ഷാജുവിനെയും ജ്യോത്സ്യനെയും ചോദ്യം ചെയ്തു
റോജോയുടെയും രഞ്ജിയുടെയും മൊഴി ഇന്നലെയും രേഖപ്പെടുത്തി
വടകര: കൂടത്തായി കൂട്ട മരണങ്ങളില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ മുക്കാല്‍ മണിക്കൂര്‍ നേരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷാജുവിനെ ചോദ്യം ചെയ്തത്. ജോളിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വിശകലനം ചെയ്യാനാണ് ഷാജുവിനെ വിളിച്ചുവരുത്തിയത്. അതേസമയം കൊല്ലപ്പെട്ട റോയിക്ക് ഏലസും ഭസ്മവും നല്കിയ കട്ടപ്പനയിലെ ജ്യോത്സ്യന് കൃഷ്ണകുമാറിനെയും ഇന്നലെ അന്വേഷണസംഘം ചോദ്യംചെയ്തു. ജോളിയും റോയിയുമായി ജ്യോത്സ്യന് ബന്ധമുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യല്‍.
എന്നാല്‍ നിരവധിപേര്‍ തന്റെ അടുത്ത് വരുന്നതാണെന്നും ജോളിയെയും റോയിയെയും വ്യക്തിപരമായി അറിയില്ലെന്നുമാണ് കൃഷ്ണകുമാര്‍ നല്കിയ മൊഴി. മൊഴി രേഖപ്പെടുത്തിയശേഷം ഇയാളെ വിട്ടയച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതികളായ ജോളിയെയും മാത്യുവിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി പയ്യോളിയില്‍ എത്തിച്ചു. മാത്യുവിന്റെ വൈദ്യപരിശോധന പയ്യോളിയിലാണ് നടത്തിയത്. ജോളിയുടേത് വടകരയില്‍ നടത്തിയശേഷമാണ് കൊണ്ടുപോയത്.
ചൊവ്വാഴ്ച മൊഴിനല്‍കിയ റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോയുടെയും സഹോദരി രഞ്ജിയുടെയും മൊഴി ഇന്നലെയും രേഖപ്പെടുത്തി. ജോളിയുടെ മക്കളും ഇവരുടെ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."