കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ കുറവ്; യാത്രക്കാര്‍ ദുരിതത്തില്‍
ഹരിപ്പാട്: ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ജില്ലയുടെ തെക്കു കിഴക്കന്‍ മേഖലകളിലേക്ക് സര്‍വ്വീസ് കുറവായത് യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ 7.25 ന് ആലപ്പുഴയില്‍ നിന്നും പന്തളത്തിനുള്ള മാവേലിക്കര ഡിപ്പോയിലെ ഏക ലിമിറ്റഡ് സ്റ്റോപ്പ് ബസും 7.10ന് അമ്പലപ്പുഴ ക്ഷേത്രനടയില്‍ നിന്നും മലയാലപ്പുഴ ക്ഷേത്രനടയിലേക്ക് പുറപ്പെടുന്ന മറ്റൊരു ഓര്‍ഡിനറി ബസുമാണ് ഇപ്പോള്‍ കൃത്യമായി സര്‍വ്വീസ് നടത്തുന്നത്. 7.45ന് അമ്പലപ്പുഴ ബസ് സ്റ്റേഷനില്‍ നിന്നും പത്തനംതിട്ടയിലേക്ക് ഹരിപ്പാട് ഡിപ്പോയിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് കെ.എസ്.ആര്‍ടിസി അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ബസ് രാവിലത്തെ യാത്രക്കാര്‍ക്ക് പ്രയോജനപ്രദമല്ല. പന്തളം മലയാലപ്പുഴ ബസുകള്‍ തിങ്ങിനിറഞ്ഞ യാത്രക്കാരുമായാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നന്. നിലവില്‍ 7.45ന് അമ്പലപ്പുഴയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നു എന്ന് കോര്‍പ്പറേഷന്‍ അവകാശപ്പെടുന്ന ബസ് ആലപ്പുഴയില്‍ നിന്നും 6 മണിക്ക് പുറപ്പെട്ടാല്‍ രാവിലെയുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും.
തീരദേശ മേഖലയില്‍ നിന്നും മലയോര ജില്ലകളിലേക്കും ജില്ലയുടെ തെക്കുകിഴക്കന്‍ മേഖലകളിലേക്കും ഉദ്യോഗം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് യാത്രക്കാരാണ് ആലപ്പുഴ മുതല്‍ ഹരിപ്പാട് വരെയുള്ള തീരദേശ ബസ് സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നത്. ഹരിപ്പാട് നിന്നും അരമണിക്കൂറിന്റെ ഇടവേളയില്‍ പത്തനംതിട്ടയിലേക്ക് ചെയിന്‍ സര്‍വ്വീസ് ഉണ്ടെന്നാണ് ഇതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്ന ന്യായം. ആലപ്പുഴയില്‍ നിന്നും സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വാഹനം മാറിക്കയറി യാത്ര ചെയ്യുന്നത് ദുഷ്‌കരമാണ്. മാത്രവുമല്ല ചെയിന്‍ സര്‍വ്വീസുകള്‍ സമയക്ലിപ്തത പാലിക്കാറുമില്ല. ഇത് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കും. വൈകുന്നേരങ്ങളിലെ യാത്രയാണ് ഏറെ ദുരിതം.
വിവിധ മേഖലകളില്‍ നിന്നും നാലിനും ആറിനുമിടയില്‍ പത്തനംതിട്ട, പന്തളം ഡിപ്പോകളിലെത്തുന്ന യാത്രക്കാര്‍ ബസ് കിട്ടാതെ സ്വകാര്യബസുകളുടെ പിന്നാലെ നെട്ടോട്ടമോടുകയാണ്. വൈകിട്ട് പത്തനംതിട്ട പന്തളം ഡിപ്പോകളില്‍നിന്നും നാലിനും ആറിനും മദ്ധ്യേ ആലപ്പുഴ അമ്പലപ്പുഴ ബസ് സ്റ്റേഷനുകളിലേക്ക് ഒന്നില്‍ ക്കൂടുതല്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ അനുവദിച്ചാല്‍ വൈകുന്നേരത്തെ യാത്രാക്ലേശത്തിന് പരിഹാരമകും. നിലവില്‍ ഹരിപ്പാടിനു വരുന്ന ചെയിന്‍ സര്‍വ്വീസുകള്‍ ആലപ്പുഴ ഭാഗത്തേക്ക് രാവിലെയും വൈകുന്നേരവും നീട്ടിയാല്‍ ദേശസാത്കൃത റൂട്ടായതിനാല്‍ കോര്‍പ്പറേഷന് വരുമാന വര്‍ദ്ധനവു മുണ്ടാകും. ഹരിപ്പാടിന് ചെയിന്‍ സര്‍വ്വീസ് അവസാനിക്കുമ്പോള്‍ മുന്‍പിലും പിന്നിലും സ്വകാര്യവാഹനങ്ങള്‍ മത്സര ബുദ്ധിയോടെ യാത്രക്കാരെ സ്വാധീനിച്ച് കയറ്റുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പലപ്പോഴും കുറവ് യാത്രക്കാരുമായിട്ടാണ് സര്‍വ്വീസ് നടത്തുന്നത്.
എന്നാല്‍ ഈ സര്‍വ്വീസുകള്‍ പ്രധാനമായും രാവിലെയും വൈകിട്ടും ദേശീയപാതയില്‍ തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ എന്നീ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നീട്ടിയാല്‍ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുവാന്‍ കഴിയും. ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് ഏറ്റവും കൂടുതല്‍ യാത്രാക്ലേശം അനുഭവപ്പെടുന്ന ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, പത്തനംതിട്ട മേഖലകളിലേക്ക് ഇപ്പോഴേ ഷെഡ്യൂള്‍ ക്രമീകരിച്ച് സര്‍വ്വീസ് സുഗമമാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ യാത്രക്കാരും ബസ് ജീവനക്കാരുമായി നിരന്തര സംഘര്‍ഷത്തിനു കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."