണെന്നും എംപി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വിദേശത്തേക്ക് വിമാനമാര്‍ഗം സഞ്ചരിക്കുന്നതില്‍ 30 ശതമാനം പേരും പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവരാണ്. ഇവര്‍ തിരുവനന്തപുരം, എറണാകുളം വിമാനത്താവളങ്ങള്‍വഴിയാണ് ഇപ്പോള്‍ പോവുന്നത്.രാത്രികാലങ്ങളിലും മറ്റും വിമാനത്താവളങ്ങളിലേക്കുള്ള യാത്ര പലപ്പോഴുംഅപകടങ്ങള്‍ക്കുമിടയാക്കിയിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് മധ്യതിരുവിതാംകൂറില്‍ വിമാനത്താവളം വരുന്നതിനാവശ്യമായ നടപടികള്‍
സര്‍ക്കാര്‍ സ്വീകരിക്കണം. ആറന്‍മുളയില്‍ പാരിസ്ഥിതിക പഠനം നടത്തിയ ഏജന്‍സിക്ക് യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളുടെയെല്ലാം പാരിസ്ഥിതിക പഠനം നടത്തിയത് ഇതേ ഏജന്‍സിയാണ്. കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമം വരുന്നതിന് മുമ്പാണ് ഈ ഏജന്‍സി പഠനം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ വിമാനത്താവളം നിര്‍മിക്കുന്ന ഘട്ടത്തില്‍ മരങ്ങളും മണ്ണെടുപ്പും നടന്നെങ്കിലും യാതൊരു എതിര്‍പ്പുമുണ്ടായില്ല. മധ്യതിരുവിതാംകൂറില്‍ പുതിയപദ്ധതികള്‍ വരുമ്പോഴാണ് എതിര്‍പ്പുയരുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."